സുപ്രഭാതത്തിനും പണി തീരാത്ത വീടിനും ഇന്ന് സുവർണജൂബിലി

പണിതീരാത്ത പ്രപഞ്ചമന്ദിരം
സതീഷ് കുമാർ വിശാഖപട്ടണം
സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. 1973ൽ പുറത്തിറങ്ങിയ ‘പണിതീരാത്തവീട് ‘എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ സുഖവാസകേന്ദ്രമായ നൈനിത്താളിന്റെ പശ്ചാത്തലത്തിൽ 1964ൽ പാറപ്പുറത്ത് എഴുതിയ നോവലാണ് ‘പണിതീരാത്തവീട്. ‘


ചിത്രകലാ കേന്ദ്രത്തിനു വേണ്ടി കെ എസ് ആർ മൂർത്തിയാണ് ഈ ചിത്രം നിർമ്മിച്ചത്. സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായ കെ എസ് സേതുമാധവനും.

നീലഗിരിയുടെ വശ്യസൗന്ദര്യം പീലി വിടർത്തിയാടിയ ജയചന്ദ്രന്റെ ‘സുപ്രഭാതം സുപ്രഭാതം ‘ എന്ന അതിമനോഹരമായ ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്…


വയലാർ എഴുതി എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ആറു ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഈ വർണ്ണചിത്രം. സാധാരണ കെ എസ് സേതുമാധവന്റെ സിനിമകളിലെല്ലാം ദേവരാജൻ മാസ്റ്റർ ആയിരുന്നു സ്ഥിരം സംഗീതസംവിധായകൻ.
ആയിടയ്ക്ക് ദേവരാജൻ മാസ്റ്ററുമായി ഉണ്ടായ ചില സൗന്ദര്യപ്പിണക്കങ്ങളുടെ പേരിൽ ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി എം.എസ്. വിശ്വനാഥനെ നിയോഗിക്കുകയായിരുന്നു. സുപ്രഭാതം എന്ന ഗാനം യേശുദാസിനെക്കൊണ്ട് പാടിക്കാനായിരുന്നു കെ എസ് സേതുമാധവൻ തീരുമാനിച്ചിരുന്നത്. എന്നാൽ യേശുദാസിനോട് എം.എസ്സിനുണ്ടായ ചെറിയ നീരസം മൂലം ചിത്രത്തിലെ രണ്ടു ഗാനങ്ങളും ജയചന്ദ്രൻ പാടി എന്നുമാത്രമല്ല അക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ജയചന്ദ്രന് ലഭിക്കുകയും ചെയ്തു .


‘പണിതീരാത്ത വീട് ‘ഒട്ടനവധി സംസ്ഥാന പുരസ്‌ക്കാരങ്ങളും അക്കൊല്ലത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും നേടുകയുണ്ടായി.
‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ …..’ എന്ന ഗാനവും യേശുദാസിനു വേണ്ടി നീക്കിവെച്ചതായിരുന്നു.
എന്നാൽ സംവിധായകൻ കെ എസ് സേതുമാധവന്റെ നിർബന്ധപ്രകാരം ഈ ഗാനം എം എസ് വിശ്വനാഥൻ തന്നെ പാടി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.
‘കാറ്റുമൊഴുക്കും കിഴക്കോട്ട് കാവേരിവെള്ളം പടിഞ്ഞാട്ട് ….
( ജയചന്ദ്രൻ , ലതാ രാജു)
‘അണിയം മണിയം പൊയ്കയിൽ പണ്ടോരരയന്നമുണ്ടായിരുന്നു ….. ( പി സുശീല )
‘വാ മമ്മി വാ മമ്മി വാ
വന്നൊരുമ്മ താ മമ്മി താ
മമ്മി താ ….. (ലതാ രാജു )
‘മാറിൽ സ്യമന്തകരത്‌നം ചാർത്തി മറക്കുട ചൂടിയ രാത്രി ….. (എൽ ആർ ഈശ്വരി ) എന്നിവയെല്ലാമായിരുന്നു പണി തീരാത്ത വീട്ടിലെ മറ്റു ഹിറ്റ് ഗാനങ്ങൾ ….
പ്രേംനസീർ എന്ന മലയാളത്തിലെ ഇതിഹാസനായകന്റെ
അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് പണിതീരാത്ത വീട്ടിലെ നായക കഥാപാത്രം ….
പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നസീർ പാടുന്ന
‘നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ…..’
എന്ന ഗാനത്തിന്റെ മനോഹാരിത ചിത്രം കണ്ടവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകില്ല.



1966ൽ പുറത്തിറങ്ങിയ ‘കളിത്തോഴൻ ‘ എന്ന ചിത്രത്തിലെ ‘മഞ്ഞലയിൽ മുങ്ങി തോർത്തി ‘ എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രൻ എന്ന ഗായകൻ ചലച്ചിത്ര ഗാനമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും
‘ സുപ്രഭാതം ‘എന്ന ഒരൊറ്റ ഗാനത്തോടെ സംഗീത പ്രേമികളുടെ ആരാധനാവിഗ്രഹമായി ഈ ഗായകൻ അവരോധിക്കപ്പെട്ടു .
അതിമനോഹരമായ ആലാപനവും വയലാറിന്റെ ഉജ്ജ്വലമായ രചനാസൗകുമാര്യവുമായിരുന്നു ഈ ഗാനത്തിന് എത്ര കേട്ടാലും മതിവരാത്ത അനുഭൂതിയുടെ ഭാവഗരിമ
പകർന്നു നൽകിയത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ
പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു
പ്രപഞ്ച മന്ദിരത്തോട്
നിന്റെ നാലുകെട്ടിന്റെ
പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി
പണിയിച്ചോട്ടെ
എന്ന വരികളുടെ കാവ്യഭംഗിയെ രണ്ടു കൈകളും കൂപ്പി ഒരിക്കൽ കൂടി നമസ്‌ക്കരിക്കട്ടെ…
1973 ജനുവരി 19 ന് പുറത്തിറങ്ങിയ പണിതീരാത്ത വീട് എന്ന ചിത്രവും ഈ ഗാനവും ഇന്ന് 50 വയസ്സ് പൂർത്തിയാക്കി ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ് ….
5000 വർഷങ്ങൾ കഴിഞ്ഞാലും മലയാളഭാഷ നിലനിൽക്കുന്ന കാലത്തോളം ഈ ഗാനം ജനകോടികളെ കോരിത്തരിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.