GURUSAGARAM KERALA

മഹാത്മജിക്ക് പോലും ഏകതാബോധം പകർന്നു നൽകിയത് ഗുരുദേവൻ: സ്വാമി അസംഗാനന്ദഗിരി

ശിവഗിരി : രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയ്ക്ക് പോലും ഏകതാബോധം പകർന്നു നൽകിയത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മ സംഘംട്രസ്റ്റ് അംഗം സ്വാമി അസംഗാനന്ദഗിരി അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനത്തിൻറെ ഭാഗമായി നടന്നുവരുന്ന ഗുരുധർമ്മപ്രബോധനത്തിൽ ബ്രഹ്മവിദ്യാലയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവനെ സന്ദർശിക്കുന്ന വേളയിൽ ഗാന്ധിജി ചാതുർ വർണ്യ വ്യവസ്ഥിതിയോട് യോജിച്ചിരുന്നു. ഗുരുവുമായുള്ള സംഭാഷണ മദ്ധ്യേ ശിവഗിരിയിലെ മാവിൻറെ ഇല ചൂണ്ടിക്കാട്ടി ഇലയുടെ രൂപഭേദം പോലെയെന്ന വണ്ണം ജാതി പ്രകൃതി നിയമമെന്ന് വാദിച്ച ഗാന്ധിജിയോട് ഇല ഏത് പ്രകാരമായാലും അവയുടെ ചാറിന് ഒരേ രുചിയാണ് പ്രധാനം ചെയ്യുന്നതെന്നായിരുന്നു ഗുരുവിൻറെ മറുപടി. ഈ വാദം സ്വീകരിച്ചായിരുന്നു മഹാത്മജി ശിവഗിരിയിൽ നിന്നും മടങ്ങിയത്.
ലോകത്തിന് തന്നെ ഏകതാബോധം പകർന്നു നൽകുന്ന കേന്ദ്രമാണ് ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം. ഈ മതമഹാപാഠശാലയിൽ നിന്നും പകർന്നു നൽകുന്ന അറിവ് മാനവകുലത്തിൻറെ സമുദ്ധാരണത്തിനും ഐക്യത്തിനും ഉതകുംവിധമാണെന്നും അസംഗാനന്ദഗിരി തുടർന്നു പറഞ്ഞു.
സ്വാമി ശിവനാരായണ തീർത്ഥ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *