മനശ്ശാന്തിക്കായി
ശിവഗിരിയാത്ര

ജിജു മലയിൻകീഴ്

നാലു പതിറ്റാണ്ടുകൾക്ക് മുൻപ് എന്റെ മാതാപിതാക്കളോടൊപ്പമാണ് ആദ്യമായി ഞാൻ ശിവഗിരിയിലെത്തുന്നത്. എന്താണ് ശിവഗിരി എന്ന് എനിക്ക് അക്കാലത്തറിയില്ലായിരുന്നു. ബസ്സിറങ്ങി കുറച്ചധികം ദൂരം നടന്ന് വലിയൊരു മൈതാനത്തിലെത്തി. ക്ഷീണം തോന്നിയതിനാൽ അവിടെ കുറച്ച് സമയം ഇരുന്നു. വീണ്ടും നടന്നു… അത് കുന്നിലേക്കുള്ള കയറ്റമായിരുന്നു. കയറ്റം കയറി മുകളിലെത്തിയപ്പോൾ അവിടെയൊരു ക്ഷേത്രം. ആ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി. താഴെ മറ്റൊരു ക്ഷേത്രം…അവിടെയും തൊഴുതു. ഇതേത് ക്ഷേത്രമെന്നൊന്നും അന്ന് മനസ്സിലായിരുന്നിില്ല. മനസ്സിലാവാനുള്ള പ്രായമായിരുന്നില്ല… കൗതുകങ്ങൾ ആസ്വദിച്ചുള്ള നാലുവയസ്സുകാരന്റെ ഒരു ആഹ്ലാദയാത്ര… കാലമേറെ കടന്നുപോയിട്ടും ആ കുന്നും പരിസരവും മനസിൽ തങ്ങി നിന്നിരുന്നു. അവിടെയൊരിക്കൽക്കൂടി പോകണമെന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞുനിന്നു. പക്ഷെ എന്റെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ആ സ്ഥലം ഏതാണ് എന്ന് നിശ്ചയമില്ലായിരുന്നു. പിന്നേയും വർഷങ്ങളൊരുപാട് കഴിഞ്ഞു…ഹൈസ്‌കൂൾ തലത്തിൽ പഠിക്കുമ്പോഴായിരുന്നു എനിക്ക് മനസിലായത് എന്റെ മനസിലുള്ളത് ശിവഗിരിക്കുന്നും പ്രദേശവുമാണ് എന്ന്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ചെമ്പഴഞ്ഞി ഗുരുകുലത്തിലെത്തിയപ്പോൾ അവിടെക്കണ്ട ഒരു ചിത്രമായിരുന്നു മനസിൽ പണ്ട് പതിഞ്ഞ ആ ദൃശ്യമേതെന്നറിയാൻ സഹായിച്ചത്. ദൃശ്യമാധ്യമങ്ങൾ ഒന്നും അധികം പ്രചാരത്തിലില്ലായിരുന്ന കാലമായതിനാലാകും ഒരു പക്ഷേ സ്ഥലനാമ മറിയാൻ കാലതാമസമെടുത്തത്. അതോ ഗുരുദേവന്റെ തീരുമാനമായിരുന്നോ…? അറിയില്ലെനിക്ക്…
എന്തായാലും ശിവഗിരി സന്ദർശനത്തിനും ഗുരു സമാധി ദർശനത്തിനും വീണ്ടും കാലങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പഠന – വിനോദ യാത്രക്കായി അധ്യാപകരും – വിദ്യാർത്ഥി പ്രതിനിധികളുമായിട്ടുള്ള കൂടിയാലോചന സമയത്ത് കുട്ടികൾ ഓരോരുത്തരായി പോകേണ്ട സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞു. എന്റെ ഊഴം എത്തിയപ്പോൾ ഞാൻ പറഞ്ഞത് ശിവഗിരി എന്നാണ്. മറ്റുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള എന്റെ അഭിപ്രായം എന്ത് കാരണത്താലോ അധ്യാപകർ അംഗീകരിച്ചു.
അഞ്ച് ദിവസത്തെ യാത്ര. ഒന്നാം ദിവസം രാവിലെ ഞങ്ങൾ ആദ്യം ശിവഗിരിയിലാണ് പോയത്. വിവിധ മതസ്തരായ വിദ്യാർത്ഥികളും അധ്യാപകരും ബസിന്റെ ഡ്രൈവറും സഹായിയുമടക്കം അൻപതിലധികം പേർ ശിവഗിരി മൊത്തം ചുറ്റിക്കറങ്ങി. എല്ലാവർക്കും ഇഷ്ടമായി. സമാധിദർശനം കഴിഞ്ഞ് ഭസ്മവും നെറ്റിയിൽ ചാർത്തി താഴെയെത്തിയപ്പോൾ സന്യാസിമാർ ഞങ്ങൾക്ക് എല്ലാപേർക്കും കഴിക്കാനായി വാഴപ്പഴം നൽകിയത് ഇപ്പോഴും ഓർക്കുന്നു. അങ്ങനെ ശിവഗിരിയിൽ ഒരിക്കൽക്കൂടിയെത്തണം എന്ന എന്റെ ആഗ്രഹം സാധിച്ചു.

എങ്കിലും ശിവഗിരിയിൽ വർഷത്തിലൊരിക്കലെങ്കിലും പോകണമെന്ന ആഗ്രഹം ബാക്കിയായിരുന്നു. ഭഗവാൻ ഗുരുദേവന്റെ നിശ്ചയമായിരിക്കാം എനിക്ക് അതിനായി വീണ്ടും കുറച്ച് വർഷങ്ങൾ കൂടി കാക്കേണ്ടതായി വന്നു. ഏകദേശം പത്ത് വർഷമായി ഞാൻ തുടർച്ചയായി ശിവഗിരിയിലെത്തുന്നു. മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ എങ്കിലും ഗുരുസമാധിയിലെത്താനും അവിടെ കുറച്ച് സമയം ചിലവഴിക്കാനും ഗുരുപ്രസാദം കഴിച്ച് സന്യാസി ശ്രേഷ്ഠൻമാരുടെ അനുഗ്രഹം നേടാനുമൊക്കെ കഴിഞ്ഞത് ഏകദേശം അഞ്ച് വർഷങ്ങൾക്കപ്പുറം മുതലാണ്. മനസ്സ് വ്യാകുലപ്പെടുമ്പോൾ ഗുരുസമാധിയിലെത്തി ഭക്തിയോടെ കുറച്ച് സമയമെങ്കിലും കണ്ണടച്ചിരുന്നാൽ എല്ലാം ശാന്തമാകും… പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണത്… ജീവിതാവസാനം വരെ വർഷത്തിൽ ഒരിക്കലെങ്കിലും ഇവിടെയെത്തി കുറച്ച് സമയം ചിലവഴിക്കണമെന്നതുതന്നെയാണ് ഏറ്റവും വലിയ ജീവിതാഭിലാഷം.


