GURUSAGARAM KERALA SPECIAL STORY

ഗുരുദേവദർശനം ലോകമെങ്ങും പ്രകാശം ചൊരിയട്ടെ

ഡോ.ജയരാജു.എം
(മുൻ ഡയറക്ടർ, അനർട്ട്
ചെയർമാൻ മീഡിയ, ശിവഗിരി മഠം

ശിവഗിരി തീർത്ഥാടനം കഴിഞ്ഞ 90 വർഷങ്ങളായി ഭാരതത്തിൽ വിശിഷ്യാ കേരളത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ഭാരതത്തിൽ, ശിവഗിരി തീർത്ഥാടനത്തോട് ഉപമിക്കാൻ മറ്റൊരു തീർത്ഥാടനവും ഇല്ലാ എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഗുരുദേവൻ ഉപദേശിച്ച എട്ടു വിഷയങ്ങൾ അധികരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഏറെ മുന്നേറുന്നതിന് കേരളത്തിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഇന്നു കാണുന്ന അസമത്വവും, അരാജകത്വവും, വർണ്ണവിവേചനവും തുടങ്ങി മറ്റ് എല്ലാത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കും പരിഹാരം കാണാൻ ശ്രീനാരായണ ദർശനങ്ങൾക്ക് കഴിയുമെന്ന് നാം അറിയണം.
അതുകൊണ്ട് ഗുരുദേവ മന്ത്രം ലോകമെമ്പാടും പ്രകാശം ചൊരിയാനുള്ള അവസ്ഥ സംജാതമാക്കണം. അതിന് പ്രസംഗങ്ങളും പ്രഭാഷണങ്ങളും പഠനസാദ്ധ്യതകളും മാത്രം പോരാ എന്നു തിരിച്ചറിയാൻ നമുക്കാകണം. ലോകത്തിന്റെ നിറുകയിൽ നിന്നും ശ്രീനാരായണ ഗുരുദേവ ദർശനം പ്രചരിക്കുവാൻ കേന്ദ്രീകൃത ആസ്ഥാനം തന്നെ ഉണ്ടാകേണ്ടതാണ്. ഇനിയുള്ള ഓരോ ശ്രമവും ആ നിലയ്ക്കാകണം. ലോകരാഷ്ട്രങ്ങൾ ഗുരുദേവ ദർശനത്തിലേക്ക് ആകൃഷ്ടരാകാനുള്ള സാധ്യത ആ ദർശനങ്ങളുടെ പ്രഭവ സ്ഥാനം ആയ ശിവഗിരി മഠം തന്നെ. അവിടം കേന്ദ്രീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്താൽ ഒരു രാജ്യത്തു നിന്നും മറ്റു രാജ്യത്തേക്കു മഹിതമായ ഗുരുദർശനം സഞ്ചരിച്ചുകൊള്ളും.
ഭാരതത്തിന്റെ വരുംകാല യാത്ര ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിലൂടെയാണെന്നു സർവ്വാദരണീയനായ ഇന്ത്യയുടെ മുൻ പ്രഥമ പൗരൻ പ്രഖ്യാപിച്ചത് നമുക്കറിയാവുന്നതാണല്ലോ. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളുടെ മുന്നിലേക്കാണ് നമ്മുടെ മുൻ രാഷ്ട്രപതിയുടെ ഈ പ്രഖ്യാപനം. ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ രാജ്യമാകണം ഇന്ത്യയെന്നു മഹാഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഉരുവിട്ടുകൊണ്ടായിരുന്നു ആദരണീയനായ രാംനാഥ് കോവിന്ത് പാർലമെന്റിൽ ഈ പ്രഖ്യാപനം അന്ന് നടത്തിയത്.
പ്രത്യയശാസ്ത്രങ്ങൾ എന്തൊക്കെയുണ്ടായാലും ഏതെല്ലാം രാഷ്ട്രീയ പാർട്ടികളിലൂടെ അവയൊക്കെ ഉയർത്തിക്കാട്ടാനായാലും മനുഷ്യനു ഗുരുദേവ ദർശനത്തിനു തുല്യം ചാർത്താൻ മറ്റൊന്നില്ല എന്ന തിരിച്ചറിവാണല്ലോ രാഷ്ട്രം ഗുരുദർശനത്തിനു വിധേയപ്പെട്ടു മുന്നേറണമെന്ന് രാഷ്ട്രപതി പ്രഖ്യാപിക്കേണ്ടി വന്നത്. നയ പ്രഖ്യാപനങ്ങൾ ഒട്ടേറെ കേട്ടു കഴിഞ്ഞ നമ്മുടെ പാർലമെന്റിൽ ഇതുവരെ കേട്ടു തഴമ്പിച്ച പ്രഖ്യാപനങ്ങളെക്കാൾ മഹത്തരമായത് ശ്രീനാരായണ ഗുരുദേവ ദർശനമാണെന്നു വൈകിയാണെങ്കിലും തിരിച്ചറിയാനായി എന്നത് ഏറെ പ്രതീക്ഷ നൽകുന്നു ഒന്നാണ്.
കാലം മാറുന്നതിനനുസരിച്ച് നയങ്ങളും മാറണമെന്നുള്ള വലിയൊരു തിരിച്ചറിവിൽ നിന്നും ഉടലെടുത്തതായി മാറി മുൻ രാഷ്ട്രപതി പാർലമെന്റിൽ സമർപ്പിച്ച നയപ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവനും ഗുരുദേവ പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിച്ചു പോന്ന ആശയങ്ങൾ എന്താണെന്നുള്ള തിരിച്ചറിവിന്റെ കുറവുതന്നെയായിരുന്നു രാഷ്ട്രം നാളിതുവരെ ഗുരുദർശനം രാജ്യത്തിന്റെ വഴികാട്ടിയായി അംഗീകരിക്കാതിരുന്നത്. ശിവഗിരിമഠവും ഇതര സംഘടനകളും ഗുരുദേവ കല്പനകൾക്കു വിധേയപ്പെട്ടുള്ള പദ്ധതികൾക്കു രൂപം കൊടുത്തു അതിന്റെ തുടർ നടത്തിപ്പിനു ഭരണ വർഗങ്ങളെ സമീപിക്കുമ്പോൾ അവയ്ക്ക് അനുകൂല നിലപാടു സ്വീകരിക്കാൻ പലപ്പോഴും ബന്ധപ്പെട്ടവർ തുനിഞ്ഞിരുന്നില്ല എന്നതാണ് സത്യം. കാലാകാലങ്ങളായി ശിവഗിരിമഠവും മറ്റു സംഘടനകളും ആവശ്യപ്പെട്ടുപോന്ന കാര്യങ്ങളൊന്നും ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമായിരുന്നില്ല. മനുഷ്യ കുലത്തിനാകെ നന്മയെ പ്രധാനം ചെയ്യുന്ന തരം ആവശ്യങ്ങളായിരുന്നു വെന്നു പലപ്പോഴും കാണേണ്ടവർ അറിഞ്ഞിരുന്നില്ല. ജാതിയും – ജാതി ജന്യമായ ചിന്തകളുമായിരുന്നു ഭരണവർഗത്തെപ്പോലും പലപ്പോഴുംസ്വാധീനിച്ചിട്ടുള്ളത്. അപ്പോൾ പൊതുവായ പ്രശ്നങ്ങളെ ഒന്നാകെ സമീപിക്കേണ്ടവർക്കുമുന്നിൽ വന്നു ചേരുന്നത് പലപ്പോഴും ജത്യാധിഷ്ഠിത കാര്യങ്ങളാകാം. അത്രമാത്രം സ്വാധീന ശക്തികളായി മാറി സമുദായങ്ങൾ. ജാതി, മത ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞുപോന്ന സ്വാർത്ഥമായ മോഹങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയെ നയിക്കുന്നവരുടെയും മുന്നിൽ ഓരോ കാലത്തും വന്നു പെട്ടുകൊണ്ടുമിരുന്നു. ഭരണവർഗം പ്രീണിപ്പിക്കൽ നയത്തിന്റെ പേരിൽ മത – ജാതിസമുദായിക ശക്തികൾക്കു മുന്നിൽ അവരുടെ താല്പര്യ സംരക്ഷകരായി നിലകൊണ്ടും പോന്നു.
ശ്രീനാരായണ ദർശനം ഏതെങ്കിലും ഒരു പ്രത്യേക ജാതി – മത – വർഗത്തിന്റെ മാത്രം താര്യങ്ങളോടു വിധേയത്വം കാട്ടുന്നതല്ലെന്നു കണ്ടറിയാൻ ഇന്ത്യാ മഹാരാജ്യത്തിനു കഴിഞ്ഞതാകട്ടെ ഈ അടുത്ത കാലത്ത് മാത്രം. ഗുരുദേവനിലേക്കും ഗുരുദേവ ദർശനത്തിലേക്കും ആഴത്തിൽ കടന്നുചെല്ലാൻ ഭരണകർത്താക്കൾക്ക് പലർക്കും കഴിഞ്ഞിരുന്നില്ല. ഒരു രാഷ്ട്രത്തിന്റെ ഭരണ പരമായ കാഴ്ചപ്പാടുകളും നടത്തിപ്പു രീതികളും ജനങ്ങളെ ഒന്നായി കണ്ടുകൊണ്ടുള്ളതാകണം. അതിനു പറ്റാതെ വരുമ്പോഴാണ് തട്ടുകളായി – ജാതി – മത വർഗ ചിന്തകളിലൂടെ ജനതയെ കാണേണ്ടി വരുക.ഈ അവസ്ഥ നമ്മുടെ സമൂഹത്തിൽ നിന്നും മാറിയെ തീരൂ. അതിനുള്ള മാർഗം കണ്ടെത്താൻഇന്ത്യയ്ക്കും ഇന്ത്യയിലൂടെ ലോകത്തിനാകെയും കഴിയേണ്ടതാണ്.നമ്മുടെ രാജ്യം ഗുരുദേവ ദർശനം ഉൾക്കൊള്ളുമെന്നു പറയുമ്പോൾ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ ഇതര മേഖലകളിലേക്കും മഹിതമായ ഗുരുദർശനം എത്തിക്കാനുള്ള വഴി നമ്മൾ തുറക്ക
ണം. അതിനുള്ള പദ്ധതികൾ ശിവഗിരി മഠം ആവിഷ്‌ക്കരിക്കുമ്പോൾ സഹായിക്കാൻ കേരളത്തിലെയും ഭാരതത്തിലെയും സർക്കാരുകൾക്കാവണം. നമ്മുടെ സർക്കാരുകളിൽ പ്രതീക്ഷയർപ്പിക്കുന്നവരാണു ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരും. ഇനിയുള്ള ശ്രമങ്ങൾ ആ വഴിക്കാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ലോകമാകെ ഗുരുദർശനം എത്തിക്കാൻ ശിവഗിരിമഠം ശ്രമിക്കുമ്പോൾ അതിനെപിൻതുണക്കണമെന്നുള്ള ആവശ്യം ഉയർത്താൻ പാർലമെന്റിലും രാജ്യസഭയിലുമുള്ള ജനപ്രതിനിധികൾ തയ്യാറാകണം. എങ്കിൽ മാത്രമെ ഓരോ പ്രതിനിധിയുടെയും ആത്മാർത്ഥതഎവിടെ നില്ക്കുന്നുവെന്നു നമുക്ക് കണ്ടെത്താനാവൂ. ഈ ആത്മാർത്ഥത പ്രകടിപ്പിക്കാനുള്ള അവസരം നമുക്കു മുന്നിലുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനായാൽ അതിലൂടെ ഗുരുദർശനത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിഞ്ഞാൽ ലോകസമാധാനത്തിനു വേറെ മാർഗ്ഗം തേടേണ്ടതില്ല. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്ത്യരും എന്നുള്ളഭേദചിന്തകൾ ഇല്ലാതായി ഇവിടെ മനുഷ്യൻ ഒന്നാണെന്നുള്ള ഗുരുദേവ കല്പനസാക്ഷാത്ക്കരിക്കപ്പെടും.


സംസ്‌കാരം വ്യത്യസ്ഥമായാലും മനുഷ്യർക്കു ഒരുജാതി എന്ന ഗുരുവിന്റെ കാഴ്ചപ്പാടിലൂന്നി ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ത് ആഗ്രഹിച്ച ഗുരുദർശനത്തിലധിഷ്ഠിതമായ ഭാരതം എന്നത് ഗുരുദർശനത്തിലധിഷ്ഠിതമായ ലോകം എന്ന നിലയിലേക്കു അതിവിദൂര ഭാവിയിൽ എത്തിച്ചേരാൻ കഴിയും. അതിനുള്ള പ്രചോദനം ഉൾക്കൊള്ളാൻ 90ാമത് ശിവഗിരി തീർത്ഥാടനത്തിനെത്തിച്ചേരുന്ന ലക്ഷക്കണക്കായ തീർത്ഥാടകർക്കും വിശിഷ്യാ ഇത് ലോക ജനതയിലെത്തിക്കാൻ സമ്മേളന വേദികളിൽ എത്തിച്ചേരുന്ന് ഭരണകർത്താക്കൾക്കും കഴിഞ്ഞാൽ ഈ നവതി നിറവിൽ നടത്തപ്പെടുന്ന തീർത്ഥാടനം ഏറെ ശ്രദ്ധേയമാകും എന്ന് നിസ്സംശയം പറയാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *