പ്രവാസി മാധ്യമരത്‌ന അവാർഡ്
ശിവാകൈലാസിന് സമ്മാനിച്ചു

തിരുവനന്തപുരം: 21-ാമത് പ്രവാസി ഭാരതീയ (കേരള) മാധ്യമരത്‌ന പുരസ്‌ക്കാരം ജന്മഭൂമി ലേഖകൻ ശിവാകൈലാസിന് സമ്മാനിച്ചു. ജന്മഭൂമി വാരാദ്യത്തിൽ പ്രസിദ്ധീകരിച്ച ‘ഷംസ് ആബ്ദീൻ പറന്നിറങ്ങി നാട്ടിലെ പാട്ടുവഴിയോരത്ത് ‘ എന്ന പ്രവാസി സാഹിത്യകാരിയെ കുറിച്ചുള്ള ലേഖനമാണ് ശിവാകൈലാസിനെ അവാർഡിന് അർഹനാക്കിയത്. മാധ്യമ രംഗത്ത് ദേശീയ അന്തർദേശീയ തലത്തിലുൾപ്പടെ ശിവാകൈലാസിന് ലഭിക്കുന്ന 88-)മത്തെ പുരസ്‌ക്കാരമാണിത്.
മസ്‌ക്കറ്റ് ഹോട്ടൽ സിംഭണി ഹാളിൽ നടന്ന പ്രവാസി ദിനാചരണ ചടങ്ങിൽ യുഎഇ കോൺസുലേറ്റ് കോൺസൽ ജനറൽ ഒബൈദ് ഖലീഫ ബക്കീത്ത് അബ്ദുള്ള അൽഖാബി പുരസ്‌ക്കാരം സമ്മാനിച്ചു. മുൻ മന്ത്രി കെ.സി ജോസഫ് അധ്യക്ഷനായി. ഇ. കെ.നായനാർ സ്മാരക പുരസ്‌ക്കാരങ്ങൾ കെ.കെ.രമ എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വിതരണം ചെയ്തു. പ്രവാസി വ്യവസായികൾ, സാഹിത്യ-മാധ്യമ പ്രതിഭകൾ എന്നിവർക്കും നടൻ മധുപാലിനും വിവിധ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, അഡ്വ.പി.സുധീർ, പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, വില്ലറ്റ് കൊറയ, ശശി ആർ.നായർ, എച്ച്. നൂറുദീൻ, കലാപ്രേമി ബഷീർ ബാബു, ബീമാപള്ളി റഷീദ്, തെക്കൻ സ്റ്റാർ ബാദുഷ, രാജീവ് ഗോപാലകൃഷ്ണൻ സംസാരിച്ചു.