FOR THE PEOPLE Main Banner SPECIAL STORY

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തകരഷെഡിൽ;
പ്രളയസഹായം വാങ്ങിച്ചവരെ ഭവനപദ്ധതികളിൽപെടുത്തുന്നില്ല

ആലപ്പുഴ: പ്രളയ സഹായമായി കിട്ടിയ കോടികൾ വകമാറ്റി ചെലവഴിക്കുകയും ഇനിയും കോടികൾ ചെലവഴിക്കാതെ കിടക്കുകയും ചെയ്യുമ്പോൾ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി തകരഷെഡിലും പൊട്ടിപ്പൊളിഞ്ഞ വീടുകളിലും ദുരിതജീവിതം നയിക്കുന്നു. ആലപ്പുഴ നഗരസഭാ പരിധിയിൽ മാത്രം 264 കുടുംബങ്ങളാണ് ഒരു വീടിനായി നഗരസഭയിൽ കയറിയിറങ്ങുന്നത്.

തകരഷെഡുകളിലും ആസ്‌ബെസ്റ്റോസ് ഷെഡുകളിലുമാണ് ഇവർ കഴിയുന്നത്. പ്രളയത്തിൽ ധനസഹായം നൽകിയവരെ ലൈഫ്, പിഎംഎവൈ ഭവനപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടെന്ന സർക്കാരിന്റെ മനസ്സാക്ഷിയില്ലാത്ത തീരുമാനമാണ് ഈ കുടുംബങ്ങളെ കണ്ണീർകുടിപ്പിക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞ, മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ രണ്ടു വർഷമായി തീരുമാനമാകാതെ കിടക്കുന്ന ഒരു ഫയൽ ഉണ്ട്. പ്രളയ സഹായം കൈപ്പറ്റിയ സാധാരണക്കാരായ ജനങ്ങൾക്ക് സർക്കാർ പദ്ധതി പ്രകാരം വീട് അനുവദിക്കാൻ അനുമതി നൽകണമെന്ന ആവശ്യമടങ്ങിയ ഫയലാണത്. ആ ഫയലിൽ അനുകൂലമായ ഒരു തീരുമാനം കൈക്കൊള്ളാതെ സർക്കാർ ഈ പാവങ്ങളെ അക്ഷരാർത്ഥത്തിൽ ദ്രോഹിക്കുകയാണ്.
പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും തിരികെ വീട്ടിലേക്ക് പോകാൻ 10,000 രൂപ നൽകിയെന്നതിന്റെ പേരിൽപോലും ഭവനപദ്ധതിയിൽനിന്ന് ഒഴിവാക്കിയവരുമുണ്ട് ഈ കൂട്ടത്തിൽ.
കിട്ടിയ ദുരിതാശ്വസത്തുക എന്ത് ചെയ്തുവെന്നാണ് സർക്കാർ ഇവരോട് കണ്ണിൽ ചോരയില്ലാതെ ചോദിക്കുന്നത്. പ്രളയത്തെ തുടർന്ന് വാസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ചുമാറ്റാനും താൽക്കാലികമായൊരു തകരഷെഡ് പണിയാനേ ആ പണം തികഞ്ഞുള്ളൂ. ഇനി ഇവരെന്താണ് ചെയ്യേണ്ടത്?
ആലപ്പുഴ നഗരസഭയിലെ ജനപ്രതിനിധി എന്ന നിലയിൽ ദിവസവും നിരവധി അമ്മമാരുടെ കണ്ണുനീരാണ് കാണേണ്ടിവരുന്നതെന്ന് കൊറ്റംകുളങ്ങര വാർഡ് മെമ്പർ മനു ഉപേന്ദ്രൻ ട്രൂത്ത് ലൈവിനോട് പറഞ്ഞു.
പ്രളയത്തിന്റെ നീരാളി പിടുത്തത്തിൽ സർവ്വസ്വം നഷ്ടപ്പെട്ടവരും ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ച് നിർമ്മിച്ച വീടുകൾ ബലക്ഷയം മൂലം പൊളിച്ചുമാറ്റേണ്ടിവന്നവരുമായ ദുരുതബാധിതർക്ക് പ്രളയസഹായം ലഭിച്ചാലും ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള ഭവനപദ്ധതികളിൽ അപേക്ഷിക്കാവുന്നതാണെന്ന് ഇലക്ഷന് മുമ്പ് സർക്കാർ വാഗ്ദാനം നൽകിയിരുന്നതായി മനു ഉപേന്ദ്രൻ പറഞ്ഞു. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് അധികാരത്തിലെത്തിയ ഇടതുസർക്കാർ തങ്ങൾ പറഞ്ഞ വാക്കുകൾ മറന്ന് പ്രളയ സഹായം കൈപ്പറ്റിയവരെ മറ്റൊരു പദ്ധതിയിലും ഉൾപ്പെടുത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഈ നിലപാട് മൂലം ആലപ്പുഴ നഗരസഭാ പരിധിയിൽ മാത്രം 264 കുടുംബങ്ങളാണ് ഇപ്പോഴും തകരഷെഡിൽ ദുരിതജീവിതം നയിക്കുന്നത്.
ഇതിൽ 65 കുടുംബങ്ങൾക്ക് സർക്കാർ സഹായം അനുവദിക്കുകയും, വീടുപണി തുടങ്ങുകയും ചെയ്തതിനുശേഷം അവർക്ക് അനുവദിച്ച തുക തിരിച്ചുപിടിക്കാനുള്ള നടപടികളും കൈക്കൊണ്ടിരിക്കുകയാണ്.
ഒരു ഭവന പദ്ധതിയിൽ സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം അമ്പതിനായിരം രൂപ മാത്രമാണ്. ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതിയിൽ കേസ് നടത്തിക്കാനും കുടുംബസമേതം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശയാത്ര നടത്താനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ബോർഡ് വൈസ് ചെയർമാൻമാർക്കും ആഢംബരകാറുകൾ വാങ്ങാനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്തുപണിയാനുമൊക്കെ പണം ധൂർത്തടിക്കുന്ന സർക്കാരാണ് പ്രളയബാധിതരോട് കടക്ക് പുറത്തെന്ന് പറയുന്നത്.
ഇതേപോലെ കേരളത്തിൽ ആകമാനം എത്ര എത്ര കുടുംബങ്ങൾ സർക്കാർ കനിവിനായ് കാത്തു നിൽക്കുന്നുണ്ടാകുമെന്നാണ് മനു ഉപേന്ദ്രൻ ചോദിക്കുന്നത്.
പ്രളയത്തിന്റെ പേരിൽ ചുമത്താവുന്ന മേഖലകളിലെല്ലാം സെസ്സ് പിരിക്കുകയും, ലോകത്താകമാനം പിരിവ് നടത്തുകയും ചെയ്ത ഒരു സർക്കാരാണ് ആ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ളൊരു വീട് നിർമ്മിച്ചുകൊടുക്കാതെ അവരെ കണ്ണീർ കുടിപ്പിക്കുന്നത്.
സാധാരണക്കാർക്കുള്ള ഭവന പദ്ധതിയിൽ ഇത്രയും അലംഭാവം കാട്ടുന്ന ഒരു സർക്കാർ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് രണ്ടര വർഷമായിട്ടും പണിതീരാത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഫ്‌ളാറ്റുകൾ.

ഭൂരഹിത ഭവന രഹിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ ഉള്ള നഗരങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഏകദേശം 4500ലധികം കുടുംബങ്ങൾ ഭൂരഹിത ഭവനരഹിതരായി നഗരത്തിൽ ഉണ്ട് എന്നാണ് നഗരസഭയുടെ കണക്ക്. അവരിൽ 156 പേർക്കുള്ള ഫ്‌ളാറ്റ് നിർമ്മാണമാണ് രണ്ടര വർഷമായിട്ടും അടിത്തറയിൽ നിന്ന് മുകളിലോട്ട് ഉയർത്താതെ നിലച്ചുകിടക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *