FILM BIRIYANI KERALA Second Banner SPECIAL STORY

അവതാറിന്റെ അണിയറയിലെ മലയാളി മലയിൻകീഴുകാരൻ

ജിജു മലയിൻകീഴ്

ഹോളിവുഡ് സംവിധായകനായ ജെയിംസ് കാമറൂൺ 2009ൽ പുറത്തിറക്കിയ 3 ഡി സിനിമയായിരുന്നു ‘അവതാർ’. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ ‘അവതാർ’ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥകൂടിയായിരുന്നു. 2154ലെ കഥയായിരുന്നു സംവിധായകൻ തന്റെ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. വാർത്തകളിൽ നിറഞ്ഞ, ലോക സിനിമകളിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ അവതാർ വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയും കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായി തീർന്നു. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസ് നേട്ടങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അവതാർ – ദ വേ ഓഫ് വാട്ടർ’ എത്തിയത്. ഇതിലെ അണിയറയിൽ മലയിൻകീഴുകാരനായ ഒരു മലയാളിയുമുണ്ട്.

സാങ്കേതിക വിദ്യകളുടെ മികവ് പുലർത്തിയ അവതാറിന്റെ ആദ്യ ഭാഗം മൂന്നിലധികം തവണ തിയറ്ററിൽ ചെന്ന് കണ്ടു അനിമേഷൻ ജോലിയോടുള്ള ആവേശം മൂത്തു കൊണ്ട് തന്റെ ജീവിതം ഇനി സിനിമയിലേക്ക് എന്ന ദൃഢനിശ്ചയത്താൽ സിനിമയിലേക്ക് എത്തിച്ചേരണമെന്ന തന്റെ ആഗ്രഹത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റൽ കമ്പോസിറ്റിംഗ് ഫോർ ഫിലിംസ് എന്ന കോഴ്‌സിന് ചേർന്ന് പഠനം ആരംഭിച്ച മലയിൻകീഴ് ഗായത്രി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ രാജേന്ദ്രൻ നായരുടെയും ചന്ദ്രികയുടെയും ഏക മകൻ നന്ദുവാണ് അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ സാങ്കേതിക വിദ്യ പ്രാവർത്തികമാക്കുന്നതിൽ പങ്കുചേരുവാൻ കഴിഞ്ഞ മലയിൻകീഴുകാരൻ.

സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എല്ലാവരെയും പോലെ തന്നെ എന്ത് ജോലി തെരഞ്ഞെടുക്കണമെന്നചോദ്യം നന്ദുവിന്റെ മനസ്സിലും ചിന്താകുഴപ്പവും പ്രയാസവും ഉണ്ടാക്കി. വിവിധ ജോലികൾ ചെയ്യാവുന്ന തരത്തിൽ പലവിധ യോഗ്യതകൾ നേടിയെങ്കിലും മാനസിക സന്തോഷം നൽകുന്ന ജോലി കണ്ടെത്താൻ കഴിയാത്ത വിഷമത്തിൽ ആയിരുന്നു നന്ദു. അതിനാൽ പല ജോലികൾ നേടിയെങ്കിലും ഒന്നിലും ഉറച്ചുനിൽക്കുവാൻ നന്ദുവിന് കഴിഞ്ഞില്ല.അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ തന്റെ പിതാവ് രാജേന്ദ്രൻ നായരോടൊപ്പം ചേർന്ന് വെഡിങ് ഷൂട്ട് , ആൽബം വർക്‌സ് തുടങ്ങിയവ ചെയ്തു.ഒപ്പം തന്നെ 2D ഫ്‌ലാഷ് അനിമേഷൻ ഗ്രാഫിക് വർക്‌സ്,മോഷൻ ഗ്രാഫിക്‌സ് തുടങ്ങിയ പല ജോലികളും പരീക്ഷിച്ചു. അപ്പോഴും കുറേക്കൂടി സർഗ്ഗാത്മകവും ഉദാത്തവും സ്‌കൂൾ പഠനകാലം മുതൽ തന്നെ ആകർഷിക്കുകയും ചെയ്തിരുന്ന സിനിമാരംഗവുമായി ബന്ധപ്പെട്ട ജോലി ചെയ്യുവാനുള്ള പഠനത്തിലേക്ക് തിരിയുന്നതിനു വേണ്ടി അദ്ദേഹം തീരുമാനിച്ചു.ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ ഒന്നിലേക്ക് കടക്കുന്നതിനു മുൻപാണ് നന്ദു ഡിജിറ്റൽ കോമ്പോസിറ്റിംഗ് ഫോർ ഫിലിംസ് എന്ന കോഴ്‌സ് പഠിക്കുന്നതിന് തീരുമാനിച്ചത്. 2010 കാലഘട്ടത്തിൽ വിഷ്വൽ ഇഫക്‌സ് (VFX) ഇൻഡസ്ട്രിയയെ കുറിച്ച് സാധാരണക്കാർക്ക് പ്രത്യേകിച്ചൊന്നും അറിയില്ലായിരുന്നു, തനിക്ക് അറിയാവുന്ന എല്ലായിടത്തും ജോലിക്കായി അപേക്ഷിക്കുകയും പലരും സാങ്കേതികപരീക്ഷകൾക്കായി വിളിക്കുകയും ചെയ്തു തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ജോലിക്കായി സഞ്ചരിച്ചു.

അവസാനം നന്ദു തന്റെ സ്വപ്‌ന ജോലിയായ ‘ഫിലിം കമ്പോസിറ്റിംഗ്’ ചെയ്യുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചേർന്നു. അവിടെ നന്ദുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി തന്നെ ലഭിച്ചു എന്നതാണ് കൈവന്ന ഏറ്റവും വലിയ ഭാഗ്യം. കഴിഞ്ഞ 12 വർഷമായി വി എഫ് എക്‌സ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന നന്ദു തെന്നിന്ത്യൻ സിനിമയിൽ നിന്നും തുടങ്ങി ബോളിവുഡ് ഹോളിവുഡ് തലങ്ങളിൽ, Godzilla, Pirates of the carribien, The mummy, Aquaman, Fast and Furious, Justice League, Resident Evil അങനെ നിരവധി ക്ലാസിക് സിനിമകൾ ഉൾപ്പെടെയുള്ള സിനിമകളിൽ വർക്ക് ചെയ്തു. മനസ്സിനിണങ്ങുന്ന ജോലിയാണെങ്കിലും അപ്പോഴും തന്റേ സ്വപ്‌ന പദ്ധതികൾ തേടിക്കൊണ്ട് നടക്കുകയായിരുന്നു നന്ദു .പലതിലും പരാജയപ്പെട്ടെങ്കിലും വീണ്ടും തന്റെ സ്വപ്‌നലോകത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.ആ സമയത്താണ് ന്യൂസിലാൻഡിലെ വെറ്റ എഫക്‌സിൽ നിന്നും അവതാർ സിനിമയിലേക്ക് തന്റെ സേവനം ആവശ്യമാണെന്ന് കാണിച്ചുള്ള അറിയിപ്പ് നന്ദുവിന് കിട്ടുന്നത്. ആ സമയത്ത് മൂന്നുനാലു വർഷത്തേക്കുള്ള നല്ല പ്രതിഫലം ലഭിക്കുന്ന വിവിധ പ്രോജക്ടുകൾ നന്ദുവിന് ഉണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ആദ്യം അവതാർ ആണ് തന്റെ ലക്ഷ്യം എന്ന ദൃഢനിശ്ചയത്തോടുകൂടി ആ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. 13 വർഷത്തെ തന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു ആ ജോലി.


ഭർത്താവിന്റെ സ്വപ്‌ന സാഷാൽക്കാരത്തിനായി ഐ.റ്റി. കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കൈക്കുഞ്ഞായ തങ്ങളുടെ മകൾ തൻവിയെയും കൂട്ടി ഭാര്യ ഐശ്വര്യയും ഒപ്പം കൂടി .അവതാറിലേക്കുള്ള അവസരം ലഭിച്ചത് അറിയിച്ചുകൊണ്ടുള്ള കത്ത് ഏറ്റുവാങ്ങിയ സന്തോഷം ആദ്യം പങ്കുവെച്ചത് തന്റെ പിതാവിനോടായിരുന്നു. കാരണം സയൻസ് ഫിക്ഷൻ സിനിമകളുടെ ആരാധകനായ രാജേന്ദ്രൻ നായർ നന്ദുവിന്റെ കുട്ടിക്കാലത്ത് ജുറാസിക് പാർക്ക്, കിംഗ് കോങ്ങ്, ഹാരി പോർട്ടർ, ദി മെട്രിക്‌സ്, ടെർമിനേറ്റർ തുടങ്ങിയ സിനിമകൾ കാണിച്ചു കൊടുക്കുകയും ബിഗ് സ്‌ക്രീനിലെ മാന്ത്രിക സംഭവങ്ങളിലുള്ള മകന്റെ ആകാംക്ഷ വളർത്തിയതും പിതാവ് തന്നെയായിരുന്നു. ഫോട്ടോഗ്രാഫി, ലൈറ്റിംഗ് എന്നിവയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച ഗുരുവും തന്റെ അച്ഛൻ തന്നെയായിരുന്നു. തന്റെ ജീവിതത്തിലെ തിരിച്ചടികൾ നേരിടുന്നതിന് ആ ബാലപാഠങ്ങൾ വളരെയധികം പ്രചോദനമായി എന്നു തന്നെയാണ് നന്ദു പറയുന്നത്.മലയിൻകീഴ് എന്ന ചെറു ഗ്രാമത്തിൽ നിന്ന് ആഗ്രഹങ്ങളുടെ കൊടുമുടിയുടെ ഉന്നതിയിൽ എത്തിയ നന്ദു എന്ന കലാകാരന് ഒന്നു മാത്രമേ പുതുതലമുറയോട് പറയാനുള്ളൂ. ഓരോരുത്തരും അവരവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പ്രവർത്തിക്കുക കഠിനാധ്വാനം ചെയ്യുക, എത്ര കഠിനമെന്നോ എത്രകാലം എന്നോ എന്നുള്ളത് ഒരു പ്രശ്‌നമേ ആക്കരുത് എത്ര പ്രാവശ്യം പരാജയപ്പെടുന്നു എന്നുള്ളതല്ല ഒരു ദിവസം നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു നിങ്ങൾ വിജയം കൈവരിക്കും എന്നതിലാണ് ലക്ഷ്യം വെക്കേണ്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *