ERNAKULAM GURUSAGARAM

ബഫർ സോണിനെതിരെ എസ്എൻഡിപി യോഗത്തിന്റെ പ്രതിഷേധ ധർണ്ണ

കോതമംഗലം: കുടിയേറ്റ കർഷകരുടെ വീടിനും തൊടിക്കും അതിരുകൾ നിശ്ചയിക്കുന്ന ബഫർ സോണിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. എസ്എൻഡിപി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും വനം വകുപ്പ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സമരവും എസ്എൻഡിപി യോഗം കൗൺസിലർ കെ. ഡി രമേശ് ഉദ്ഘാടനം ചെയ്തു.

പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകരും കർഷക തൊഴിലാളികളും നടത്തുന്ന സമരം സർക്കാർ കണ്ടില്ല എന്ന് നടിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും കർഷകരെ വിറ്റ് കാർബൺ ഫണ്ട് വാങ്ങിയ സർക്കാരിന് ഇവിടെ വനം നിലനിർത്തിയില്ലെങ്കിൽ വാങ്ങിയ പണത്തിന് നഷ്ടം നൽകേണ്ടി വരുമെന്നുള്ളതുകൊണ്ട് പാവങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും ബഫർ സോൺ പ്രശ്നത്തിൽ ശാശ്വത പരിഹാരം കണ്ടില്ല എങ്കിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ഡിസംബറിൽ കട്ടപ്പനയിൽ തുടങ്ങി വച്ച പ്രതിഷേധ പരിപാടികൾ കേരളം മുഴുവൻ ആളിപ്പടരുമെന്നും വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണനയുടെ ഒരു ശതമാനമെങ്കിലും ജനങ്ങൾക്ക് സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.എ സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ എം.വി രാജീവ്, റ്റി.ജി അനി, ബിനു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എം.ബി തിലകൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ ചന്ദ്ര ബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, കിഫ ഭാരവാഹി സിബി തുടങ്ങിയവർ പ്രസംഗിച്ചു.പ്രകടനത്തിന് ശാഖാ പ്രസിഡന്റ്മാർ സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *