FILM BIRIYANI KERALA Main Banner SPECIAL STORY

ഓടിപ്പോയ വസന്തകാലമേ

സതീഷ് കുമാർ വിശാഖപട്ടണം

പ്രേംനസീർ എന്ന നിത്യഹരിത നായകനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് 1989 ജനുവരി 16നാണ്…..

ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…. നിത്യഹരിത ഗാനങ്ങളിലൂടെ ഈ പ്രണയ നായകൻ ജനകോടികളുടെ മനസ്സിൽ ഇന്നും ജീവിച്ചുകൊണ്ടിരിക്കുകയാണ്….

1952-ൽ പുറത്തിറങ്ങിയ ‘ മരുമകൾ ‘എന്ന ചിത്രത്തിലെ നായകനായിരുന്നു അബ്ദുൽ ഖാദർ എന്ന യുവനടൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിള ‘ യിൽ അബ്ദുൾ ഖാദറിന് സഹനടനായ തിക്കുറിശ്ശി സുകുമാരൻനായർ ഒരു പുതിയ പേരിട്ടു… പ്രേംനസീർ…


ആ പേരിനെ അനശ്വരമാക്കിക്കൊണ്ട് ഏതാണ്ട് നാലുപതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ പ്രേമനായകനായി പ്രേംനസീർ നിറഞ്ഞുനിന്നു. മലയാളസിനിമയെ ‘ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സി’ ന്റെ പൂമുഖവാതിലിലേക്ക് ആനയിച്ച വ്യക്തിയാണ് പ്രേംനസീർ. ലോകത്തിൽ അറുന്നൂറോളം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ഏക വ്യക്തി എന്ന നിലയിലും 120 ഓളം സിനിമകളിൽ ഒരേ നായികയോടൊപ്പം (ഷീല) അഭിനയിച്ച നായകനെന്ന നിലയിലും രണ്ട് വേൾഡ് റെക്കോർഡുകളാണ് പ്രേംനസീറിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്.


എന്നാൽ രേഖപ്പെടുത്താത്ത ഒട്ടനവധി റെക്കോർഡുകളുടെ ഉടമ കൂടിയാണ് പ്രേംനസീർ. ലോകത്ത് ഏറ്റവും കൂടുതൽ പാട്ട് രംഗങ്ങളിൽ അഭിനയിച്ച നടൻ (ഏകദേശം 1500 പാട്ടുകൾ), ഏറ്റവും കൂടുതൽ നായികമാരുടെ ( 90) കൂടെ അഭിനയിച്ച നടൻ, ഒരു സംവിധായകന്റെ കീഴിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടൻ (ശശികുമാർ 80 ചിത്രങ്ങൾ) ഇവ കൂടാതെ യേശുദാസ് എന്ന ഗായകൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിട്ടുള്ളതും പ്രേംനസീറിനു വേണ്ടിയാണെന്നാണ് മറ്റൊരു റെക്കോർഡ്, ലോകത്തിലാദ്യമായി ഒരു നടന്റെ പേരിൽ സിനിമ ഇറങ്ങിയ (പ്രേം, നസീറിനെ കാണ്മാനില്ല ) വേറൊരു റെക്കോർഡ് …. ഇങ്ങനെ കാലത്തിന് കീഴടക്കുവാൻ കഴിയാത്ത ഒട്ടനവധി നേട്ടങ്ങളുടെ ഉടമയാണ് ഈ നിത്യഹരിത നായകൻ…
എന്താണ് പ്രേംനസീർ എന്ന നടന്റെ മഹത്വം ?


ഒരു അഭിനേതാവ് എന്ന നിലയിൽ നസീറിന്റെ സമകാലികരായ സത്യൻ, കൊട്ടാരക്കര, മധു, പി.ജെ.ആന്റണി എന്നിവരെക്കാളും പിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
എന്നാൽ ഏതൊരു പെണ്ണും കൊതിക്കുന്ന മുഖസൗന്ദര്യവും മനം മയക്കുന്ന പുഞ്ചിരിയും ആ കുസൃതിക്കണ്ണുകളിൽ നിറയുന്ന പ്രണയഭാവവുമായിരുന്നു പ്രേംനസീർ എന്ന നടനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കിയത്.
എത്രയോ സുന്ദരിമാരുടെ സ്വപ്‌ന കാമുകനായിരുന്നു പ്രേംനസീർ. ഗാനരംഗങ്ങളിൽ ഇത്രയും തന്മയത്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ ഇല്ല എന്ന് പറയാം. അത്രയും പെർഫെക്ട് ആയിരുന്നു നസീറിന്റെ ലിപ്പ് മൂവ്‌മെന്റും പാട്ടിന്റെ ഭാവാവിഷ്‌ക്കാരവും. തലമുറകളെ കോരിത്തരിപ്പിച്ച മലയാള സിനിമയിലെ പ്രിയ ഗാനങ്ങളെയെല്ലാം പ്രേംനസീറിന്റെ ചുണ്ടുകളിലൂടെയാണ് കേരളീയർ കണ്ടുതും കേട്ടതും ആസ്വദിച്ചതുമെല്ലാം.


ആ ഗാനങ്ങളെയയെല്ലാം പിന്നണി ഗാനങ്ങൾ എന്നതിനേക്കാളുപരി പ്രേംനസീറിന്റെ പാട്ടുകൾ എന്നാണ് നമ്മൾ വിശേഷിപ്പിച്ചിരുന്ന തെന്നോർക്കുക.
പ്രേംനസീറിന്റെ മികച്ച പത്ത് പാട്ടുകൾ തെരഞ്ഞെടുക്കുക എന്നുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും …..
കാരണം അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും ഓരോ മലയാളി മനസ്സിനേയും വർഷങ്ങളായി ഭ്രമണം ചെയ്തു കൊണ്ടിരിക്കയാണ്.
‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ……. ( നദി )
‘മംഗലം കുന്നിലെ മാൻപേടയോ …….. (ഒതേനന്റെ മകൻ)
‘ കള്ളിപ്പാലകൾ പൂത്തു കാടൊരു വെള്ളിപൂക്കുട തീർത്തു …… (പഞ്ചവൻകാട് )
‘ പ്രേമഭിക്ഷുകി
ഭിക്ഷുകി ഭിക്ഷുകി ……(പുനർജ്ജന്മം )
‘മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി …….. ( കള്ളിച്ചെല്ലമ്മ)
‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ
മുഖം കണ്ടു ……..
( അയലത്തെ സുന്ദരി )
‘സന്ധ്യമയങ്ങും നേരം ……
(മയിലാടുംകുന്ന് )
‘സന്യാസിനി നിൻ
പുണ്യാശ്രമത്തിൽ ഞാൻ ……
( രാജഹംസം.)
‘കരയുന്നോ പുഴ
ചിരിക്കുന്നോ …….
( മുറപ്പെണ്ണ്)
‘ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം …… (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു )
‘സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം …….
( മായ )
‘ഓടിപ്പോകും വസന്തകാലമേ ……. ( പിക്‌നിക് )
‘തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം ……. (ലങ്കാദഹനം )
‘മുത്തുമണി പളുങ്കുവെള്ളം ……. (ആരോമലുണ്ണി )
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര മനോഹരഗാനങ്ങൾ…
കറകളഞ്ഞ മനുഷ്യസ്‌നേഹിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു പ്രേംനസീർ.
ഏതെങ്കിലും ഒരു സിനിമ പരാജയപ്പെട്ടാൽ അടുത്ത ചിത്രം പ്രതിഫലം വാങ്ങാതെ അദ്ദേഹം അഭിനയിച്ചു കൊടുത്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്. നിർമ്മാതാവിനെ അന്നദാതാവായി കണ്ട് ആദരിച്ചിരുന്ന വിശാലഹൃദയനായിരുന്നു ഈ നടൻ.
1927 ഏപ്രിൽ 7ന് തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ ജനിച്ച പ്രേംനസീർ എന്ന നടനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത്
1989 ജനുവരി 16നാണ്….. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…. നിത്യഹരിത ഗാനങ്ങളിലൂടെ ഈ പ്രണയ നായകൻ ജനകോടികളുടെ മനസ്സിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുകയാണ്….
അതെ, മലയാള നാടിന്റെ സ്വകാര്യ അഹങ്കാരമായ മരണമില്ലാത്ത നടൻ….
(പാട്ടോർമ്മകൾ)

Related Posts

Leave a Reply

Your email address will not be published. Required fields are marked *