മുക്കത്ത് മഞ്ഞ മഴ

മുക്കം: മുക്കം നഗരസഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴ പ്രതിഭാസമെന്ന് സംശയം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മുറ്റത്ത് ഉണക്കാനിട്ട തുണികൾ എടുക്കുന്നതിനിടെ തുണിയിൽ കാണാനിടയായ മഞ്ഞ നിറം പരിശോധിച്ചപ്പോഴാണ് മഞ്ഞ മഴ പ്രതിഭാസമാണെന്ന് നാട്ടുകാർ സംശയിച്ചത്. മുറ്റത്തും മഞ്ഞ തുള്ളികൾ വീണു കിടന്നിരുന്നു. ചെറിയ രീതിയിലുള്ള ചാറ്റൽ മഴ ഉണ്ടായിരുന്നുവെന്നും പ്രതിഭാസം പത്ത് മിനിറ്റോളം നീണ്ടുനിന്നുവെന്നും പ്രദേശവാസിയായ ഷമീം പറഞ്ഞു. പൂളപ്പൊയിലിലെ ഷമീം കിഴക്കേകണ്ടി, അക്ബർ, ഷഹർബാൻ, അസീസ് എന്നിവരുടെ വീടുകളിലാണ് പ്രതിഭാസം കണ്ടെത്തിയത്. അമ്‌ള മഴയാണെന്ന സംശയം ഉയർന്നെങ്കിലും ഗന്ധമോ മറ്റുതരത്തിലുള്ള അസ്വാഭാവികതയോ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
