മാറാടി ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സൗത്ത് മാറാടി ഗവ യു.പി സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന് വിട്ടുപോകുന്ന സ്ഥിതിക്ക് മാറ്റമുണ്ടായി. പൊതുവിദ്യാഭ്യാസ മേഖയിലെ മാറ്റത്തിന്റെ ഫലമായി സർക്കാർ സ്‌കൂളുകൾ തേടി വരികയാണ് ഇപ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും. പൊതുവിദ്യാലയങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യത അനുദിനം വർദ്ധിച്ചു വരുന്നുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പഠന ഗുണനിലവാരവും ഉയരുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് മാറാടി ഗവ.യു.പി സ്‌കൂളെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് സാധാരണക്കാരായ കുട്ടികൾക്കാണ്. പഠിക്കണം എന്നാഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എത്ര പാവപ്പെട്ടവനും വിദ്യാഭ്യാസം വഴി ഉന്നതങ്ങളിൽ എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് സ്‌കൂളിലെ പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. 406.01 ചതുരശ്ര മീറ്റർ വലിപ്പത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, ലാബ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 200 ലധികം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.
മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.എൽ.എ എൽദോ എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി അബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ( മൂവാറ്റുപുഴ) ആർ. വിജയ, അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ ബോബി ജോർജ്, പ്രധാന അധ്യാപിക എം. എം ബിന്ദു എന്നിവർ സംബന്ധിച്ചു.

ചിത്രം : സൗത്ത് മാറാടി ഗവണ്മെന്റ് യു. പി സ്‌കൂളിലെ പുതിയ കെട്ടിടഉദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു