സ്‌കൂൾ കലോത്സവം: സ്വർണക്കപ്പ് കോഴിക്കോടിന്; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് സ്വർണക്കപ്പ് സ്വന്തമാക്കി. 945 പോയിന്റുമായാണ് കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശ്ശൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. സംസ്‌കൃത കലോത്സവത്തിൽ 95 പോയിന്റുമായും കൊല്ലവും അറബിക് കലോത്സവത്തിൽ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി.
സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂൾ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥനത്ത് എത്തി. കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ്.എസ്. ഗുരുകുലവും ഹയർസെക്കൻഡറി വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസും ഒന്നാമത് എത്തി.