കൗമാര മഹോത്സവത്തിന്
തിരി തെളിയുമ്പോൾ -02

നെല്ലിയോട്ട് ബഷീർ
വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ
എട്ടാമത് കലോത്സവ മത്സരങ്ങൾക്കായി തിരുവല്ല എസ്. സി. എസ്. ഗ്രൗണ്ടിൽ പ്രത്യേക സ്റ്റേജും പന്തലും ഒരുക്കിയിരുന്നു. ഗ്രൂപ്പിനങ്ങളിൽ ഒരു ജില്ലയിൽനിന്നും ഒരു ഗ്രൂപ്പ് മാത്രം എന്നു തീരുമാനമായി. ഭരതനാട്യവും നാടോടിനൃത്തവുമൊഴിച്ചുള്ള മറ്റെല്ലാ ഇനങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. പ്രസംഗമത്സരത്തിൽ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.
ഷൊർണൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലെ കമനീയമായ പന്തലിൽ വച്ചായിരുന്നു ഒമ്പതാമത് കലോത്സവം. 10,250 രൂപയുടെ ബഡ്ജറ്റുണ്ടായിരുന്ന ഈ കലോത്സവം പങ്കാളിത്തംകൊണ്ടും ക്രമീകരണങ്ങൾകൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി. എങ്കിലും ചില മത്സരങ്ങളുടെ നിലവാരം മോശമായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടത്.
സ്‌കൂൾ അടിസ്ഥാനത്തിലുള്ള കലോത്സവങ്ങൾ പൂജവെയ്പിനുള്ള അവധിക്കും ജില്ലാ അടിസ്ഥാനത്തിലുള്ളവ ക്രിസ്തുമസ് അവധിക്കാലത്തുമായിരുന്നു നടത്തിപ്പോന്നിരുന്നത്. ഓരോ ജില്ലയിൽനിന്നുമുള്ള വിദ്യാർത്ഥികളെ ഒന്നോ രണ്ടോ അദ്ധ്യാപകരാണ് സംസ്ഥാന തലത്തേക്ക് കൊണ്ടുപോയിരുന്നത്. രക്ഷിതാക്കൾ കുട്ടികളോടൊപ്പം പോകുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.
ആദ്യ കലോത്സവങ്ങളിലെ ഗ്ലാമർ ഇനം നാടകമായിരുന്നു എന്ന് പഴയ സംഘാടകരുടെയും അദ്ധ്യാപകരുടെയും അനുഭവക്കുറിപ്പുകളിൽ കാണുന്നത്. നാടകങ്ങൾ കാണാൻ രാത്രി വൈകുവോളം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ തടിച്ചുകൂടുന്നത് കലോത്സവങ്ങളിലെ പതിവു കാഴ്ചയായിരുന്നു.അത് ഇന്നും നിലനിന്നു പോരുന്നു എന്ന് നമുക്ക് കാണാം. എന്നാൽ അക്കാലത്ത് നൃത്ത ഇനങ്ങൾക്ക് പൊതുജനങ്ങളെ കാര്യമായി ആകർഷിക്കാനായില്ല.എന്നാൽ ഇന്ന് ജനപങ്കാളിത്തം കൊണ്ട് മേള ജനകീയ കലോത്സവമായി മാറിയിരിക്കുന്നു.

കലോത്സവ ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ സുപ്രധാനമായ സംഭാവനകൾ നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ ഗണേശയ്യർ. കലാതൽപരനായിരുന്ന അദ്ദേഹം ചേർത്തല ഗവ. മോഡൽ ഹൈസ്‌കൂളിലെ പ്രധാനദ്ധ്യാപകനായിരുന്നു.പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറായാണ് റിട്ടയർ ചെയ്തത്. കലോത്സവത്തിലെ മത്സര ഇനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും ഓരോന്നിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിലും മൂല്യനിർണ്ണയോപാധികൾ നിജപ്പെടുത്തുന്നതിലുമെല്ലാം വളരെ ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുള്ള കർമ്മയോഗിയായിരുന്നു അദ്ദേഹം.
1966, 67, 72, 73 വർഷങ്ങളിൽ പാകിസ്ഥാനുമായുള്ള യുദ്ധത്തെ തുടർന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കാരണം കലോത്സവങ്ങൾ നടന്നില്ല. ആദ്യം കാശ്മീരിനെചൊല്ലിയും രണ്ടാം തവണ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലുണ്ടായ ഇന്ത്യാ-പാക് യുദ്ധങ്ങളുമാണ് കലോത്സവ ചരിത്രത്തിൽ വിടവുകൾ സൃഷ്ടിച്ചതെങ്കിൽ 2020,2021 വർഷങ്ങളിൽ കോവിഡ് രോഗവ്യാപനത്തെത്തുടർന്നാണ് കേരള സ്‌കൂൾ കലോത്സവം നടത്താൻ പറ്റാതെ വന്നത്.
1960കളുടെ അവസാനത്തോടെ വിദ്യാഭ്യാസമന്ത്രിമാർ കലോത്സവത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങി തുടങ്ങി. 1968ൽ തൃശൂരിൽ നടന്ന പത്താമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ്കോയ ആയിരുന്നു. സമാപന ദിവസം മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു സമ്മാനദാനം നിർവഹിച്ചത്. പിന്നീടിങ്ങോട്ട് നടന്ന കലോത്സവങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റു പ്രമുഖ മന്ത്രിമാരും മേളകളിൽ സ്ഥിരമായി സംബന്ധിച്ചുപോന്നു. കലോത്സവങ്ങൾക്ക് കൂടുതൽ മാധ്യമശ്രദ്ധയും പൊതുജനപങ്കാളിത്തവും ഉണ്ടാവാൻ അത് കാരണമായി.1969ൽ കോട്ടയത്തായിരുന്നു മേള.
1970 ആയപ്പോഴേക്കും ഇരിങ്ങാലക്കുട കലോത്സവത്തിൽ വലിയ പന്തലുകളും ഉയർന്ന സ്റ്റേജും ഒക്കെ സജ്ജീകരിക്കാൻ തുടങ്ങി. 1971ൽ ആലപ്പുഴയിൽ നടന്ന മേളയിൽ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച യുവജനോത്സവഗാനം എല്ലാവരെയും ആകർഷിച്ചു. എല്ലാ ജില്ലകളുടെയും പതാകകൾ ഉയർത്തുന്ന ചടങ്ങ് ഏർപ്പെടുത്തി. സമ്മാനാർഹമായ ഇനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.
പണ്ഡിതനും കലാതൽപരനുമായ ശ്രീ. ആർ. രാമചന്ദ്രൻനായർ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടുകൂടി കലോത്സവത്തിന്റെ ഒരു പരിവർത്തനഘട്ടത്തിന് തുടക്കമായി. ജനസ്വാധീനമുള്ള കൂടുതൽ കലാരൂപങ്ങൾ ഉൾപ്പെടുത്തി, മത്സരഇനങ്ങളിൽ കാര്യമായ പരിഷ്‌കാരങ്ങൾ ഉണ്ടായി.74 ൽ മാവേലിക്കരയിലും 75 ൽ പാലായിലുമായിരുന്നു വേദി.പ്രസ്തുത വർഷത്തിലാണ് കഥകളിസംഗീതം,മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയവ മത്സര ഇനങ്ങളായത്.കലോത്സവത്തിനു മുമ്പുള്ള ഘോഷയാത്ര ഏർപ്പെടുത്താൽ തീരുമാനിക്കുകയും അടുത്ത വർഷം മുതൽ നടപ്പിലാവുകയും ചെയ്തു.
1976ൽ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോത്സവം വളരെ വിപുലവും പ്രൊഫഷണലും ആയി സംഘടിപ്പിക്കപ്പെട്ടുതുടങ്ങി. കേരളത്തിന്റെ തനതു കലാരൂപങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ശ്രീ. ആർ. രാമചന്ദ്രൻനായരുടെ കാലഘട്ടം കലോത്സവത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാൻ എടുത്ത നടപടി സാംസ്‌കാരിക കേരളം എന്നും ഓർത്തുവെക്കും.
കലോത്സവ വേദികളിലെ വാർത്തകളും വിശേഷങ്ങളും മറ്റു കലാസൃഷ്ടികളും ഉൾപ്പെടുത്തിക്കൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിന് 1968-ൽ തൃശൂരിൽ തുടക്കമായിരുന്നു. വിജയികളുടെയും സംഘാടകരുടെയും വിധികർത്താക്കളുടെയുമെല്ലാം പേരുവിവരങ്ങളുമായി ഇറങ്ങിയ സ്മരണികകൾ ഓരോ കലോത്സവങ്ങളുടെയും ചരിത്രശേഷിപ്പുകളായി.

വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാർ അഴീക്കോട്, പവനൻ, വത്സല ടീച്ചർ, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവർ പത്രാധിപരായി മാറിയപ്പോൾ സ്മരണികകൾ മലയാളഭാഷക്കുള്ള കലോപഹാരങ്ങളായി. എം ടി, ഒ എൻ വി, അക്കിത്തം,യു എ ഖാദർ,ജി ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, തകഴി, ബഷീർ, ലളിതാംബിക അന്തർജ്ജനം, മാലി, കാരൂർ, ഉറൂബ്,എം. വി. ദേവൻ, കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കെ എസ് ചിത്ര, കാവ്യാ മാധവൻ, മഞ്ജു വാര്യർ, നവ്യാ നായർ, വിനീത്, സുധീഷ്, എം പി. അപ്പൻ, എം ജി എസ്, കെ കെ എൻ കുറുപ്പ്, സക്കറിയ, പി വത്സല, കെ പി രാമനുണ്ണി, കെ ഇ എൻ, കൽപ്പറ്റ നാരായണൻ, ആക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, പി കെ ഗോപി, കെ പി സുധീര, പി പി ശ്രീധരനുണ്ണി, തുടങ്ങി അനേകം സാഹിത്യ- കലാ കുലപതിമാർ സ്മരണികകളിൽ സദ്യവട്ടം ഒരുക്കി.
കലോത്സവത്തിനു മുന്നോടിയായി വർണ്ണശബളമായ ഘോഷയാത്ര ഒരുക്കുന്ന പതിവ് 1976ൽ കോഴിക്കോടാണ്, തുടങ്ങിയത്. മാനാഞ്ചിറ മൈതാനത്തുനിന്നും തുടക്കം കുറിച്ച് സാമൂതിരി ഹൈസ്‌കൂൾ നഗരിയിലേക്ക് ഘോഷയാത്ര നീങ്ങിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ. കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയെ വിദ്യാർത്ഥി സംഘങ്ങളും ബാന്റുവാദ്യക്കാരും, കോൽക്കളി സംഘങ്ങളും, അലങ്കരിച്ച വാഹനങ്ങളിൽ ഒരുക്കിയ നിശ്ചലദൃശ്യങ്ങളുമെല്ലാം അന്ന് കാണികളെ ആവേശഭരിതരാക്കി. 77 ൽ എറണാകുളവും 78ൽ തൃശൂരും 79 ൽ കോട്ടയവും 80 ൽ തിരുവനന്തപുരവും 81 ൽ പാലക്കാടും മേളക്ക് ആതിഥ്യമരുളി.
1982 ൽ ശ്രീ. ടി. എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായി ചാർജ്ജെടുത്തത് കലോത്സവ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും ഏതാണ്ട് ഇരട്ടിയായി. പരമാവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനും, എല്ലാ കേരളീയ കലാരൂപങ്ങൾക്കും പ്രാതിനിധ്യം നൽകാനും, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമുള്ള സജീവമായ നടപടികൾ അക്കാലത്ത് ഉണ്ടായി. 82ൽ കണ്ണൂരിലും 83ൽ എറണാകുളത്തും 84 ൽ കോട്ടയത്തുമായിരുന്നു യുവജനോത്സവം നടന്നത്.
1985ൽ എറണാകുളത്ത് കലോത്സവത്തിന്റെ രജത ജൂബിലി കൊണ്ടാടിയപ്പോഴേക്കും അതൊരു നിറപ്പകിട്ടാർന്ന മേളയായി മാറിക്കഴിഞ്ഞിരുന്നു.
1985ൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ രജതജൂബിലി കലോത്സവം നടക്കുമ്പോൾ, അന്നു പദ്യപാരായണത്തിലും കവിതാ രചനയ്ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മഹാകവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻആയിരുന്നു. തൊട്ടടുത്തെ മഹാരാജാസ് സ്‌കൂൾ ഗ്രൗണ്ടിൽ നെഹ്രു സ്വർണ്ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാൾ ടൂർണ്ണമെന്റ് നടക്കുന്നുണ്ടായിരുന്നു.പന്തുകളിക്കുന്നവർക്ക് സ്വർണ്ണക്കപ്പ് കിട്ടുമ്പോൾ കലോത്സവ ചാമ്പ്യന്മാർക്കും അതു കിട്ടേണ്ടേ എന്ന് വൈലോപ്പിള്ളിക്കു തോന്നി. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനു മുന്നിൽ തന്റെ നിർദ്ദേശം വച്ചു.കഴിയുമെങ്കിൽ 101 പവനുള്ള ഒരു സ്വർണ്ണക്കപ്പ് കലോത്സവത്തിനും ഏർപ്പെടുത്തണമെന്ന വൈലോപ്പിള്ളിയുടെ ആശയം, അടുത്ത വർഷത്തെ കലോത്സവത്തിൽ സാക്ഷാത്കരിക്കുമെന്ന് ശ്രീ ടി.എം. ജേക്കബ് സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത വർഷത്തെ കലോത്സവം കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകൾ ഉള്ള തൃശ്ശൂർ നഗരത്തിൽ വച്ചായിരുന്നു നടന്നത്.മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരിൽ ഉള്ള സ്വർണ്ണക്കടക്കാരെ ഒരു ചായ സൽക്കാരത്തിന് വിളിക്കുകയും, 101 പവന്റെ സ്വർണ്ണക്കപ്പിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അതിന്റെ നാലിലൊന്നുപോലും വാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാൻ കഴിയാതെ നിരാശനായ മന്ത്രി ആ വർഷം ജേതാക്കൾക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പിൽ ആറു പവന്റെ സ്വർണ്ണം പൂശി നൽകുകയായിരുന്നു.വരുന്ന വർഷമെങ്കിലും സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയേ തീരു എന്ന ഉറച്ച തീരുമാനമെടുത്ത മന്ത്രി ശ്രീ ടി.എം. ജേക്കബ് വളരെ നേരത്തെത്തന്നെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസർമാർ, മാനേജർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും സംഭാവന സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. അങ്ങനെ സ്വർണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു .പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘വിദ്യാരംഗ’ത്തിന്റെ ആർട്ട് എഡിറ്ററായിരുന്ന ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരായിരുന്നു കപ്പ് രൂപകൽപ്പന ചെയ്തത്. ശ്രീകണ്ഠൻ നായർ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുൻപ് ഗുരുവായൂരിൽ വച്ച് വൈലോപ്പിള്ളിയെ കണ്ടിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിർദ്ദേശിക്കുകയും ചെയ്തു. തൃശ്ശൂരിലെ ബെന്നി ടൂറിസ്റ്റ്ഹോമിലിരുന്ന് കേവലം ഒറ്റ ദിവസം കൊണ്ടാണ് ശ്രീകണ്ഠൻനായർ രൂപകൽപ്പന തയ്യാറാക്കിയത്.പത്തനംത്തിട്ടയിലെ ഷാലിമാർ ഫാഷൻ ജ്വല്ലറിയായിരുന്നു സ്വർണ്ണക്കപ്പുണ്ടാക്കാൻ ടെണ്ടർ ഏറ്റെടുത്തത്. കോയമ്പത്തൂർ മുത്തുസ്വാമി കോളനിയിലെ ടി.വി.ആർ നാഗാസ് വർക്സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏൽപ്പിച്ചത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂർത്തിയായപ്പോഴേക്കും 117.5 പവനായി. വർക്സ് ഉടമകളായ ടി. ദേവരാജനും ചിറ്റപ്പൻ വി. ദണ്ഡപാണിയുമായിരുന്നു പണിതീർത്ത കപ്പ് 1987ൽ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാൽ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാൻ ചെലവായത്. അഞ്ചുപേർ ചേർന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
വീട്ടിയിൽ തീർത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈയ്യിൽ വലംപിരിശംഖ് പിടിച്ചതുപോലെ സ്വർണ്ണക്കപ്പ്. തിരുവിതാംകൂർ രാജ്യചിഹ്നത്തെ ഓർമ്മിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയിൽ തീർത്ത പീഠത്തിനു മുകളിൽ ഗ്രന്ഥവും, അതിന്റെ മുകളിൽ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്നാണ് സാരം.
1987ൽ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വർണ്ണക്കപ്പിൽ മുത്തമിട്ടു.

കപ്പിന് താഴെ വെള്ളിത്തകിടിൽ Education Minister Golden Trophy എന്നും, അതിനു കീഴെയായി Instituted by T.M. Jacob, Minister for Education during 1986-87 എന്നും ആലേഖനം ചെയ്തുവച്ചിരുന്നത് വിവാദമായി. വരി മായ്ക്കണമെന്ന ആവശ്യം ഉയർന്നു. 1987ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരികയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ. ചന്ദ്രശേഖരൻ, മുൻ മന്ത്രിയുടെ പേര് കപ്പിൽ നിന്നും മായ്ക്കുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. 1988ൽ കൊല്ലത്തുനടന്ന കലോത്സവത്തിൽ പേരു മായ്ച്ച സ്വർണ്ണക്കപ്പാണ് ജേതാക്കളേറ്റുവാങ്ങിയത്.
ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങൾ എടുത്തുകളയുകയും ചെയ്തിട്ടും സ്വർണ്ണക്കപ്പ് ഇന്നും നിലനിൽക്കുന്നു. കലോത്സവത്തിന്റെ പ്രധാന ആകർഷണവും ഇതുതന്നെ. ജേതാക്കൾക്ക് ഒരു നിമിഷം മാത്രമേ സ്വർണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പൊലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയിൽ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. (തുടരും)