ERNAKULAM LOCAL NEWS

വല്ലംകടവ് പാറപ്പുറം പാലം; ആശങ്കകൾക്ക് വിരാമം

പെരുമ്പാവൂർ : വല്ലം കടവ് പാറപ്പുറം പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരം. എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിയുടെയും അൻവർ സാദത്തിന്റെയും നേതൃത്വത്തിൽ വല്ലം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. സ്ഥലം ഉടമകളുടെ ഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. നിർത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ തത്വത്തിൽ ധാരണയായി.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി ജനുവരി ഇരുപത്തിമൂന്നാം തീയതി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവ്വേ പൂർത്തികരിക്കും. അപ്പ്രോച്ച് റോഡുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു യോഗം വിളിച്ചു ചേർത്തത്.
പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ നിയോജകമണ്ഡലത്തിലെ പാറപ്പുറത്തേയും ബന്ധിപ്പിച്ചു നിർമിക്കുന്നതാണു പാലം. 2016 ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പാലത്തിന്റെ നിർമാണം മാർച്ചിൽ പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്.
പാലത്തിന്റെ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പ്രധാനമായും അവശേഷിക്കുന്നത്. ഇരു കരകളിലും അപ്രോച്ച് റോഡുകളുണ്ട്. കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്.
2016 ഡിസംബർ രണ്ടിനാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. കരാർ അനുസരിച്ചു 2018 ഡിസംബറിൽ പദ്ധതി പൂർത്തിയാകേണ്ടതായിരുന്നു. 22.22 കോടി രൂപയുടേതാണു പദ്ധതി. ഇതിൽ 12.89 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായപ്പോഴാണു നിർമാണം നിലച്ചത്. 288 മീറ്ററാണു പാലത്തിന്റെ ആകെ നീളം. 14 മീറ്ററാണ് വീതി. ഇതിൽ 3.25 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുണ്ടാകും.
നഗരസഭ വൈസ് ചെയർപേഴ്‌സൺ ബീവി അബൂബക്കർ, ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ സിന്ധു ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ സൈജൻ, മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർ ലിസ ഐസക്, ഡെപ്യൂട്ടി കളക്ടർ ഉഷ ശ്യാം നായർ, തഹസിൽദാർമാരായ ജോർജ് ജോസഫ്, ബേസിൽ കുരുവിള, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മായാ സി.പി. , അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിന എസ്.ജെ., മൈനർ ഇറിഗേഷൻ അസി. എൻജിനീയർ സി.പി വിൽസൺ, നിർമ്മാണ ഏജൻസി പ്രതിനിധികൾ, കരാറുകാരൻ, പരിസരവാസികളായ സ്ഥലം ഉടമകൾ എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *