സ്വാമി ശങ്കരാനന്ദ
ഭക്തിയോഗത്തിന്റെ മാർഗദീപം:സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ് ത ഭക്തിയോഗത്തിൻറെ പ്രത്യക്ഷമായ ഉദാഹരണവും മാതൃകയുമായിരുന്നു ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരി മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളുടെ 47-ാം സമാധി ദിനം പ്രമാണിച്ച് നടന്ന സ്മൃതി സമ്മേളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നാനാലോകാനുരൂപനായ ഗുരുദേവൻറെ അന്തരംഗ ശിഷ്യൻമാരിൽ ഒരു പാർഷഭനായിരുന്നു ശങ്കരാനന്ദ സ്വാമികൾ. ത്യാഗസുരഭിലമായ ജീവിതം നയിച്ച ശങ്കരാനന്ദ സ്വാമികൾ ഗുരുദേവൻറെ മഹാസമാധി സ്ഥാനത്ത് മഹാസമാധി മന്ദിരം പണിയുന്നതിന് കാല താമസം വന്നപ്പോൾ പ്രഖ്യാപിച്ച ഉപവാസ സമരത്തിൻറെ വെളിച്ചമാണ് ശിവഗിരി മഹാസമാധി മന്ദിരനിർമ്മാണത്തിന് വേഗത കൂട്ടിയത്. എഴുത്തുകാരനോ പ്രാസംഗികനോ സംഘാടകനോ അല്ലായിരുന്നു സ്വാമികൾ. ജീവിത വിശുദ്ധികൊണ്ടും സംന്യാസ നിഷ്ഠ കൊണ്ടും സർവ്വരുടേയും സമാരാധന പിടിച്ചുപറ്റി. ഗുരുദേവൻറെ സംന്യാസ ശിഷ്യ പരമ്പരയിൽ ഭക്തിയോഗത്തിന് ഏറ്റവും ഊന്നൽ നൽകിയ സംന്യാസിവര്യനായിരുന്നു ശങ്കരാനന്ദ സ്വാമികളെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി ബോർഡ് അംഗങ്ങളായ സ്വാമി ബോധി തീർത്ഥ ,സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവർക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചിരുന്നു.
