KERALA SPECIAL STORY

കൗമാര മഹോത്സവത്തിന്
തിരി തെളിയുമ്പോൾ – 03

നെല്ലിയോട്ട് ബഷീർ
വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ

1987ൽ കോഴിക്കോട്ട് അവതരിപ്പിച്ച സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ തവണ നേടാനായതും കോഴിക്കോടിനുതന്നെ – 18 തവണ. കപ്പിൽ ആദ്യത്തെ മൂന്നു തവണയും മുത്തമിട്ട തിരുവനന്തപുരത്തിന് പിന്നീടിങ്ങോട്ട് അത് കിട്ടാക്കനിയായി. എറണാകുളം നാലു തവണയും തൃശ്ശൂരും കണ്ണൂരും മൂന്നു തവണ വീതവും പാലക്കാട് അഞ്ച് തവണയും സ്വർണ്ണക്കപ്പ് സ്വന്തമാക്കി. അതിൽ രണ്ടായിരത്തിൽ നടന്ന കലോത്സവത്തിൽ എറണാകുളവും കണ്ണൂരും കപ്പ് പങ്കിടുകയാണ് ചെയ്തത്.

2009ൽ ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി മേളകൾ ഒന്നാക്കിയതോടൊപ്പം കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതിലും പരിഷ്‌കാരമായി. രണ്ടു വിഭാഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോൾ കപ്പു നൽകുന്നത്.

തൃശൂരിൽ 1986ൽ നടന്ന മേളയിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങൾ ഏർപ്പെടുത്തി. കവി ചെമ്മനംചാക്കോ ആയിരുന്നു പട്ടങ്ങളുടെ പേര് നിർദ്ദേശിച്ചത്.


കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയും പ്രഥമ പട്ടങ്ങൾ സ്വന്തമാക്കി. വിനീതും പൊന്നമ്പിളിയും പിന്നീട് അഭ്രപാളികളിലെ താരങ്ങളായി. വിനീത് കുമാർ, ദിവ്യാ ഉണ്ണി, വിന്ദുജമേനോൻ, മഞ്ജുവാര്യർ, കാവ്യാ മാധവൻ (ജില്ലാ കലാതിലകം), അമ്പിളീദേവി, ശിവജിത്ത് പത്ഭനാഭൻ തുടങ്ങിയ പ്രതിഭ-തിലകം പട്ടങ്ങൾ നേടിയ പലരും പിന്നീട് സിനിമാരംഗത്ത് ശ്രദ്ധേയരായി. കലാപ്രതിഭാ – തിലകം പട്ടങ്ങൾ നേടിയില്ലെങ്കിലും കെ എസ് ചിത്രയും വിനീത് ശ്രീനിവാസനും നവ്യാ നായരും യുവജനോത്സവ ഉൽപ്പന്നം തന്നെയാണ്.

88 ൽ കൊല്ലവും 89 ൽ എറണാകുളവും 90 ൽ ആലപ്പുഴയും 91 ൽ കാസർക്കോടും യുവജനോത്സവങ്ങൾക്ക് വേദിയായപ്പോൾ 92 ൽ തിരൂരും 93 ൽ ആലപ്പുഴയും 94 ൽ തൃശൂരും 95 ൽ കണ്ണൂരും 96ൽ കോട്ടയയവും മേളക്ക് നേതൃത്വപരമായ പങ്കുവഹിച്ചു.

നൃത്ത-നൃത്തേതര ഇനങ്ങളിൽ ഒരുപോലെ തിളങ്ങുന്നവർക്കുമാത്രം കലാപ്രതിഭ-കലാതിലകം പട്ടങ്ങൾ നൽകിയാൽ മതി എന്ന പരിഷ്‌കാരം 1999ൽ നിലവിൽ വന്നു. ആ വർഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങൾക്ക് അവകാശികളില്ലാതെ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീട് പട്ടങ്ങൾ നൽകുന്നത് നിർത്തലാക്കി. 2005ൽ ആതിര. ആർ.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്.ആ വർഷം പ്രതിഭാ പട്ടം ഉണ്ടായിരുന്നില്ല.

ഏറ്റവും കൂടുതൽ കലാതിലകങ്ങളുണ്ടായത് പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നാണ് – 5 എണ്ണം. കലാപ്രതിഭകളിൽ അഞ്ച് പട്ടങ്ങളുമായി കോട്ടയമാണ് മുന്നിൽ.

കലാതിലകം പട്ടത്തിന് അർഹയാണെന്ന കോടതി വിധി നേടി തൊട്ടടുത്ത വർഷത്തെ ഉദ്ഘാടന സമ്മേളനത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ അനുഭവമുള്ളത് തൃശ്ശൂരിൽ നിന്നുള്ള അപർണ്ണ കെ. ശർമ്മയ്ക്കാണ്. 2000-ൽ പാലക്കാട് വച്ച് നടന്ന കലോത്സവത്തിൽ സാങ്കേതിക കാരണങ്ങളാൽ കലാതിലകപട്ടം നിഷേധിക്കപ്പെട്ട അപർണ്ണ, പിന്നീട് കോടതി കയറി അനുകൂല വിധി നേടുകയും 2001-ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ കയ്യിൽനിന്നും കിരീടം സ്വീകരിക്കുകയും ചെയ്തു.

97,98,99, വർഷങ്ങളിൽ എറണാകുളം, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളായിരുന്നു മേളക്ക് ആതിഥ്യമരുളിയത്.2000 ൽ പാലക്കാട്ടും 2001 ൽ തൊടുപുഴയിലും നടന്ന കലോത്സവം 2002 ൽ വീണ്ടും കോഴിക്കോട്ടെത്തി.

61 കലോത്സവങ്ങളിൽ ഏറ്റവും കൂടുതൽ തവണ ആതിഥ്യമരുളാൻ സാധിച്ചത് കോഴിക്കോട് ജില്ലക്ക് തന്നെ 8 തവണ.7 തവണവീതം എറണാകുളവും തൃശൂരും ആതിഥേയരായി.6 തവണ തലസ്ഥാന നഗരിയിലുമെത്തി കലോത്സവം. ഇതുവരെയും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഏക ജില്ല വയനാടാണ്.

കലോത്സവമെന്നാൽ ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ഒരു തവണ പോലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ അവർക്ക് സാധിച്ചില്ല,
ഇന്നത്തെ കണ്ണൂരും കാസർകോടും അടങ്ങിയ വടക്കേ മലബാർ ജില്ലയായിരുന്നു ആദ്യ കലോത്സവത്തിലെ ചാമ്പ്യൻമാർ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി, കോഴിക്കോട് ജില്ലയാണ് കലോത്സവത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 1990ന് ശേഷം 5 ഹാട്രിക് അടക്കം 19 തവണ കോഴിക്കോട് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് വർഷക്കാലം റണ്ണേഴ്‌സപ്പായ പാലക്കാടാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ചാമ്പ്യൻമാർ. കൈവിട്ടു പോയ സുവർണ കിരീടം തിരിച്ചെടുക്കുക എന്നതു തന്നെയാണ് കോഴിക്കോട് ജില്ലയുടെ ലക്ഷ്യം.
നാലു തവണ കലോത്സവ കിരീടം പങ്കു വെക്കേണ്ടി വന്നിട്ടുണ്ട് 1975ൽ കോട്ടയവും ഇരിങ്ങാലക്കുടയും, 1980ൽ തിരുവനന്തപുരവും ആലുവയും (മുൻപ് വിദ്യാഭ്യാസ ജില്ലാ തലത്തിലായിരുന്നു മത്സരം) മില്ലേനിയം കലോത്സവമായ 2000ൽ കണ്ണൂരും എറണാകുളവും 2015ൽ കോഴിക്കോടും പാലക്കാടും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വർഷങ്ങളിൽ ആറുമാസം വീതം ഓരോ ജില്ലയും ഓവറോൾ ട്രോഫി കൈവശം വയ്ക്കുകയാണ് ഉണ്ടായത്.
ഏറ്റവും നേരിയ മാർജിനിൽ ചാമ്പ്യന്മാരായതിന്റെ റെക്കോർഡ് കോഴിക്കോടിനാണ്. 2007ൽ പാലക്കാടിനെ കേവലം ഒരു പോയിന്റ് മറികടന്നാണ് കോഴിക്കോട് അന്ന് കപ്പിൽ മുത്തമിട്ടത്. അപ്പീലുകൾ അപ്പീലുകൾ ആവശ്യത്തിലേറെ അനുവദിച്ചുകൊണ്ട് കോഴിക്കോടിനെ സംഘാടകർ സഹായിക്കുകയായിരുന്നു എന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരായ പാലക്കാട് അന്ന് പ്രതിഷേധ സൂചകമായി റണ്ണേഴ്സ് അപ്പ് ട്രോഫി ഏറ്റുവാങ്ങിയില്ല.

നൂറുകണക്കിന് ഇനങ്ങളും ആയിരക്കണക്കിന് മത്സരാർത്ഥികളുമായി അരങ്ങേറുന്ന കലോത്സവത്തിന്റെ റജിസ്ട്രേഷൻ നടപടികൾ അങ്ങേയറ്റം സങ്കീർണ്ണമായ ഒന്നായിരുന്നു. ഒരുപാട് അദ്ധ്യാപകർ ആഴ്ചകളോളം ഇരുന്നായിരുന്നു ഇതിന്റെ പേപ്പർ വർക്കുകൾ ചെയ്തുകൊണ്ടിരുന്നത്. റജിസ്ട്രേഷൻ നടപടികളും ഫലപ്രഖ്യാപനവുമെല്ലാം വേഗത്തിലും എളുപ്പത്തിലുമാക്കാനായി 2001-ൽ നൂറു ശതമാനം കമ്പ്യൂട്ടർവൽക്കരണം കൊണ്ടുവന്നു.
അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ വി.പി. ജോയ് ആയിരുന്നു അതിന് മുൻകൈ എടുത്തത്. ഐ.എസ്.ആർ.ഒ.യിൽനിന്നും രാജിവെച്ച് തൃശ്ശൂരിലെ ഡോൺബോസ്‌കോ സ്‌കൂളിൽ ഐ.ടി. അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ശ്രീ ഗ്രിഗറി ആണ് കലോത്സവത്തിലെ റജിസ്ട്രേഷൻ നടപടികൾ അത്യന്തം ലഘൂകരിച്ചുകൊണ്ടുള്ള സോഫ്ട്വെയർ രൂപകൽപ്പന ചെയ്തത്.
സബ്ജില്ലാതലത്തിൽനിന്നുതന്നെ സോഫ്ട്വെയർ അനായാസം ഉപയോഗിച്ചുതുടങ്ങി. ഒരുതലത്തിൽ നിന്നും അടുത്തതലത്തിലേക്കുള്ള വിവരങ്ങളുടെ ചിട്ടയായ ഒഴുക്ക് കലോത്സവനടത്തിപ്പിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഞൊടിയിടയിൽ ഫലപ്രഖ്യാപനവും സ്‌ക്രീൻ ഡിസ്പ്ലെയുമെല്ലാം സാധ്യമായി. 2003-ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തോടുകൂടി സർട്ടിഫിക്കറ്റുകളും സോഫ്ട്വെയർ ഉപയോഗിച്ച് തൽക്ഷണം തയ്യാറാക്കാൻ തുടങ്ങി.
തുടർച്ചയായി ഏഴു വർഷങ്ങളിൽ ശ്രീ. ഗ്രിഗറി സോഫ്ട്വെയർ നിയന്ത്രിക്കുകയുണ്ടായി. യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സോഫ്ട്വെയർ കലോത്സവ നടത്തിപ്പിന്നായി അദ്ദേഹം നൽകുകയായിരുന്നു.

1992ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ കലോത്സവ മാന്വൽ പുറത്തിറക്കിയിരുന്നു. മത്സരങ്ങൾക്കും നടത്തിപ്പിനും ഏകതാനമായ ഒരു രൂപം കൈവരുത്താനായിരുന്നു അത്. പ്രൈമറി തലത്തിൽ മാത്രമായിരുന്ന ബാലകലോത്സവം യു. പി. തലംവരെ ആക്കിയതും അതിന് റവന്യൂജില്ലാതലം വരെ പരിധി നിശ്ചയിച്ചതും 1992ലായിരുന്നു. സംസ്ഥാനതല മത്സരങ്ങൾ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി മാത്രമാക്കുകയും ചെയ്തു.

യുവജനോത്സവവും സംസ്‌കൃതോത്സവവും സമന്വയിപ്പിച്ച് ഒരു മേളയാക്കിയതും 1992ൽ തന്നെ. പിന്നീട് 1995ൽ കണ്ണൂരിൽവെച്ച് ടി.ടി.ഐ. കലോത്സവവും പി.പി.ടി.ടി.ഐ കലോത്സവവും ഈ മഹാമേളയുടെ ഭാഗമായി. ഒടുവിൽ 2009ൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയെല്ലാം ചേർത്ത് ഒരു മഹാമേളയായി നടത്താൻ തീരുമാനമായി. അന്നു മുതലാണ് യുവജനോത്സവം എന്ന ടൈറ്റിൽ കേരള സ്‌കൂൾ കലോത്സവം എന്നായത്. ടി.ടി.ഐ. കലോത്സവങ്ങൾ വേർപെടുത്തുകയും ചെയ്തു.2012 ൽ ആണ് ആൺകുട്ടികളുടെ കേരള നടനവും 2013 ൽപുതിയ 14 ഇനങ്ങളും ഉൾപ്പെടുത്തി മാന്വൽ പരിഷ്‌കരിച്ചു.2014 മുതൽ ഐ ടി @ സ്‌കൂൾ കലോത്സവ മേഖലയിലേക്കും കടന്നു വന്നു. ഇൻഫർമേഷൻ ടെക്‌നോളജി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക വഴി തത്സമയ പോയന്റ് അപ്‌ഡേഷൻ ലഭ്യമായി. ഇന്ന് മത്സരങ്ങൾ നടന്ന വേദിയിൽ നിന്നു തന്നെ റിസൾട്ട് അപ്‌ഡേറ്റ് ചെയ്തു തുടങ്ങി.

കലോത്സവവുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിൽ പക്കമേളത്തിനും പിൻപാട്ടിനും പകരം റെക്കോഡ് ചെയ്തും ഉപയോഗിക്കാമെന്ന പരിഷ്‌കരണമുണ്ടായത് 1985 കലോത്സവം മുതലാണ്.2005 മുതൽ പ്രച്ഛന്നവേഷ മത്സരം ഒഴിവാക്കിയതും നൃത്ത ഇനങ്ങൾക്ക് സി ഡി മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശവും വന്നു.

അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാൻ 2006ൽ ഗ്രേഡിംഗ് സംവിധാനവും കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. മത്സരമല്ല ഉത്സവമാണ് നമുക്ക് വേണ്ടത് എന്ന കുഞ്ഞുണ്ണിമാഷിന്റെ ഉപദേശത്തെ അനുസരിച്ചുകൊണ്ടുള്ള നിയമാവലികൾക്കും നടത്തിപ്പിനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇന്ന് പ്രാധാന്യം നൽകുന്നത്.

1957ൽ കേവലം 400ഓളം വിദ്യാർത്ഥികൾക്ക് 20ൽ ചുവടെയുള്ള മത്സരങ്ങളിൽക്കായി ഒരു വേദിയിൽവെച്ച് സംഘടിപ്പിക്കപ്പെട്ട സ്‌കൂൾ കലോത്സവം, ഇന്ന് 200ൽ പരം മത്സരങ്ങളിൽ 12,000 ത്തോളം വിദ്യാർത്ഥികൾ 24 വേദികളിലായി മാറ്റുരയ്ക്കുന്ന മഹോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മഹിമയ്ക്ക് തിലകക്കുറിയായ ഈ മേളയുടെ പെരുമ ലോകം മുഴുവൻ വാഴ്ത്തപ്പെട്ടിരിക്കുന്നു.

ഏത് വർഷങ്ങളിലൊക്കെ കലോത്സവം കോഴിക്കോട്ടെത്തിയിട്ടുണ്ടോ ആവർഷങ്ങളിലെല്ലാം മേളക്ക് വഴിത്തിരിവ് ഉണ്ടായിട്ടുണ്ട്. 60 ൽ ആദ്യമായി കോഴിക്കോട്ട് മേള നടന്നപ്പോഴാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.76 ലെ കോഴിക്കോട്ടെ മേളയിലാണ് ആദ്യമായി ഘോഷയാത്ര ആരംഭിച്ചത്. കോഴിക്കോട്ട് നടന്ന 87ലെ യുവജനോത്സവത്തിൽ ആദ്യമായി സ്വർണകപ്പിൽ തിരുപനന്തപുരം മുത്തമിട്ടു.94 ലാണ് ബാലകലോത്സവവും യുവജനോത്സവവും ഒന്നിച്ചു ചേർന്നത്.2002 ൽ കോഴിക്കോട് നടന്നപ്പോൾ സ്വർണക്കപ്പ് ഇങ്ങെടുത്തു,അത് ഒരു തുടക്കം മാത്രമായിരുന്നു.2010 മേളയിൽ നിന്നാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) നിലവിൽ വന്നത്. 2015ലെ കലാത്സവം ഐ ടി @ സ്‌കൂളിന്റെ തൽസമയ പോയന്റ് അപ്‌ഡേഷനോടെ പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.

അറുപത്തി ഒന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 3ന് കേരളത്തിന്റെ ബഹു.മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ കോഴിക്കോട്ട് തിരി തെളിയിക്കുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും ഉറ്റുനോക്കുന്നത്. കേരളത്തിന്റെ എല്ലാ മനസ്സുകളും സമ്പൂർണമായി കണ്ണും കാതും അർപ്പിക്കുന്ന മേളയായിരിക്കും എന്നത് തീർച്ചയാണ്. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യം വിശ്വപ്രസിദ്ധമാണ്. കച്ചവടവും സംസ്‌കാരവും കലയുമെല്ലാം ഒരു ജുഗൽബന്ദി പോലെ ലോകത്തിന് സമ്മാനിക്കുന്ന നാടാണ് കോഴിക്കോട്. ആ പാരമ്പര്യവും പൈതൃകവും നിലനിർത്തുക തന്നെ ചെയ്യും.

ഒട്ടേറെ സവിശേഷതകളുമായാണ് നാം കലോത്സവത്തെ വരവേൽക്കുന്നത്. ഇത് ഒരു റിവഞ്ച് കലോത്സവമാണ്, കോവിഡെടുത്ത രണ്ടു വർഷങ്ങൾ തിരിച്ചുപിടിക്കാൻ കൂടിയുള്ള കലോത്സവം. ചരിത്രത്തിൽ ആദ്യമായി പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ എട്ട് ഏക്കർ വിസ്തൃതിയുള്ള വിക്രം മൈതാനത്തിൽ 60000 ചതുരശ്ര അടി വിസ്തീർണത്തിൽ വേദിയൊരുങ്ങുന്നു, 15000 പേർക്ക് ഇരുന്ന് പരിപാടി ആസ്വദിക്കാനാകും. പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പു വരുത്തുന്നു. കലോത്സവത്തോടനുബന്ധിച്ച് നടത്തിപ്പോരാറുള്ള ഘോഷയാത്ര ഒഴിവാക്കുകയും ദൃശ്യാവിഷ്‌കാരം എന്ന കൺസപ്റ്റ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മത്സരത്തിനുള്ള കാലതാമസം ഒഴിവാക്കാൻ ഔപചാരിക ഉദ്ഘാടന കർമ്മം രാവിലെ നടക്കുന്നു. മാത്രമല്ല മത്സരങ്ങൾ 5 ദിവസങ്ങളിലായി 24 വേദികളിൽ ക്രമീകരിച്ചിരിക്കുന്നു. മത്സരാർത്ഥികൾക്ക് വേദി കണ്ടെത്താൻ പ്രോഗ്രാം നോട്ടീസിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിക്കുന്നു. കോഴിക്കോട്ടെ പ്രശസ്ത സാഹിത്യകാരൻമാരുടെ പുസ്തകങ്ങൾ ഉദ്ഘാടന-സമാപന പരിപാടിയിൽ വിശിഷ്ടാതിഥികൾക്ക് ഉപഹാരമായി നൽകുന്നു. വേദി 2 സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിൽ കലോത്സവത്തിന്റെ ഭാഗമായി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ സജ്ജീകരിക്കുന്നു. കല, സാഹിത്യം, ചിത്രകല, കൃഷി, പരിസ്ഥിതി എന്നീ മേഖലയിൽ നിന്നും സ്റ്റാളുകൾ തിരഞ്ഞെടുക്കുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിന്റെ സ്വാദ് മൂന്നാം തവണയും കോഴിക്കോടൻ പെരുമയാവുന്നു.ഓരോ സമയവും പതിനയ്യായിരത്തിലേറെ പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര ഒരുങ്ങുന്നു. എ ഗ്രേഡ് ലഭിക്കുന്ന മുഴുവൻ ജേതാക്കൾക്കും ട്രോഫിയും പ്രൈസ് മണിയും നൽകുന്നു. മാത്രമല്ല മറ്റു ഗ്രേഡുകൾ വാങ്ങുന്നവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കുന്നു.158 പേജിൽ തീർത്ത കലോത്സവ സോവനീറിന്റെ 12000 കോപ്പികൾ സമാപന ദിവസം പ്രകാശനം നടത്താൻ തക്ക രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. കലോത്സവത്തിന് മാറ്റേ കാൻ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നു.അറുപത്തി ഒന്ന് ചിത്രകാരന്മാർ അണിനിരക്കുന്ന സമൂഹ ചിത്രരചനയോടെ അനൗപചാരികമായി കർട്ടൻ ഉയരുന്നു.
പാലക്കാട് ജില്ലയുടെ കൈവശമുള്ള സ്വർണക്കപ്പിന് വരവേൽപ്പ് നൽകുന്നതിനോടു കൂടി കലോത്സവം ലോഞ്ച് ചെയ്യുന്നു.

കലാകേരളത്തിന്റെ ഏറ്റവും വലിയ പ്രദർശന മാമാങ്കം കേരള സ്‌കൂൾ കലോത്സവം തന്നെയാണ്.നിരവധി കലാകാരന്മാരേയും കലാകാരികളേയും അത് കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു. നമ്മുടെ പൈതൃകത്തിന്റെ ദീപശിഖാ വാഹകരായി ഈ കലാകാരന്മാൻ മറ്റൊരു തലമുറയെ വളർത്തിയെടുക്കുമെന്ന് നമുക്ക് ആശിക്കാം. എങ്കിലും വിമർശനാത്മകമായി നമുക്ക് കാണാവുന്ന ചിലതുണ്ട്.ആർട്ട് മ്യൂസിക്ക് ടീച്ചേഴ്‌സ് ഉൾപ്പെടെ അധ്യാപക കൂട്ടായ്മയുടെ കരുത്ത് പാവപ്പെട്ട കുട്ടികളുടെ സർഗാത്മക വഴികളിൽ തണലായി നിന്ന പഴയ കാലത്തു നിന്ന് പ്രൊഫഷണലുകളുടെ യാന്ത്രികമായ സാന്നിധ്യം കലോത്സവത്തെയും മങ്ങലേൽപ്പിക്കുന്നതു കാണാം.അവരാണ് കലയുടെ ഗതിയും വിധിയും നിർണയിക്കുന്നത് എന്നും കാണുന്നു. ഇന്നത്തെ കലോത്സവങ്ങളിൽ ബ്യൂറോക്രാറ്റുകളുടെ അമിതമായ ഇടപെടൽ പ്രകടമാണ്. കലോത്സവത്തിന്റെ പേരിലുള്ള ആർഭാടങ്ങൾ കലാകാരന്മാരെയല്ല കരാറുകാരെയാണ് സന്തോഷിപ്പിക്കുന്നത്.മാന്വൽ പരിഷ്‌കരണവും ഗ്രേഡിങ്ങ് സമ്പ്രദായവും മറ്റ് അനുബന്ധ മാറ്റങ്ങളും നിലവിൽ വന്നെങ്കിലും പലപ്പോഴും സ്‌കൂളുകൾ തമ്മിലും രക്ഷിതാക്കൾ തമ്മിലുമുള്ള അനാരോഗ്യമായ മത്സരങ്ങളിലേക്ക് സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് കലോത്സവം ഇപ്പോഴും നേരിടുന്ന പ്രശ്‌നം.ഇത്തരം അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പും കലാരംഗത്തെ പ്രതിഭകളും ഉൾക്കൊള്ളുന്ന ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. കേരള സ്‌കൂൾ കലോത്സവം കുട്ടികളുടേതാണ്, അത് കുട്ടികൾക്ക് വിട്ടുകൊടുക്കുക തന്നെ വേണം. കണ്ടും കേട്ടും കളിച്ചും ചിരിച്ചും ആടിയും പാടിയും അവർ തിമർക്കട്ടെ…(അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *