അമ്മൂമ്മയായി കാർത്തിക ബാലചന്ദ്രമേനോന് മുന്നിൽ

ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു കാർത്തിക. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി ബാലചന്ദ്രമേനോൻ മലയാളികൾക്ക് കാർത്തികയെ പരിചയപ്പെടുത്തിയത്. തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികയായി ആറു വർഷത്തോളം കാർത്തിക തുടർന്നു….



വർഷങ്ങൾക്ക് ശേഷം കാർത്തികയെ കണ്ടുമുട്ടിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ബാലചന്ദ്രമേനോൻ.
തിരുവനന്തപുരത്തെത്തിയ ബാലചന്ദ്രമേനോൻ വളരെ അപ്രതീക്ഷിതമായാണ് കാർത്തികയേയും കുടുംബത്തെയും കണ്ടുമുട്ടുന്നത്. കാർത്തികയുടെ മകൻ ഡോ. വിഷ്ണുവിന്റെയും ഭാര്യ പൂജയുടെയും മകൾ ശിവാലികയുടെ ചോറൂണിന് ശേഷമുളള പാർട്ടിക്ക് എത്തിയതായിരുന്നു കുടുംബം.


എന്റെ നായിക കാർത്തിക അമ്മൂമ്മയായതിനുശേഷം താൻ ആദ്യമായി കാണുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു.
ക്യാപ്റ്റൻ പി കെ ആർ നായരുടെ മകളായി ജനിച്ച സുനന്ദ നായരാണ് കാർത്തിക എന്ന പേരിൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിന്നത്. ക്ലാസിക്കൽ ഡാൻസിലും കഥകളിയിലും പരിശീലനം നേടിയ സുനന്ദ കേരള യൂണിവേഴ്‌സിറ്റി ടെന്നീസ് പ്ലേയറുമായിരുന്നു.
1979 ൽ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് കാർത്തിക സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. വീണ്ടും 1984-ൽ ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളി കഥ എന്ന സിനിമയിലൂടെ തിരിച്ചെത്തി അതിൽ ഒരു ചെറിയവേഷമായിരുന്നു കാർത്തികയ്ക്ക്. തുടർന്നാണ് ബാലചന്ദ്രമേനോന്റെതന്നെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിൽ നായികയായി.


പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി കാർത്തിക മാറി. മോഹൻലാലിനൊപ്പമായിരുന്നു കാർത്തിക കൂടുതൽ അഭിനയിച്ചത്. സിനിമാപ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു മോഹൻലാൽ – കാർത്തിക ജോഡികൾ. ആറുവർഷത്തെ അഭിനയ ജീവിതത്തിനിടയിൽ കാർത്തിക ഇരുപതോളം സിനിമകളിലാണ് അഭിനയിച്ചത്. കമലഹാസനൊപ്പം നായകൻ എന്ന തമിഴ് സിനിമയിലും കാർത്തിക അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കാർത്തിക അഭിനയ രംഗം വിടുകയായിരുന്നു.



കാർത്തിക നായികയായി അഭിനയിച്ച ചിത്രങ്ങൾ
മണിച്ചെപ്പു തുറന്നപ്പോൾ
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
സന്മനസ്സുള്ളവർക്ക് സമാധാനം
കരിയിലക്കാറ്റുപോലെ
അടിവേരുകൾ
താളവട്ടം
അടുക്കാൻ എന്തെളുപ്പം
ദേശാടനക്കിളി കരയാറില്ല
എന്റെ എന്റേതു മാത്രം
നീലക്കുറിഞ്ഞി പൂത്തപ്പോൾ
ഉണ്ണികളേ ഒരു കഥ പറയാം
നീയെത്ര ധന്യ
ഇവിടെ എല്ലാവർക്കും സുഖം
ജനുവരി ഒരു ഓർമ്മ നിമ്മി
ഇടനാഴിയിൽ ഒരു കാലൊച്ച
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
ബ്രഹ്മരക്ഷസ്സ്
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ