KERALA SPECIAL STORY SPORTS THIRUVANANTHAPURAM

സാമൂഹിക സാംസ്‌കാരിക മേഖലയിൽ അരുമാനൂർ ദിശയുടെ കരുതൽ

ജിജു മലയിൻകീഴ്

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റത്തെ പൂവാർ എന്ന തീരദേശ ഗ്രാമപ്രദേശം ഫുട്‌ബോളിനു പേരു കേട്ട നാടാണ്. പക്ഷേ ഷട്ടിൽ ബാഡ്മിന്റൺ ഗെയിം തീരെ പ്രചാരത്തിൽ എത്തിയിട്ടില്ലാത്ത പൂവാറിൽ അരുമാനൂർ കേന്ദ്രമാക്കി 2018 ൽ ദിശ അരുമാനൂർ എന്ന പേരിൽ ഒരു ബാഡ്മിന്റൺ ക്ലബ് രൂപീകരിച്ചു. ദേവദാരു ഇൻഡോർ സ്‌പോർട്‌സ് അരീനയിൽ കളിക്കുന്ന ബാഡ്മിന്റൺ താരങ്ങളെ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ല പ്രവർത്തന പരിധി ആക്കിയാണ് ദിശ അരുമാനൂർ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതും നടപടി ആരംഭിച്ചതും.
2018 ൽ തന്നെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ നടപടികൾ വൈകുകയും 2020 ൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവുകയും ചെയ്തു. വളരെ ചുരുങ്ങിയ അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ച ദിശ 2018 ൽ തന്നെ രണ്ടു സംസ്ഥാനതല ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റും ഒരു ജില്ലാതല ടൂർണമെന്റും സംഘടിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ ഷട്ടിൽ ബാഡ്മിന്റൺ രംഗത്ത് പൂവാർ ഗ്രാമത്തിന്റെ വരവറിയിച്ചു.
സംസ്ഥാനത്തെ മികച്ച ടൂർണ്ണമെന്റുകളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെ ഇവർ സ്ഥാനം ഉറപ്പിച്ചു. റോട്ടറി ക്ലബ് സംഘടിപ്പിച്ച സംസ്ഥാനതല ടൂർണമെന്റിന്റെ നടത്തിപ്പിനായി ദിശ ആരുമാനൂരിനെ ആണ് ക്ഷണിച്ചത്. ടൂർണമെന്റ് വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞതും ദിശ അരുമാനൂരിന്റെ നേട്ടമായി കണക്കാക്കാം. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റുകളായി അറിയപ്പെടുന്ന ട്രിവാൻഡ്രം ബാഡ്മിന്റൺ ക്ലബ്ബിന്റെ ഓൾ കേരള ബാഡ്മിന്റൺ ലീഗിൽ ഫയർപ്ലേയ് അവാർഡും ബാഡ്മിന്റൺ ട്രിവാൻഡ്രം സംഘടിപ്പിച്ച ട്രിവാൻഡ്രം ബാഡ്മിന്റൺ ലീഗിൽ 2020 ലെ ചാമ്പ്യന്മാർ ആകാനും ദിശക്ക് സാധിച്ചു. ദിശ അരുമാനൂരിന്റെ അടുക്കും ചിട്ടയുമായ പരിശീലനവും പ്രവർത്തനവും ഒന്നു കൊണ്ട് മാത്രമാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതും .

ട്രിവാൻഡ്രം ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച ആൾ കേരള ബാഡ്മിന്റൺ പ്രീമിയർ ലീഗിൽ ഫെയർ പ്‌ളേ അവാർഡ് നേടിയ ടീം ദിശ അരുമാനൂരിന്റെ ടീം അംഗങ്ങൾ
ട്രിവാൻഡ്രം ബാഡ്മിന്റൺ ലീഗ് 2020 ൽ വിജയികളായ ടീം ദിശ അരുമാനൂർ ട്രോഫിയുമായി
ദിശയുടെ വാർഷക ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി ബോബി ചെമ്മണ്ണൂർ എത്തിയപ്പോൾ


കായിക രംഗത്തെ പ്രവർത്തനങ്ങൾക്ക് പുറമെ സാമൂഹിക സാംസ്‌കരിക രംഗത്തും ദിശയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ പ്രവർത്തനമാണ് കായിക രംഗത്ത് ദിശയെ വേറിട്ട കാഴ്ചപ്പാട് ഉണ്ടായത്.വർഷം തോറും കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായിക താരങ്ങളെ ആദരിക്കാനും,വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ദിശയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു. നിർദ്ധനരായ രോഗികൾ, അപകടങ്ങൾ മൂലം കിടപ്പിലായവർ എന്നിവർക്ക് ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ , മാരക രോഗം ബാധിച്ച വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സഹായങ്ങൾ, കളിക്കിടയിൽ പരിക്ക് സംഭവിക്കുന്ന കളിക്കാർക്ക് ചികിത്സയ്ക്കായി ധന സഹായം എന്നിവ ദിശ കെയർ പദ്ധതി വഴി നടപ്പിലാക്കുന്നുണ്ട്.

കിടപ്പ് രോഗികൾക്ക് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ കൈമാറുന്നു


കോവിഡ് 19 എന്ന മഹാമാരി മൂലം ലോകം മുഴുവനും അടച്ചു പൂട്ടൽ ഭീഷണി നേരിട്ടപ്പോൾ ദിശയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നിരവധി ആണ്. കോവിഡ് 19 നു എതിരായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിന് മുൻപന്തിയിൽ നിന്നിരുന്ന പൂവാറിലെ കേരള പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്സ് , ആരോഗ്യ വകുപ്പ്, കോസ്റ്റൽ പോലീസ്,എന്നീ ഉദ്യോഗസ്ഥർക്ക് പുറമെ പൂവാർ ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് ആഹാരം, കുടിവെള്ളം,സർജിക്കൽ മാസ്‌ക്, ഗ്ലൗസ് എന്നിവ സൗജന്യമായി വിതരണം ചെയ്യുക വഴി അവരുടെ പ്രവർത്തനങ്ങൾക്കു ഊർജം പകരാൻ ദിശക്ക് കഴിഞ്ഞു. കോവിഡ് 19 മൂലം പുറത്തിറങ്ങാൻ സാധിക്കാത്ത നിർദ്ധനരായവരുടെ വീടുകളിൽ ഭക്ഷണവും, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ സൗജന്യമായി എത്തിച്ചു കൊടുക്കുന്നതിനും ദിശ കെയറിലെ വോളന്റീർമാർ സജീവമായി രംഗത്തുണ്ടായിരുന്നു.
തീരദേശ മേഖലയിൽ കൊറോണ വൈറസ് അതിവേഗം പടർന്നു പിടിച്ചപ്പോൾ പൂവാർ ഇടവകയോട് സഹകരിച്ചു കൊണ്ട് സർജിക്കൽ മാസ്‌ക്കുകൾ നൽകാനും ദിശക്ക് സാധിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിനു കഴിയാത്ത നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടാബും മൊബൈലും മറ്റു പഠനോപകരണങ്ങളും വാങ്ങി നൽകിയിട്ടുണ്ട്.വീടുകളിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗികൾക്ക് പരിശോധനക്കായി പൾസ് ഓക്സി മീറ്ററും സൗജന്യമായി നൽകിയിരുന്നു. പ്രകൃതി സംരക്ഷിക്കുന്നതിനായി റോഡിൻറെ ഇരു വശങ്ങളിലും അലങ്കാരച്ചെടികൾ നട്ടു പിടിപ്പിച്ചു മോടി കൂട്ടുന്ന പദ്ധതിക്ക് രൂപം നൽകിയത് ഘട്ടം ഘട്ടമായി നടന്നു വരുന്നു .
‘ ദിശായാനം’ പദ്ധതിയുടെ ഭാഗമായി അറിവും വിജ്ഞാനവും പകർന്നു നൽകുന്നതിനായി യാത്രകൾ സംഘടിപ്പിക്കുന്ന പദ്ധതിയും നടത്തി വരുന്നു.

ദിശയുടെ അമരക്കാരനായി മനു

ദിശ അരുമാനൂരിന്റെ അംഗങ്ങൾ പ്രസിഡന്റ് മനു സാമിനും, റിട്ടേർഡ് സൂപ്രണ്ട് ഓഫ് പോലീസ് എസ്. രാജേന്ദ്രൻ, സെക്രട്ടറി കലേഷ് കുമാറിനുമൊപ്പം

ദിശയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ദിശ ആരുമാനൂരിന്റെ പ്രസിഡന്റ് കൂടെ ആയ മനു സാം ആണ്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്നവരെ ഏകോപിപ്പിച്ചു കൊണ്ട് അവരുടെ ഉപദേശങ്ങളും സഹായങ്ങളും എത്തിക്കുന്നതിനും മനുസാമിന്റെ പ്രവർത്തനങ്ങൾ ദിശ ക്ക് ഒരു മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. 2013 മുതൽ 2017 വരെ ഫെതർ കാസിൽ ബാഡ്മിന്റൺ ക്ലബ് ന്റെ പ്രസിഡന്റ് ആയിരുന്നപ്പോഴും കായിക മേഖലയുടെ വളർച്ചക്ക് പുറമെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നൽകിയിട്ടുണ്ട്. ഒരു കൂട്ടം യുവാക്കളെ ഒപ്പം നിറുത്തി കഴിഞ്ഞ പതിനഞ്ചു വർഷമായി സാമൂഹിക സംകാരിക രംഗത്ത് നിറ സാന്നിധ്യമായി മറ്റുള്ളവരുടെ വേദനകൾ മനസിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് മനു സാമിന് സാധിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *