ശിവഗിരിയിൽ ഗുരുദേവ സംന്യസ്ഥ ശിഷ്യർക്കായി സമൂഹ പ്രാർത്ഥന

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്ഥ ശിഷ്യപരമ്പരയിലെ മുഴുവൻ സംന്യാസിമാരുടേയും പേരിൽ ശിവഗിരിയിൽ ദിവ്യസത്സംഗവും സമൂഹ പ്രാർത്ഥനയും നടന്നു. ഗുരുദേവൻറെ സംന്യസ്ഥ ശിഷ്യ പ്രശിഷ്യ പരമ്പരയിലെ സംന്യാസിവര്യൻമാരെ സമാധിയിരുത്തിയ പറമ്പിന് ശ്രീനാരായണ ശിഷ്യനിർവ്വാണ കുടീരം എന്ന നാമധേയം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ പ്രഖ്യാപനം ചെയ്തു. കൂടാതെ ഗുരുദേവൻറെ മൂന്നാമത്തെ അനന്തരഗാമിയും മഹാത്മാവുമായ ദിവ്യശ്രീ അച്യുതാനന്ദ സ്വാമിയുടെ സമാധിയിൽ ഹാരാർപ്പണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. സമാധിയിരുത്തിയിട്ടുള്ള ഓരോ സംന്യാസിമാരുടേയും സമാധി പീഠത്തിൽ വിശേഷലാൽ പൂജയും ആരാധനയും നടന്നു. ചടങ്ങുകൾ ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശാരദാനന്ദ സ്വാമി ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർത്ഥ ,സ്വാമി പരാനന്ദ എന്നിവരും സ്വാമി വിദ്യാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അഭയാനന്ദ എന്നിവർക്കൊപ്പം ബ്രഹ്മചാരികളും അന്തേവാസികളും ഭകതജനങ്ങളും സംബന്ധിച്ചിരുന്നു.
