KERALA Second Banner

പിണറായിയും ഗോവിന്ദനും എന്ത് കമ്യൂണിസ്റ്റാണ്?; സിപിഎം സമ്പന്നർക്കൊപ്പം: വി.ഡി.സതീശൻ

മന്ത്രി അബ്ദുറഹ്മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം

തിരുവനന്തപുരം: കായിക മന്ത്രിയുടെ പട്ടിണി കിടക്കുന്നവൻ കളി കാണാൻ വരേണ്ടെന്ന പരാമർശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്തെത്തി. അബ്ദുറഹ്മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സി പി എം സമ്പന്നർക്കൊപ്പമായി മാറിയെന്നും സതീശൻ അഭിപ്രായപ്പെട്ടു. എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണെന്നും ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗം പട്ടിണി കിടക്കുന്നർ കളി കാണാൻ വരേണ്ടെന്ന് പറഞ്ഞിട്ടും സംരക്ഷിക്കുന്നത് ശരിയാണോ എന്നും സതീശൻ ചോദിച്ചു. ഇത് സി പി എമ്മിനുണ്ടായ ജീർണതയെ തുടർന്നുണ്ടായ മാറ്റമാണെന്നും സി പി എം സാധാരണക്കാർക്കൊപ്പമല്ല സമ്പന്നരുടെ കൂടെയാണെന്നും ഈ മാറ്റമാണ് കേരളത്തിൽ സി പി എമ്മിനെ തകർക്കാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
‘പട്ടിണി കിടക്കുന്നവൻ കളി കാണാൻ വരേണ്ടെന്നാണ് കായിക മന്ത്രി പറഞ്ഞത്. എന്നിട്ടും എം വി ഗോവിന്ദൻ ജനങ്ങളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്? ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമാണ് പട്ടിണി കിടക്കുന്നർ കളി കാണാൻ വരേണ്ടെന്ന് പറഞ്ഞത്. ഇത് സി പി എമ്മിനുണ്ടായ ജീർണതയെ തുടർന്നുണ്ടായ മാറ്റമാണ്. സി പി എം സാധാരണക്കാർക്കൊപ്പമല്ല സമ്പന്നരുടെ കൂടെയാണ്. ഈ മാറ്റമാണ് കേരളത്തിൽ സി പി എമ്മിനെ തകർക്കാൻ പോകുന്നത്. ഇ പി ജയരാജൻ കണ്ണൂരിൽ പടുത്തുയർത്തിയ റിസോർട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയുടെ സ്മാരകമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാളെ വീണ്ടും മന്ത്രിയാക്കി. സി പി എം ഇത്രയും വഷളായ കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. അബ്ദുറഹ്മാനെ പോലെ ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിന് അപമാനമാണ്.’ സതീശൻ പറഞ്ഞു.

അതേസമയം ശശി തരൂർ വിഷയത്തിലും സതീശൻ അഭിപ്രായം രേഖപ്പെടുത്തി. ശശി തരൂർ കേരള രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹം കേരളത്തിൽ നിന്നുള്ള എം പിയാണ്. എല്ലാം വിവാദമാക്കേണ്ട കാര്യമില്ല. സ്ഥാനാർത്ഥിത്വം അവരവർ തീരുമാനിക്കേണ്ട കാര്യമല്ല. ഒരോരുത്തരും സീറ്റ് വേണമെന്നും വേണ്ടെന്നു പറയുന്നത് ശരിയായ രീതിയല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഏത് കോൺഗ്രസ് നേതാവിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യും. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് കെ പി സി സി അധ്യക്ഷനാണ് പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *