KERALA TOP NEWS

നിയമനക്കത്ത് വിവാദത്തിൽനിന്ന് തലയൂരാൻ രണ്ടാം വട്ട ചർച്ചയ്ക്ക് സർക്കാർ

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ രണ്ടാംഘട്ട ചർച്ചയുമായി സർക്കാർ.
മന്ത്രിതലത്തിൽ നടത്തിയ ആദ്യചർച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സർക്കാർ തയ്യാറായത്. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ച. നിയമസഭ തീരുന്ന മുറയ്ക്ക് ഇന്ന് ചർച്ച നടത്താനാണ് നീക്കം. എന്നാൽ രണ്ട് മന്ത്രിമാർക്കും സൗകര്യപ്രദമായ സമയം ലഭിച്ചില്ലെങ്കിൽ ചർച്ച നാളത്തേക്ക് മാറ്റിവയ്ക്കാൻ സാദ്ധ്യതയുണ്ട്. മേയർ ആര്യാ രാജേന്ദ്രന്റെ രാജിയല്ലാതെ മറ്റൊരു അനുനയ നീക്കത്തിനും തയ്യാറല്ലെന്ന് ബി.ജെ.പിയും യു.ഡി.എഫും നിലപാട് സ്വീകരിച്ചതോടെയാണ് ആദ്യ ചർച്ച പരാജയപ്പെട്ടത്.

അതുകൊണ്ടുതന്നെ സമരം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുമായാണ് മന്ത്രിമാർ ചർച്ച നടത്തുന്നത്. സർക്കാരിനും സി.പി.എമ്മിനും ക്ഷീണമേല്പിച്ച വിവാദത്തിലെ സമരം ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. അന്ന് തടിതപ്പിയ സർക്കാർ നഗരസഭയിലെ സമരം ഇനിയും തുടർന്നാൽ കൂടുതൽ പ്രതിരോധത്തിലാകും. ബി.ജെ.പിയും യു.ഡി.എഫും സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നത് മന്ത്രി വി.ശിവൻകുട്ടി തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് വിളിക്കുന്ന ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത് മന്ത്രി വി. ശിവൻകുട്ടിയാണ്. മേയറുടെ രാജി ആവശ്യമൊഴികെ ബാക്കിയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറാകുമെന്നാണ് സൂചന. നിലപാടിൽ ഉറച്ച പ്രതിപക്ഷത്തെ മയപ്പെടുത്താനാണ് മന്ത്രി വി. ശിവൻകുട്ടി തന്നെ രണ്ടാംവട്ട ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

മുൻ മേയർ, ജില്ലയിൽ നിന്നുള്ള മന്ത്രി, നഗരസഭ രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യം തുടങ്ങിയവ പരിഗണിച്ചാണ് പാർട്ടിയും മുഖ്യമന്ത്രിയും നഗരസഭയിലെ പ്രശ്നം പരിഹരിക്കാൻ വി. ശിവൻകുട്ടിയെ ചുമതലപ്പെടുത്തിയതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മേയർ, നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ യോഗവും ചേർന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി മന്ത്രിമാർ അനൗദ്യോഗിക ചർച്ച നടത്തിയെന്നും സൂചനയുണ്ട്. ചർച്ചയിൽ മേയർ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലെത്തിയെന്നാണ് റിപ്പോർട്ട്.
ആദ്യം നടന്ന ചർച്ചയിലെ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. രണ്ടാംവട്ട ചർച്ചയിൽ മേയറുടെ രാജി വേണ്ടെന്നുള്ളതിൽ സമവായത്തിലെത്താനാണ് സാദ്ധ്യത. ആദ്യഘട്ട ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷസമരം മയപ്പെടുത്തിയത്. മേയർ രാജിവയ്ക്കാതെയുള്ള പ്രതിപക്ഷത്തിന്റെ ഡിമാൻഡ് അംഗീകരിച്ച് സർക്കാർ തടിയൂരാനാണ് ശ്രമിക്കുന്നത്. ഈ ചർച്ചയും പരാജയപ്പെട്ടാൽ യു.ഡി.എഫും ബി.ജെ.പിയും സമരം ശക്തമാക്കുമെന്നാണ് വിവരം. നിയമനം സുതാര്യമാക്കും, എല്ലാ നിയമനങ്ങളും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എന്നീ കാര്യങ്ങളിൽ ആദ്യ ചർച്ചയിൽ തന്നെ ധാരണയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *