KERALA TOP NEWS

വിദ്യാഭ്യാസ മേഖലയെ 50 വർഷം പിന്നിലാക്കിയതിൽ കേരള ജനതയോട് മാപ്പ് പറയണം: മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ കെ. സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വർഷം പിന്നിലാക്കിയതിന് കേരള ജനതയോട് മാപ്പുപറയാൻ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് കെപിസിസി അദ്ധ്യക്ഷന്റെ ഈ ആവശ്യം.
കഴിഞ്ഞ 65 വർഷങ്ങൾക്ക് ഇടയിൽ നിങ്ങൾ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാൽ അത് കൊടുമുടിയെക്കാൾ ഉയർന്ന് നിൽക്കുന്നത് കാണാം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തൽ പാർട്ടിയായി നിങ്ങളുടെ പാർട്ടി അധഃപതിച്ചു. നിങ്ങൾ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണമാണ് വിദ്യാഭ്യാസ മേഖല 50 വർഷം പിന്നോട്ടടിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കെ. സുധാകരന്റെ കത്തിൻറെ പൂർണരൂപം:

മുഖ്യമന്ത്രിക്ക്,

ഇക്കഴിഞ്ഞ ഇടതു മുന്നണി യോഗത്തിൽ സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകാം എന്ന തീരുമാനം എടുത്തിരിക്കുകയാണല്ലോ. ഇത് മുൻ കാലങ്ങളിലെ പോലെ സർക്കാരിന്റെ വെറുമൊരു ചുവട് മാറ്റമായി കാണാനാകില്ല. കമ്യൂണിസ്റ്റ് സഹയാത്രികരും ഇടതുസാംസ്‌കാരിക നായകരും പിണറായി സർക്കാരിന്റെ ഈ നയം മാറ്റത്തിലേക്ക് ഒരു എത്തി നോട്ടം നടത്തുന്നത് നന്നായിരിക്കും. രാജ്യത്തിന്റെ സാഹചര്യങ്ങൾക്കും പരിസ്ഥിതിക്കും അനുസൃതമല്ലാത്ത വിദേശ മാതൃകകളെ കൂട്ടുപിടിച്ച് കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസൃതമായ നയം മാറ്റത്തിലേക്കുള്ള ചുവട് വയ്പ്പായി ഇതിനെ കണക്കാക്കാമോ എന്നതാണ് ചോദ്യം.

ഓരോ വർഷവും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളെ ആശ്രയിക്കുന്ന നമ്മുടെ വിദ്യാർഥികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. വിദേശമന്ത്രാലയത്തിൻറെ കണക്ക് പ്രകാരം പതിമൂന്ന് ലക്ഷം വിദ്യാർഥികളാണ് ഇന്ത്യയിൽ നിന്നും പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. അതിൽ നല്ലൊരു ശതമാനം കേരളത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. വലിയ തുകയാണ് ഇവരുടെ പഠനത്തിനായി ഓരോ രക്ഷകർത്താവും കണ്ടെത്തേണ്ടിവരിക. ഇത് വലിയ സാമ്പത്തിക ഭാരമാണ് ഇവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർഥികളെ വലിയ സാമ്പത്തിക കടക്കാരാക്കി ഇവിടെ നിന്നും പുറംതള്ളിയത് സി.പി.എം കാലാകലങ്ങളായി പിന്തുടർന്ന് വന്ന പിന്തിരിപ്പൻ നയങ്ങളുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും ആ നയം തിരുത്താൻ അവർക്ക് ഉണ്ടായ വൈകിവന്ന വീണ്ടുവിചാരം സ്വാഗതാർഹമാണ്.

1985ൽ കരുണാകരൻ സർക്കാരിന്റെ കാലം മുതൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് തുടക്കം ഇട്ടിരുന്നു. ഇതിനായി ആ സർക്കാർ നിയോഗിച്ച മാൽക്കം എസ്. ആദിശേഷയ്യ കമീഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നത്തെ സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും എസ്.എഫ്. എയുടേയും പ്രധാന ആവശ്യം. ഈ കമീഷനാണ് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കോളജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായി പ്രീഡിഗ്രി കോളജുകളിൽ നിന്നും ഡി ലിങ്ക് ചെയ്യണമെന്നും ആദ്യമായി ആവശ്യപ്പെട്ടത്. സ്വയംഭരണ കോളജുകൾ എന്നത് പൊതു വിദ്യാഭ്യാസത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണെന്നും നമുക്കത് സങ്കൽപ്പിക്കാൻ പോലും ആവില്ലെന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് ബുദ്ധി ജീവികളുടെ പരിഹാസം.

പ്രീഡിഗ്രി ബോർഡിനെതിരെ 1986 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിദ്യാർഥി, അധ്യാപക സമരം നടന്നത്. ആശ്ചര്യമെന്ന് പറയട്ടെ, തുടർന്ന് അധികാരത്തിൽ വന്ന നായനാർ സർക്കാർ കോളജിൽ പ്രീഡിഗ്രി നിലനിർത്തിക്കൊണ്ട് പ്ലസ് ടു സ്‌കൂളുകൾ ആരംഭിക്കുന്നതിന് 1991ൽ തന്നെ തുടക്കം കുറിച്ചു. കൂടാതെ 1996 മുതൽ 2001 വരെ അധികാരത്തിൽ ഇരുന്ന നായനാർ സർക്കാർ പ്രീഡിഗ്രി പൂർണ്ണമായും സർവകലാശാലകളിൽ നിന്നും ഡി ലിങ്ക് ചെയ്യുകയും പ്ലസ് ടു സ്‌കൂളുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. സർക്കാരിന്റെ ഈ നടപടികൾക്ക് പിന്നിൽ വൻ കോഴയിടപാട് നടന്നതായി പിന്നീട് ആരോപണമായി ഉയർന്ന് വന്നിട്ടുണ്ടെന്നത് ചരിത്രം.

പ്രഫഷണൽ വിദ്യാഭ്യാസത്തിന് കേരളത്തിന് വേണ്ടത്ര സൗകര്യം ഇല്ലെന്ന കാര്യം പരിഗണിച്ച് 94-96 കാലഘട്ടത്തിൽ എ.കെ ആന്റണി നേതൃത്വം നൽകിയ യു.ഡി.എഫ് സർക്കാർ സ്വാശ്രയ മേഖലയിൽ എൻഞ്ചിനിയറിങ്-മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ തീരുമാനിച്ചു. സി.പി.എം ഈ നീക്കത്തിനെതിരെ സൃഷ്ടിച്ച പ്രതിരോധവും തുടർന്നുണ്ടായ കൂത്തുപറമ്പ് വെടിവെപ്പും സമീപകാല സംഭവങ്ങളായി മലയാളികളുടെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. അഞ്ച് വിലപ്പെട്ട മനുഷ്യ ജീവൻ അപഹരിച്ച ഈ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ. 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ സ്വയംഭരണ കോളജ് തുടങ്ങാനുള്ള നടപടി ആരംഭിക്കുകയും അതനുസരിച്ച് സർക്കാർ കോളജായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരിശോധനക്കെത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്.ഐ ക്രിമിനലുകളും കമ്യൂണിസ്റ്റ് അധ്യാപക സംഘടനയിലെ ചട്ടമ്പികളും ചേർന്ന് വിരട്ടി ഓടിച്ചത് മലയാളികളാരും മറന്നിട്ടില്ല.

അന്ന് താങ്കളും താങ്കളുടെ പാർട്ടിയിലെ ബുദ്ധി ജീവികളും ഉയർത്തിയ പ്രധാനവാദം സ്വയംഭരണം നൽകിയാൽ വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ നഷ്ടപ്പെടുമെന്നും വിദ്യാർഥികളിൽ നിന്നും അമിതമായ ഫീസ് ഈടാക്കേണ്ടി വരുമെന്നും ആയിരുന്നു. വിദേശ സർവകലാശാലകൾ കേരളത്തിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോവളത്ത് നടത്തിയ ഗ്ലോബൽ മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ച് നിലത്തിട്ട എസ്.എഫ്.ഐക്കാരുടെ തോന്ന്യാസം മലയാളികൾക്ക് മറക്കാൻ ആവുന്നതല്ല.

2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ മറവിരോഗം ബാധിച്ചത് പോലെ സ്വയംഭരണ കോളേജുകൾ ഇൻഞ്ചിയറിങ് മേഖലയിൽ ഉൾപ്പെടെ കൂടുതലായി അനുവദിച്ചതും മലയാളികൾ മറന്നിട്ടില്ല. 94 ൽ ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ ഓപ്പൺ സർവകലാശാലകളെ കുറിച്ച് സ്പെഷ്യൽ ഓഫീസറെ വച്ച് നടത്തിയ പഠനത്തെയും എതിർത്ത് തോൽപ്പിച്ച് അട്ടിമറിച്ചത് ഇതേ ആളുകളായിരുന്നു. സമൂഹത്തിൽ രണ്ടുതരം ബിരുദം നൽകുന്നത് വിദ്യാർഥി സമൂഹത്തിന് ഗുണകരമല്ലെന്നും നിലവിലുള്ള സർവകലാശാലകളെ ഇത് സാമ്ബത്തികമായി തകർത്തുകളയുമെന്നാണ് ഈ എതിർപ്പിന് ഉപോൽബലകമായി ഇടതുപക്ഷം ഉയർത്തിയ വാദം. അത് അങ്ങ് മറന്ന് കാണാൻ ഇടിയില്ലല്ലോ.

വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയുമ്പോൾ ഡോ. ജെ.വി. വിളനിലത്തെ ഓർക്കാതിരിക്കുന്നത് ശരിയല്ല. അദ്ദേഹം കേരള വിസി ആയിരിക്കുമ്‌ബോൾ 1995ൽ കേരള യൂണിവേഴ്സിറ്റിയിൽ നടപ്പാക്കിയ കെഡ്രിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതും നിങ്ങളുടെ കുട്ടി സഖാക്കളായിരുന്നു. അന്ന് പൊതു സമൂഹത്തിന് മുമ്ബ് നിങ്ങളുയർത്തിയ വാദം ഇത് അമേരിക്കൻ വിദ്യാഭ്യാസ മാതൃകയാണെന്നതാണ്. എന്നാൽ അതിന് ശക്തിയുക്തം പ്രതിരോധിച്ച് നിന്ന് അദ്ദേഹം അത് നടപ്പിലാക്കുകയാണ് ചെയ്തത്. ഇതേ സമ്ബ്രദായം പിൽക്കാലത്ത് കേരളത്തിലെ മഴുവൻ കോളജുകളിലും നടപ്പാക്കുന്നതിൽ താങ്കൾക്കോ താങ്കളുടെ പാർട്ടിക്കോ,സാംസ്‌കാരിക നായകർക്കോ, ബുദ്ധി ജീവികൾക്കോ യാതൊരു സങ്കോചവും ഉള്ളതായി കണ്ടില്ല.

സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും നടത്തി സർവകലാശാലകളെ ഈജ്ജിയൻ തൊഴുത്താക്കിയ സി.പി.എം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സകല പ്രശ്നങ്ങൾക്കും കാരണം ഗവർണറാണെന്ന തിരിച്ചറിവിൽ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന നിങ്ങൾ ഇനിയൊരിക്കൽ നിങ്ങളുടെ മുൻകാല ചരിത്രം അറിയാവുന്നവർ ഗവർണർ തന്നെ ചാൻസിലറായി വേണമെന്ന് ആവശ്യപ്പെടുമെന്ന് വിശ്വസിച്ചാൽ അവരെ കുറ്റം പറയാൻ താങ്കൾക്ക് ആകുമോ.

കഴിഞ്ഞ 65 വർഷങ്ങൾക്ക് ഇടയിൽ നിങ്ങൾ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാൽ അത് കൊടുമുടിയെക്കാൾ ഉയർന്ന് നിൽക്കുന്നത് കാണാം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തൽ പാർട്ടിയായി നിങ്ങളുടെ പാർട്ടി അധഃപതിച്ചു. നിങ്ങൾ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണം കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വർഷം പിന്നോട്ട് പോയതിന് കേരള ജനതയോട് കുറഞ്ഞ പക്ഷം മാപ്പുപറയാനെങ്കിലും താങ്കൾ തയ്യാറാകണം.

എന്ന്,

കെ. സുധാകരൻ എം.പി

Related Posts

Leave a Reply

Your email address will not be published. Required fields are marked *