ART & LITERATURE DANCE & MUSIC KERALA Main Banner SPECIAL STORY

കൗമാര മഹോത്സവത്തിന്
തിരി തെളിയുമ്പോൾ -01

നെല്ലിയോട്ട് ബഷീർ
വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ

കൗമാരകലകളുടെ മഹോത്സവത്തിന് ഇനി മണിക്കൂറുകൾ മാത്രം.ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം എന്നു വിശേഷിപ്പിക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിന്റെ അറുപത്തി ഒന്നാം പതിപ്പാണ് കോഴിക്കോട്ട് 2023 ജനവരി 3 മുതൽ 7 വരെ നടക്കുന്നത്. അറുപത്തി ഒന്നാം കലോത്സവത്തിന് കോഴിക്കോട് ആഥിത്യമരുളുമ്പോൾ അതിന്റെ ചരിത്രവഴികളിലൂടെ നാഴികകല്ലുകളിലൂടെ കടന്നുപോവുകയാണിവിടെ….

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ച.

ബാലകലാമേള എന്നൊരു ചെറിയ ആശയം വളർന്ന്, ഇന്ന് നാം കാണുന്ന മഹോത്സവത്തിലെത്തി നിൽമ്പോൾ, അതിനു പുറകിൽ ഒരുപാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കലോപാസനയുടെയും ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും കഥ കാണാവുന്നതാണ്. വിദ്യാഭ്യാസ മന്ത്രിമാർ, വിദ്യാഭ്യാസ ഡയറക്ടർമാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, അദ്ധ്യാപക സംഘടനകൾ, പരിശീലകർ, പക്കമേളക്കാർ, ചമയക്കാർ, ഊട്ടുപുരക്കാർ, വളണ്ടിയർമാർ, എന്നിങ്ങനെ ഓരോ കലോത്സവങ്ങളുടെയും വിജയത്തിനായി രാപകലില്ലാതെ ഓടിനടന്നവർക്കുള്ള സ്ഥാനം, അരങ്ങിലെ താരങ്ങൾക്കൊപ്പം തന്നെയാണ്. അതുപോലെ കലോത്സവങ്ങളെ ഇത്ര ജനകീയമാക്കുന്നതിൽ, പത്ര-ദൃശ്യമാധ്യമങ്ങൾ നൽകിയ നിർലോഭമായ പിന്തുണയും വിസ്മരിക്കാനാവില്ല.

സ്‌കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായി നടക്കുന്ന കലോത്സവങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും തങ്ങളുടെ കഴിവിന്റെ മാറ്റുരച്ച് നോക്കുന്നത്. ഇവരിൽ പലരും പിന്നീട് മലയാള സിനിമാരംഗത്തും മറ്റ് കലാരംഗങ്ങളിലും ജനപ്രിയ താരങ്ങളായി വളരുകയും ചെയ്യുന്നു.

അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തിൽ കവിഞ്ഞുള്ള ആവേശവും, അപ്പീലുകളും, കോടതിയിടപെടലുകളുമെല്ലാം വികൃതചിത്രങ്ങളാവുന്നുണ്ടെങ്കിലും, കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഇത്ര വിപുലവും ജനകീയവുമായ രീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിക്കുന്ന ഒരു ഉത്സവം ലോകത്ത് മറ്റെവിടെയും ഉണ്ടാവുമോ എന്നതും സംശയമാണ്.

ഐക്യ കേരളത്തിനോളംതന്നെ പ്രായമുണ്ട് സ്‌കൂൾ കലോത്സവത്തിന്. രാജവാഴ്ച അവസാനിച്ച് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായത് 1956 നവമ്പർ ഒന്നിനാണെന്ന് പറയേണ്ടതില്ലല്ലോ. നവമ്പർ 22 ന് ഡോക്ടർ ബി രാമകൃഷണ റാവു സംസ്ഥാന ഗവർണറായി ചുമതലയേറ്റു. ആ കാലത്ത് കോളത്തിൽ രാഷ്ട്രപതി ഭരണമായിരുന്നു നിലവിലിരുന്നത്. മൗലാനാ അബ്ദുൽ കലാം ആസാദ് സർവ്വകലാശാലാ വിദ്യാർത്ഥികൾക്കു വേണ്ടി ഡൽഹിയിൽ ഏർപ്പെടുത്തിയ ഒരു യുവജനോത്സവത്തിൽ പങ്കെടുക്കാൻ അന്നത്തെ വിദ്യഭ്യാസ ഡയരക്ടറായിരുന്ന ഡോ.ഡി എസ് വെങ്കിടേശ്വരന് ക്ഷണം ലഭിച്ചു.പ്രഗത്ഭ ശാസത്ര ജ്ഞനും കലാസ്വാദകനുമായിരുന്നുവെങ്കിടേശ്വരന്റെ മനസ്സിൽ മുള പൊട്ടിയതാണ് ഇന്നത്തെ രീതിയിലുള്ള കേരള സ്‌കൂൾ കലോത്സവത്തിന് നാന്ദി കുറിച്ചത്.

മലയാളനാട്ടിലും ഏകദേശം അതേ മാതൃകയിൽ ഒരു കലാമേള സംഘടിപ്പിക്കുക എന്ന ചെറിയ ഒരാശയം.
1956 നവംബർ ഒടുവിൽ ഏതാനും ഡി.ഇ.ഒ മാരുടെയും ഹെഡ്മാസ്റ്റർമാരുടെയും ഒരു യോഗം ഡോ. വെങ്കിടേശ്വരൻ വിളിച്ചുകൂട്ടി. കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി കലാമേളകൾ സംഘടിപ്പിക്കുക എന്ന ആശയം ആ യോഗത്തിൽ അവതരിപ്പിക്കുകയും വിശദമായി ചർച്ച നടത്തുകയും ചെയ്തു.

പ്രത്യേകിച്ച് ഒരു രൂപരേഖയൊന്നുമില്ലാതെയാണ് ആദ്യ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. കുട്ടികളിലെ കലാപരമായ സിദ്ധികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കലാമേളകൾ സംഘടിപ്പിക്കുന്നു എന്നും കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ മേളയിലേക്ക് കൊണ്ടുവരാൻ പ്രധാനാധ്യാപകർ മുൻകൈ എടുക്കണമെന്നും ജില്ലാ ഓഫീസുകൾ മുഖേന എല്ലാ സ്‌കൂളുകളേയും വിവരമറിയിച്ചു. 1956 ഡിസംബർ മാസത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കേരളത്തിലെ 12 ജില്ലകളിലും യുവജന കലോത്സവങ്ങൾ നടത്തപ്പെട്ടു.

വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വെങ്കിടേശ്വര റാവുവും ഡെപ്യൂട്ടി ഡയരക്ടറായിരുന്ന രാമവർമ്മ അപ്പൻ തമ്പുരാനും ഹെഡ്മാസ്റ്ററായിരുന്ന ഗണേഷ അയ്യരും ചേർന്നായിരുന്നു സ്വാഗത സംഘം രൂപീകരിച്ചത്.1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ ആദ്യകലോത്സവത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിൽവെച്ച് നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ചില പ്രതികൂല സാഹചര്യങ്ങൾ കാരണം അവസാന നിമിഷം മേള എറണാകുളത്തേക്ക് മാറ്റുകയാണുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും, പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ. രാമവർമ അപ്പൻ തമ്പുരാനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേൾസ് സ്‌കൂളിലെ ഏതാനും ഹാളുകളിലും മുറികളിലും വച്ചാണ് മത്സരങ്ങൾ നടന്നത്. സമീപത്തുള്ള എസ്.ആർ.വി. സ്‌കൂളിലായിരുന്നു വിദ്യാർഥികളും അധ്യാപകരും കലോത്സവത്തിനായി ക്യാമ്പ് ചെയ്തത്.

60 പെൺകുട്ടികളുൾപ്പെടെ നാന്നൂറോളം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യ കലോത്സവത്തിൽ, ആകെ 13 ഇനങ്ങളിലായി 18 മത്സരങ്ങൾ ഉണ്ടായിരുന്നതായാണ് രേഖകളിൽ കാണാനാവുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം, ചിത്രകല, കരകൗശല പ്രദർശനം, കലാപ്രദർശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലെ എന്നിവയായിരുന്നു ഇനങ്ങൾ. ഇവയിൽ പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തിയത്.

സംഗീതത്തിനും നൃത്തത്തിനുമെല്ലാം ഉപവിഭാഗങ്ങൾ ഉണ്ടായിരുന്നില്ല. ശാസ്ത്രീയസംഗീതവും ലളിതസംഗീതവുമെല്ലാം ആലപിച്ചവരിൽനിന്നും ഒരു വിജയിയെ നിശ്ചയിച്ചു. അതുപോലെ നൃത്തവിഭാഗത്തിൽ ക്ലാസിക്കൽ കേരള സ്‌റ്റൈൽ, ഭരതനാട്യം, നാടോടിനൃത്തം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചവരിൽനിന്നും ഒരാൾ വിജയിയായി.

ചിത്രകല, കരകൗശല പ്രദർശനം, കലാപ്രദർശനം എന്നിവ ഒരു പ്രദർശനമായാണ് നടത്തിയത്. പ്രധാനധ്യാപകരുടെ സാക്ഷ്യപത്രങ്ങളോടെ കൊണ്ടുവന്ന പ്രദർശനവസ്തുക്കൾ ഒരു മുറിയിൽ പ്രദർശിപ്പിക്കുകയും വിധി കർത്താക്കൾ അവ പരിശോധിച്ച് സമ്മാനങ്ങൾ നിശ്ചയിക്കുകയും ചെയ്തു.ശാസ്ത്രമേളയും പ്രവർത്തിപരിചയ മേളയും ഇതിൽ നിന്ന് രൂപാന്തരം പ്രാപിച്ചതാണ് എന്നുതന്നെ പറയാം.

സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നീ ഗ്രൂപ്പിനങ്ങളിൽ, ഒരു ഗ്രൂപ്പിൽ പതിനൊന്ന് അംഗങ്ങൾ വരെ അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. നാടകത്തിന് 30 മിനിറ്റായിരുന്നു സമയപരിധി.

ഉത്സവത്തിന് എത്തിയവർക്കായി ഭക്ഷണം പാകം ചെയ്യാൻ അടുക്കള ഉണ്ടായിരുന്നില്ല. മത്സരത്തിനു വന്ന കുട്ടികളെയും അവരെ നയിച്ച അധ്യാപകരെയും ഗേൾസ് ഹൈസ്‌കൂളിനു എതിർവശത്തുള്ള ഹോട്ടലിലേക്ക് ഫുഡ് ടോക്കണും നൽകി വിടുകയാണുണ്ടായത്. എടുത്തു പറയേണ്ട വസ്തുത യുവജനോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാപ്പടി കിട്ടിയിരുന്നു എന്നുള്ളതാണ്.ബസ്സ് ചാർജ്ജോ, മൂന്നാംക്ലാസ് ട്രെയിൻ ചാർജ്ജോ ആയിരുന്നു സൗജന്യത്തിന് വിധേയമായി അനുവദിച്ചത്. 12 മണിക്കൂറിലധികമുള്ള യാത്ര ചെയ്യേണ്ടി വന്നവർക്ക് യാത്രാവേളയിലെ ഭക്ഷണത്തിനായി ആളൊന്നിന് ഒരു രൂപ വീതം അധികം നൽകിയിരുന്നു.

ജനുവരി 27ന് വൈകീട്ട് കൊച്ചിൻ ഫോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. എം. എസ്. വെങ്കിട്ടരാമന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വെച്ച് ആദ്യ കലോത്സവത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. വിദ്യാഭ്യാസ ഡയറക്ടർ ഡോ. വെങ്കിടേശ്വരൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകളായിരുന്നു വിജയികൾക്ക് നൽകിയത്. സമ്മാനദാനത്തിനു മുൻപായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറിയിരുന്നു.

കേരളത്തിലെ ആദ്യമന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങൾക്കുശേഷമായിരുന്നു രണ്ടാമത് സംസ്ഥാന യുവജനോത്സവം നടന്നത്. 1958 ജനുവരിയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് മൂന്നു ദിവസമായാണ് മത്സരങ്ങൾ അരങ്ങേറിയത്.

ഗ്രൂപ്പിനങ്ങളിൽ ആറുപേരിൽ കൂടുതൽ പാടില്ല എന്നും ഭരതനാട്യം പെൺകുട്ടികൾക്ക് മാത്രമേയുള്ളൂവെന്നുമുള്ള നിബന്ധനകൾ 1958-ൽ നിലവിൽവന്നു. വായ്പാട്ടിന് പള്ളുരുത്തിയിലെ യേശുദാസനും, മൃദംഗത്തിനു ജയചന്ദ്രൻ കുട്ടനും ഒന്നാം സമ്മാനം നേടിയത് ഈ മേളയിലാണ്. അവിടെനിന്നാണ് ഇവർ മലയാളത്തിന്റെ പ്രിയപ്പെട്ട കെ.ജെ.യേശുദാസായും പി. ജയചന്ദ്രനായും വളർന്നത്.

എറണാകുളത്തിനും തിരുവനന്തപുരത്തിനും ശേഷം മൂന്നാമത്തെ കലോത്സവം മലബാറിലെ ഏതെങ്കിലുമൊരു സ്ഥലത്ത് നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പിന്നീട് വേദി പാലക്കാടായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാൽ പാലക്കാട് നഗരത്തിൽ അക്കാലത്ത് വസൂരിരോഗം പടർന്നു പിടിച്ചതിനാൽ, അവസാനം മേള ചിറ്റൂരിലേക്ക് മാറ്റുകയാണുണ്ടായത്.

നാലാം കലോത്സവം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിൽ നടന്നു. മാതൃഭൂമി പത്രാധിപർ ശ്രീ. കെ. പി. കേശവമേനോൻ ഉദ്ഘാടനം നിർവഹിച്ച ഈ മേളയിൽ 800ഓളം കുട്ടികൾ പങ്കെടുത്തു. കോഴിക്കോട്ടെ കലോത്സവം കാണാൻ വൻ ജനത്തിരക്കായിരുന്നു. എൻ.സി.സി,സ്‌കൗട്ട്, ഗൈഡ്‌സ് എന്നിവയുടെ സേവനം ജനത്തിരക്കു നിയന്ത്രിക്കുന്നതിനും അച്ചടക്കത്തോടുകൂടി മേള നടത്തുന്നതിനും പ്രയോജനപ്പെട്ടു. ശാസ്ത്രീയ സംഗീതത്തിൽ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഒന്നാം സ്ഥാനവും പാലാ സി.കെ. രാമചന്ദ്രൻ രണ്ടാം സ്ഥാനവും നേടിയത്, ഈ മേളയിലാണ്.

അഞ്ചാം സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിൽ വച്ച് ഗവർണർ ശ്രീ. വി. വി. ഗിരിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഗവർണർ അന്ന് എൻ.സി.സിയുടെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.

ചങ്ങനാശ്ശേരിയിലെ പെരുന്ന എൻ. എസ്. എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ആറാം കലോത്സവത്തിൽ വിഭവസമൃദ്ധമായ സദ്യ മൂന്നു ദിവസവും ഏർപ്പെടുത്തിയിരുന്നു. ഓരോ വിഭാഗത്തിൽനിന്ന് ഓരോരുത്തരെ മാത്രം സംസ്ഥാനതലത്തിലേക്ക് പരിഗണിച്ചാൽ മതി എന്ന നിയമം ഉത്സവകമ്മിറ്റിയുടെ നിവേദനത്തെ തുടർന്ന് പരിഷ്‌കരിച്ചതും 1962ലായിരുന്നു. ജില്ലയിൽ ഒന്നാം സമ്മാനം കിട്ടിയ എല്ലാവരെയും ഒറ്റക്കുള്ള ഇനങ്ങളിൽ പങ്കെടുക്കുവാൻ അനുവദിച്ചു.

ഒരു വിദ്യാഭ്യാസ വർഷത്തിൽ ഏറ്റവും നേരത്തെ സംസ്ഥാനതല കലോത്സവം പൂർത്തിയാക്കിയത് 1962-63ലായിരുന്നു. തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിൽ ഏഴാമത് സംസ്ഥാന കലോത്സവം നടന്നത് 1962 നവംബർ 29, 30, ഡിസംബർ 1 എന്നീ തിയതികളിലായിരുന്നു. അങ്ങനെ 1962 കലണ്ടർ വർഷത്തിൽ രണ്ട് കലോത്സവങ്ങൾ നടക്കുകയും 1963ൽ നടക്കാതെ വരികയും ചെയ്തു.

ഒരു വിദ്യാഭ്യാസ ജില്ലയിൽനിന്നും പരമാവധി 26 പേർക്ക് (19 ആൺകുട്ടികൾ, 7 പെൺകുട്ടികൾ) മാത്രമേ പങ്കെടുക്കാവൂ എന്നും നിജപ്പെടുത്തിയതും തൃശൂരിലെ ആദ്യ കലോത്സവത്തിലായിരുന്നു. പുല്ലാങ്കുഴൽ വായിച്ച് ശ്രീ. കെ. എസ്. ഗോപാലകൃഷ്ണൻ ഒന്നാം സമ്മാനം നേടിയതും ഇവിടെവെച്ചുതന്നെ. (തുടരും)

Related Posts

Leave a Reply

Your email address will not be published. Required fields are marked *