THIRUVANANTHAPURAM

അരങ്ങിലെ ദൃശ്യവിസ്മയമായി ഡിസംബറിലെ ഒരു രാത്രി

തിരുവനന്തപുരം: ക്രിസ്തുദേവന്റെ ജനനത്തെ പശ്ചാത്തലമാക്കി നിഴലും വെളിച്ചവും സമന്വയിപ്പിച്ച് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജ് ജീവനക്കാർ അവതരിപ്പിച്ച ‘ഡിസംബറിലെ ഒരു രാത്രി ‘ എന്ന ചിത്രീകരണം മികച്ച നിലവാരം പുലർത്തി.
ഡോക്ടർമാരുൾപ്പടെ ആയിരത്തി നാന്നൂറ്റി അമ്പത് ജീവനക്കാരുള്ള ഈ സ്ഥാപനത്തിൽ എല്ലാ വിഭാഗം ജീവനക്കാരും പങ്കടുത്തുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി നടന്ന കലാകായിക മേളയുടെ സമാപന സമ്മേളനത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പടെയുള്ള വലിയൊരു സദസ്സിനു മുന്നിലാണ് ഈ ദൃശ്യ വിസ്മയം സൃഷ്ടിച്ചത്.


ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനം കന്യകയായ മറിയയിൽ സൃഷ്ടിച്ച മാനസിക സംഘർഷങ്ങളും പ്രതിശ്രുത വധു ഗർഭിണിയാണെന്നറിയുമ്പോഴുള്ള യോസേഫിന്റെ വൈകാരിക സംഘട്ടനങ്ങളും ആട്ടിടയരുടെ നിഷ്‌ക്കളങ്ക ഭാവങ്ങളും വിശ്രമത്തിന് ഇടം തേടി അലയുന്ന യോസേഫ് – മറിയ ദമ്പതിമാരുടെ യാതനകളും അവസാനം പുൽത്തൊഴുത്തിലെ ജനനവും എല്ലാംകൂടി പുതിയൊരു ദൃശ്യ വിസ്മയമാണ് പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ദൃശ്യാവിഷ്‌കാരം സമ്മാനിച്ചത്.
ഡോ. ജെ ബെന്നറ്റ് എബ്രഹാം ആശയാവിഷ്‌ക്കാരവും റവ. എ ആർ സുശീൽ ബൈബിൾ സ്‌ക്രിപ്റ്റും തയാറാക്കി. ബിജു ക്ലാപ്‌സ് ദീപവിതാനവും ആര്യനാട് രാജേന്ദ്രൻ രംഗപടവും ഒരുക്കി. ദൃശ്യാവിഷ്‌ക്കാരവും സംവിധാനവും മന്നൂർക്കോണം മോഹൻ രാജ് നിർവഹിച്ചു. ഡോ. ഷെൽഡൺ ഗൗഡിനോ, ഡോ. ജോഫ്രി, ഡോ. ഷിബുരാജ്, ഡോ രാഹുൽ, ഡോ. ജാസ്മിൻ, ജോബിൻ, കർപ്പകം, അനിൽ സ്റ്റാൻലി എന്നിവർ വേഷമിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *