KERALA Main Banner TOP NEWS

മറ്റു മതങ്ങളുടെ ആഘോഷങ്ങൾ ഇതേ വിധം ബഹിഷ്‌ക്കരിക്കുമായിരുന്നോ? ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ഓർമ്മ വേണം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചുവെന്നാണ് ശക്തിധരൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചോദിക്കുന്നത് ”മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങൾ ആയിരുന്നെങ്കിൽ ഗവർണർ അല്ല തുക്കിടി ആയിരുന്നു ക്ഷണിച്ചതെങ്കിലും ഇതൊന്നും ആവില്ല സംഭവിക്കുന്നത്. നീണ്ട വെള്ളിത്താടി പിടിപ്പിച്ച മതപുരോഹിതന്റെ കൈപിടിച്ച് വേദിയിൽ നടക്കാൻ എന്തൊരു ആവേശമായിരുന്നു? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്”-കുറിപ്പിൽ പറയുന്നു.

Chief Minister Pinarayi Vijayan, Leader of Opposition V D Satheesan, Governor Arif Mohammad Khan

ശക്തിധരന്റെ കുറിപ്പിന്റെ പൂർണരൂപം:

ആരാന്റെ കുടിയിൽ
പാർക്കുന്ന എരപ്പാളിയോ
ഗവർണ്ണർ ?

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ കേരള മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗമോ പങ്കെടുക്കില്ലെന്ന് മാത്രമല്ല ഫലത്തിൽ അത് ഔദ്യോഗിഗമായി ബഹിഷ്‌ക്കരിക്കുകകൂടിയാണ് കേരള സർക്കാർ. മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചു? പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിരുന്നിൽ പങ്കെടുക്കുന്നില്ല. അദ്ദേഹത്തിന് ഇത് എന്തിന്റെ കേടാണ്? കോൺഗ്രസിന് അഭിപ്രായ സ്ഥിരത ഏതെങ്കിലും കാര്യത്തിൽ വേണ്ടേ? ഭരണകക്ഷിയുടെ കാർബൺ കോപ്പിയാണോ കേരളത്തിലെ പ്രതിപക്ഷം? മുഖ്യമന്ത്രി ചെയ്യുന്നതെല്ലാം അനുകരിച്ചില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന് നിലനിൽപ്പില്ലാതാകുമെന്നാണോ?

വളരുന്നതും വരുന്നതുമായ തലമുറയ്ക്ക് ഇത് നൽകുന്ന സന്ദേശമെന്താണ്? പാവം യേശുക്രിസ്തു എന്തുപിഴച്ചു? ഭൂമുഖത്തു ഒരു ഭരണത്തലവൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തെ വീണ്ടും കുരിശിലേറ്റണോ മുഖ്യമന്ത്രീ ?

ഭൂമുഖത്ത് ക്രിസ്മസ് ആഘോഷം ഔദ്യോഗികമായി ഒരു സംസ്ഥാന ഭരണകൂടം ബഹിഷ്‌ക്കരിച്ച ഏക സംഭവവും കേരള മന്ത്രിസഭയുടേതായിരിക്കും ! മലയാളികൾ ഇതിൽ ലജ്ജിക്കണം! യേശുദേവനെ എത്രവട്ടം കുരിശിലിടപ്പെടണം ?എത്ര ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ ഭരണനേതൃത്വം തീരുമാനങ്ങൾ എടുക്കുന്നത്? ഈ മന്ത്രിസഭയുടെ നിലവാരം എന്തെന്ന് തിരിച്ചറിയാൻ ക്രിസ്ത്യാനികൾക്കു മാത്രമല്ല മറ്റു സമുദായങ്ങൾക്കും ഇത് അവസരം നൽകും.

മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങൾ ആയിരുന്നെങ്കിൽ ഗവർണ്ണർ അല്ല തുക്കിടി ആയിരുന്നു ക്ഷണിച്ചതെങ്കിലും ഇതൊന്നും ആവില്ല സംഭവിക്കുന്നത്. നീണ്ട വെള്ളിത്താടി പിടിപ്പിച്ച മതപുരോഹിതന്റെ കൈപിടിച്ച് വേദിയിൽ നടക്കാൻ എന്തൊരു ആവേശമായിരുന്നു? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.

ആരാന്റെ കുടിയിൽ പാർക്കുന്ന എരപ്പാളിയല്ല ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണർ. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗവർണ്ണർ കാലം ചെയ്തു കഴിഞ്ഞിട്ടുണ്ടാകാം, ശവമഞ്ചത്തിൽ എന്തോ ഒരു ജീവിയെ എടുത്തുവെച്ചിരിക്കുന്നു എന്നു മാത്രമായിരിക്കാം. ‘കുന്തോം കുടച്ചക്രവും അങ്ങിനെയാണോ കാരണഭൂതനെ പഠിപ്പിക്കുന്നത്?’

ഗവർണ്ണർ ഒരു ഭരണകൂടത്തെ ക്ഷണിച്ചത് ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലേക്കല്ല, കുടിലിലേക്കുമല്ല. കേരളത്തിലെ രാജ്ഭവനിലേക്കാണ്. അവിടെ ക്രിസ്മസ് പോലെ മഹത്തായ ഒരു ആഘോഷത്തിന് മന്ത്രിസഭാ അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് നിറപ്പകിട്ട് വേണ്ട എന്ന് തീരുമാനിക്കാനെടുത്ത ധൈര്യമുണ്ടല്ലോ അതിന് കൊടുക്കണം ഒരു ‘ബിഗ് സല്യൂട്ട്.’

ഡോഗ്മാറ്റിസം (ശരിയായ കാരണങ്ങൾ പറയാനില്ലാതെ എന്തെങ്കിലും അന്ധമായി വിശ്വസിക്കുന്ന ശൈലി) എന്ന ദുർഭൂതം കമ്മ്യുണിസത്തെ എന്തുമാത്രം കാർന്നു തിന്നുന്നു എന്ന് ലോകത്തോട് വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള നേതാവാണ് സി അച്യുതമേനോൻ. പുതുതായി പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ ഇതുപോലുള്ള ദുഷ്പ്രവണത വർധിക്കുന്നതിന്റെ പല ഉദാഹരണങ്ങളും അച്യുതമേനോൻ തന്റെ രചനകളിൽ ധീരതയോടെ എണ്ണി എണ്ണി പറയുന്നുണ്ട്. പഴയ കാലത്തെ ഡോഗ്മാറ്റിസം ഇന്നത്തേക്കാൾ എത്ര കഠിനമായിരുന്നു എന്ന് അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്. കാരണഭൂതനെ പ്രകീർത്തിക്കുന്ന ഇപ്പോഴത്തെ തിരുവാതിര അതുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ അശുവാണ്.
‘ തലശ്ശേരിയിൽ നടന്ന വിദ്യാർത്ഥി ഫെഡറേഷൻ സമ്മേളനത്തിൽ അതിന് ഏതാനും മാസം മുമ്പ് മാത്രം അന്തരിച്ച നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കുന്ന അനുശോചന പ്രമേയം പാസ്സാക്കുന്നതിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് ശബ്ദമുയർന്നതാണ് അച്യുതമേനോനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയത്തിനെ താൻ എതിർത്തതിനെയും അദ്ദേഹം സ്വയം വിമർശനപരമായി പിൽക്കാലത്തു തെറ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സിപിഐ ക്ക് പറ്റിയ തെറ്റും അച്യുതമേനോൻ സമ്മതിക്കുന്നുണ്ട്. അക്കാലത്തു സുഭാഷ് ചന്ദ്ര ബോസിനെ എത്ര നികൃഷ്ട ഭാഷയിലാണ് കമ്യുണിസ്റ്റുകാർ വിമർശിച്ചതെന്നും ദുഃഖത്തോടെ അച്യുതമേനോൻ അയവിറക്കുന്നുണ്ട്. ‘ഇന്ത്യയെ ഫാസിസത്തിന് അടിയറ വെക്കാൻ ശ്രമിച്ച ഒരു വഞ്ചകൻ ‘ എന്ന അന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഭാഷ്യവും അച്യുതമേനോന് ദഹിച്ചിരുന്നില്ല. മാത്രമല്ല ബോസിനെപ്പറ്റി ജാപ്പ് വിരുദ്ധമേളകളിൽ പാടാൻ പ്രശസ്ത വിപ്ലവ സാഹിത്യകാരൻ ചെറുകാട് തയ്യാറാക്കിയിരുന്ന പാട്ടിന്റെ ഈരടികൾ അച്യുതമേനോനെ ചൊടിപ്പിച്ചിരുന്നു എന്നതും സുവിദിതമാണ്. ‘ നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാൻകാരുടെ കാൽനക്കി ‘ എന്നതായിരുന്നു ആ ഈരടികൾ.
‘നേതാജിയുടെ അഭിപ്രായങ്ങൾ മുഴുവൻ ശരിയായിരുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ പിന്നീട് ഇതെല്ലാം ഓർത്തെടുത്തപ്പോഴെല്ലാം അതിൽ പശ്ചാത്തപിച്ചിട്ടുണ്ടെന്നും അച്യുതമേനോൻ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ഉദ്ധരിക്കാം: ‘ പുസ്തകത്തിൽ നോക്കി പഠിച്ച മാർക്സിസത്തിന്റെ ആപൽക്കരമായ അന്ധതയ്ക്ക് കീഴ്പ്പെട്ടും ആ ധീരദേശാഭിമാനിയുടെ ചരമത്തിന് മുന്നിൽ ശിരസ്സ് നമിക്കാനുള്ള ഹൃദയവിശാലത പോലും കാണിക്കാൻ കൂട്ടാക്കാത്ത ഡോഗ്മാറ്റിസം എന്ത് ഹീനമായ കൃതഘ്നതയിലേക്കാണ് അന്ന് നമ്മെ നയിച്ചത്? ആ ഡോഗ്മാറ്റിസത്തിന്റെയും കൃതഘ്നതയുടെയും രാജ്യസ്നേഹമില്ലായ്മയുടെയും അന്ധമായ ആവേശമാണ്, ഇന്നത്തെ ഇളംതലമുറയിൽ നമ്മുടെ ഇടതുപക്ഷ സ്നേഹിതന്മാർ കുത്തിവെക്കാൻ ശ്രമിക്കുന്നതെന്നതിന് തലശ്ശേരി സംഭവം (നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കുന്ന അനുശോചന പ്രമേയത്തെ എസ് എഫ് സമ്മളനത്തിൽ എതിർത്തത് ) ഒരു ഉദാഹരണമാണ്. ‘ഈ പുതിയ ഉദാഹരണം കൂടി ആ പട്ടികയിൽ ചേർത്തോട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *