ഇ.പിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച് ഇ.പി

തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ ഇ.പി ജയരാജനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണം വേണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് ധാരണ. ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. ജയരാജൻ തയ്യാറായില്ല. എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാന പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി.ബി നിർദ്ദേശിച്ച സാഹചര്യത്തിൽ വിഷയം ഇന്ന് ചർച്ചയ്‌ക്കെടുത്തത്. വിഷയം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദൽ പ്രചരണപരിപാടികളും സി.പി.എം ആലോചിക്കുന്നുണ്ട്.