മുഖ്യമന്ത്രിയാകുകയല്ല, തോൽവിയിൽനിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം: സതീശൻ

കൊച്ചി: മുഖ്യമന്ത്രിയാകുകയല്ല, തോൽവിയിൽനിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻഎസ്എസിനും സമുദായസംഘടനകൾക്കും വിമർശനങ്ങൾ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സമുദായ സംഘടനകൾക്ക് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പാടില്ല എന്നില്ലല്ലോ. ഞാൻ സാമുദായിക നേതൃത്വത്തെ വിമർശിച്ചിട്ടുള്ള ആളാണ്. അപ്പോൾ സാമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു. ഇനിയും അങ്ങനെ ഒരവസരം വന്നാൽ വിമർശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വർഗീയ പരിസരം ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതി ശക്തമായി ഞങ്ങൾ എതിർക്കുമെന്നും സതീശൻ പറഞ്ഞു.