തീവണ്ടി യാത്രക്കാരുടെ തീരാദുരിതം: പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും നിവേദനം സമർപ്പിക്കും

റെയിൽവേക്ക് പ്രത്യേക ബഡ്ജറ്റ് പുനരാരംഭിക്കണം: സി.ആർ.യൂ.എ.
മിതമായ നിരക്കിൽ സുരക്ഷിതമായ തീവണ്ടി യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തണം.
ചെന്നൈ: കോവിഡിന്നു മുൻപുള്ള യാത്രാ നിരക്കും മുതിർന്ന പൗരന്മാർക്കുള്ള ഇളവുകളും മറ്റ് അർഹതപ്പെട്ട ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷന്റെയും പ്രത്യേക ക്ഷണിതാക്കളുടെയും റെയിൽവേ പ്രീ ബഡ്ജറ്റ് ചർച്ചയോഗം അഭ്യർത്ഥിച്ചു.
ഈ വർഷം മുതൽ കേന്ദ്ര പൊതു ബഡ്ജറ്റിന് മുന്നോടിയായി റെയിൽവേയ്ക്ക് പ്രത്യേകം ബഡ്ജറ്റ് അവതരിപ്പിച്ച് ജനപ്രതിനിധികൾക്ക് ചർച്ച ചെയ്യാനുള്ള അവസരം നൽകണമെന്ന് കേന്ദ്രസർക്കാർ – റെയിൽവേ മന്ത്രാലയം, റെയിൽവേ ബോർഡ് ചെയർമാൻ മറ്റു ബന്ധപ്പെട്ടവരോടും യോഗം അഭ്യർത്ഥിച്ചു.
ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും തല്യ പരിഗണനയും നീതിയും ഉറപ്പാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളും, പ്രശ്‌നങ്ങളും, നിർദ്ദേശങ്ങളും യഥാസമയം കേന്ദ്ര സർക്കാരിനും, റെയിൽവേ മന്ത്രാലയത്തിലും ബോർഡിലും ജനപ്രതിനികളുടെ സഹകരണത്തോടെ സമ്മർദ്ദം ചെലുത്തുന്നതിന് ലെയ്‌സൺ ഓഫീസറെ ഡൽഹിയിൽ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
2022 ജൂൺ മുതൽ കോവിഡിന്റെ പേരിൽ വർധിപ്പിച്ച നിരക്കുകളും, മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകളും , അർഹമായ മറ്റു ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അധികാരികൾ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വരുത്താത്ത റെയിൽവേയുടെ നടപടിയെ യോഗം ശക്തമായി അപലപിച്ചു.
വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മുൻ കാലങ്ങളിൽ ഒന്നുമില്ലാത്ത അമിത നിരക്കുകളും, യാത്ര ദുരിതങ്ങളുമാണ് യാത്രക്കാർ അനുഭവിക്കുന്നതെന്ന് കാര്യകാരണസഹിതം അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു. ദേശീയ ചെയർമാൻ ഡോ. എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു.



യാത്രക്കാരുടെ പ്രശ്‌നങ്ങൾ യഥാസമയം അധികാരികളുട ശ്രദ്ധയിൽ പെടുത്തുന്നതിന് സംഘടനാ പ്രവർത്തനം വിപുലീകരിക്കുമെന്നും, അടുത്ത ദിവസം തന്നെ നിവേദക സംഘത്തെ ഡൽഹിക്ക് അയക്കുമെന്നും ഉദ്ഘാടകൻ സദസിനെ അറിയിച്ചു. അംഗസംഘടന പ്രതിനിധികൾക്കുള്ള ഐഡി കാർഡ് ആന്ധ്ര തെലുങ്കാന കൺവീനർ കെ.എസ് ജോൺസന് നൽകി ചെയർമാൻ ഡോക്ടർ എ.വി. അനൂപ് തദവസരത്തിൽ നിർവഹിച്ചു.
ചർച്ചയിൽ സൺഷൈൻ ഷോർണൂർ, വിജയൻ കാനായി, അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, കെ.എം. ദേവദാസ്, സി. പി. ജോൺസൺ, ശ്രീമതി ശൈലജ ദേവദാസ് എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ അംഗ സംഘടന ഭാരവാഹികളും വ്യക്തികളും യോഗത്തിൽ അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വിശദീകരിച്ചു.
ജനറൽ കൺവീനർ എം.പി അൻവർ സ്വാഗതവും, കൺവീനർ സൺഷൈൻ ഷോർണൂർ നന്ദിയും രേഖപ്പെടുത്തി.