ഗുരുദേവന്റെ ഈശ്വരീയഭാവം പൂർണ്ണമായി തിരിച്ചറിയാൻ ഇന്നും കഴിഞ്ഞിട്ടില്ല: സ്വാമി ശിവനാരായണ തീർത്ഥ

ശിവഗിരി: ശ്രീനാരാണഗുരുദേവന്റെ ഈശ്വരീയഭാവം പൂർണ്ണമായി തിരിച്ചറിയാൻ ഇന്നും കഴിഞ്ഞിട്ടില്ലെന്ന് ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിൻറെ ഭാഗമായി നടന്ന ശിവഗിരി തീർത്ഥാടനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവൻ സശരീരനായിരുന്നപ്പോൾ ഒട്ടേറെപ്പേരുടെ രോഗവിമുക്തി, കുട്ടികളുണ്ടാകാതിരുന്ന ദമ്പതികൾക്ക് സന്താനഭാഗ്യം, ദാരിദ്ര്യാവസ്ഥയിൽ നിന്നും ഒട്ടേറെപ്പേർക്ക് ധനാഭിവൃദ്ധി എന്നിവയൊക്കെ ലഭിക്കാനിടയായിട്ടുണ്ട്.
ഗുരുവിൻറെ സായാഹ്ന വേളയിൽ അവിടത്തെ അനുഗ്രഹത്തോടെ തുടക്കം കുറിച്ച ശിവഗിരി തീർത്ഥാടനം ലോകത്തിൻറെ സമഗ്ര വികസനത്തിന് തന്നെ നിദാനമായി തീർന്നിരിക്കുന്നു. ഗുരുകൽപ്പിത തീർത്ഥാടന ലക്ഷ്യങ്ങൾ ഒൻപത് പതിറ്റാണ്ടിന് മുമ്പ് ഉപദേശിച്ചതിലൂടെ ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണം തന്നെയാണ് ഗുരുദേവൻ ലക്ഷ്യം വച്ചതെന്നും ശിവനാരായണ തീർത്ഥ തുടർന്നു പറഞ്ഞു. സ്വാമി ദേശികാനന്ദ യതി ബ്രഹ്മചാരി അനീഷ്, വെട്ടൂർ ശശി എന്നിവർ പ്രസംഗിച്ചു.