KERALA TOP NEWS

ഹോട്ടൽ ഭക്ഷണം ഒരു പെൺകുട്ടിയുടെ കൂടി ജീവനെടുത്തു; കുഴിമന്തി കഴിച്ച കാസർകോട്ടെ പെൺകുട്ടി മരിച്ചു

കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്.

പുതുവർഷ ദിവസം മുതൽ പെൺകുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മെയ് മാസത്തിലും ഇതേപോലെ കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടിയായിരുന്നു മരിച്ചത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കൾ മംഗലാപുരത്താണ്. മംഗലാപുരത്ത് പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ കാസർകോട് പെൺകുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കുട്ടി അവശനിലയിലായതെന്ന് വിവരം ലഭിച്ചു. കോട്ടയത്ത് നഴ്‌സിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം ഉണ്ടായത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *