സ്‌കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ
ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകൾ ഷഫ്ന ഷെറിൻ ആണ് മരിച്ചത്. താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.
സ്‌കൂൾ ബസിൽ നിന്നിറങ്ങി, വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താനൂർ നന്നമ്പ്ര എസ് എൻ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷഫ്‌ന. സ്‌കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളെ ഇറക്കാൻ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.