ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ വനിതാവാർഡ് തുറന്നു; ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യവികസനം അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുന്നതായി ആരോഗ്യമന്ത്രി

കൊച്ചി : രോഗി സൗഹൃദ ആശുപത്രികളാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം അതി വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഞാറക്കൽ താലൂക്ക് ആശുപത്രിയിലെ പുതിയ വനിതാവാർഡ് നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈപ്പിൻകര ഒരുപാട് സവിശേഷതകളുള്ള പ്രദേശമാണ്. ജനസാന്ദ്രതയേറിയ മണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയാണ് ഞാറക്കലിലേത്. ഇവിടെ ഐപി ബ്ലോക്ക് ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈപ്പിൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ ലഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതോടെ ഗുണനിലവാരം ഉയർത്താൻ കഴിഞ്ഞു. ഇതുവഴി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള അവാർഡ് നേടാൻ കേരളത്തിന് കഴിഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയകരമായി മുന്നേറുകയാണ്. ഇപ്പോൾ താലൂക്ക് ആശുപത്രി തലം മുതൽ സ്‌പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാണ്. ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൽ 540 പഞ്ചായത്തുകളിലെ 30 വയസിനു മുകളിലുള്ള എല്ലാവർക്കും ആശാ വർക്കർമാർ മുഖേന വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗ നിർണയം നടത്തിയെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ ആരോഗ്യക്ഷേമത്തിൽ നാഴികക്കല്ലാകുന്ന നേട്ടമാണ് വനിതാവാർഡ് എന്ന് എംഎൽഎ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ഇനിയും കൂടുതൽ സൗകര്യങ്ങൾ ആവശ്യമുണ്ട്. അവ യാഥാർഥ്യമാക്കാൻ ആത്മാർഥമായ എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ വാർഷിക നിർമ്മാണ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് വനിതാവാർഡ് നിർമാണം പൂർത്തിയാക്കിയത്. കിടത്തി ചികിത്സയിലുള്ളവർക്ക് പുറമെ ദിവസേന ശരാശരി 350 – 400 രോഗികൾ ഒ.പി വിഭാഗത്തിൽ പരിശോധനയ്‌ക്കെത്തുന്ന ആശുപത്രി സാധാരണക്കാരായ ദ്വീപ് ജനതയുടെ പ്രധാന ആശ്രയമാണ്.
വനിതാവാർഡിന്റെ പുതിയ കെട്ടിടത്തിൽ 16 കിടക്കകളുണ്ട്. പുറമെ ലേബർ റൂം, നവജാതശിശു പരിചരണ മുറി, സ്റ്റാഫ് റൂമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി വിഷയാവതരണം നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഡോണോ മാസ്റ്റർ, അഡ്വ. എം.ബി ഷൈനി, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഫ്രാൻസിസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് ശ്രീകുമാരി, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
