2023 ബിജെപിയ്ക്ക് സുപ്രധാനമായ വർഷം, ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിൽ ഒന്നിൽ പോലും തോറ്റുപോകരുതെന്ന് നദ്ദ

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിൽപ്പോലും തോൽക്കരുതെന്ന് പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ.
ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് മുതിർന്ന നേതാവ് രവി ശങ്കർ പ്രസാദ് വ്യക്തമാക്കി. ഈ വർഷമുളള ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പൊരുതണമെന്നും ഒന്നിൽ പോലും തോൽക്കാനാവില്ലെന്നും പറഞ്ഞ നദ്ദ പിന്നീട് 2024ലെ പൊതുതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
‘രാജ്യത്ത് പാർട്ടി ദുർബലമായ ബൂത്തുകൾ കണ്ടെത്തി ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരം 72,000 ബൂത്തുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ‘ രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പാർട്ടി യോഗത്തിൽ പങ്കെടുത്തിരുന്നു.
ഈയിടെ ഫലം പുറത്തുവന്ന ഗുജറാത്തിലെ ചരിത്ര വിജയവും ഹിമാചലിലെ പരാജയവും യോഗം ചർച്ച ചെയ്തു. മൊബൈൽ, കാർ നിർമ്മാണം, വന്ദേഭാരത് ട്രെയിൻ നിർമ്മാണം എന്നിവയിൽ രാജ്യത്തെ കുതിപ്പ് സമ്പദ്വ്യവസ്ഥയിൽ ബ്രിട്ടനെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചതായി ദേശീയ എക്സിക്യൂട്ടിവിൽ നേതാക്കൾ വിലയിരുത്തി.