ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ റെയിൽവേ മറ്റു വരുമാന സ്രോതസ്സുകൾവിനിയോഗിക്കണം

യാത്രക്കാരോടുള്ള കടമയും, ഉത്തരവാദിത്വവും റെയിൽവേ നിറവേറ്റണം. സി.ആർ.യൂ.എ. കേരള റീജിയൻ
അവധിക്കാല ആഘോഷവേളകളിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണം

കോഴിക്കോട്: തീവണ്ടി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കും, അമിത നിരക്കും ഈടാക്കുക മാത്രമല്ല ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സീറ്റും, അനുബന്ധ സൗകര്യങ്ങളും, സുരക്ഷയും നൽകേണ്ടത് റെയിൽവേയുടെ കടമയും, ഉത്തരവാദിത്തമാണെന്നും അത് നേടിയെടുക്കേണ്ടത് യാത്രക്കാരുടെ അവകാശമാണെന്നും കോൺഫെഡറേഷൻ കേരള റീജിയൻ യോഗം അഭിപ്രായപെട്ടു.
ചെന്നൈ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി കേരളത്തിന്റെ പൊതുവേയും, മലബാറിന്റെ പ്രത്യേകിച്ചും തീവണ്ടി യാത്രക്കാരുടെ ആവശ്യങ്ങൾ ആവശ്യങ്ങൾ ഏകോപിച്ച് മുൻഗണന ക്രമത്തിൽ തയ്യാറാക്കിയ നിവേദനം യോഗത്തിൽ അവതരിപ്പിച്ച് വിശദീകരിച്ചു.
ദേശീയ കൺവീനർ എം.പി അൻവർ, തെലുങ്കാന – ആന്ധ്ര റീജൻ കൺവീനർ കെ.സ്. ജോൺസൺ, ചെന്നൈ റീജിയൻ കൺവീനർ വിജയൻ കാനായി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കേരള റീജിയൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പാലക്കാട് ഡിവിഷൻ ഡി ആർ യു സി സി മെമ്പറും, ദേശീയ കൺവീനറുമായ സൺഷൈൻ ഷോർണൂർ, സിപി ജോൺസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
അടുത്ത ദിവസം തന്നെ വിപുലമായ യോഗം ഹൈദരാബാദിൽ വിളിച്ചു ചേർക്കാൻ ഉദ്ദേശിക്കുന്നതായും, ദില്ലിയിലേക്ക് അയക്കുന്ന നിവേദക സംഘം കേരള റീജിയൻ തയ്യാറാക്കിയ നിവേദനവും ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്നും ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ് സദസ്സിനെ അറിയിച്ചു. കൺവീനർ സൺ ഷൈൻ ഷോർണൂർ സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ നന്ദിയും രേഖപ്പെടുത്തി.

