ബൈക്കുകൾ പാർക്ക് ചെയ്യുന്നത് ബസ് സ്റ്റാൻഡിൽ;
ഇതെന്താ വെള്ളരിക്കാ പട്ടണമോ?

മുക്കം: മുക്കം പഴയ ബസ്റ്റാന്റിലെ നഗരസഭാ കെട്ടിടത്തിന് താഴേഭാഗത്ത് ഇരുചക്രവാഹനങ്ങൾ നിരയായി നിർത്തിയിടുന്നത് ബസ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കോഴിക്കോട്, മാവൂർ, നരിക്കുനി,കെ.എം.സി.ടി, ചേന്ദമംഗല്ലൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട ഒട്ടേറെ ബസ്സുകൾ നിർത്തിയിടുന്ന ട്രാക്കുകൾക്ക് പിറകിലായാണ് ബൈക്കുകൾ നിർത്തിയിടുന്നത്. ബസ്സുകൾ കാത്തിരിക്കുന്നവർ ഈ ബൈക്കുകൾക്കിടയിൽ തിരിഞ്ഞും മറിഞ്ഞും വേണം ഒരോ ദിക്കുകളിലേക്ക് പോകേണ്ട ബസ്സിൽ കയറി പറ്റാൻ.ബസ് സ്റ്റാൻഡിൽ ഒരോ ബസ്സുകൾക്കും നിശ്ചിത സമയം വരെ നിർത്തിയിടുമ്പോൾ പിറകിലേക്ക് കയറാതിരിക്കാൻ അതിർത്തി നിശ്ചയിച്ച ഡിവൈഡറുകൾക്ക് തൊട്ട് പിറകിലാണ് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്. നേരത്തെ ഇവിടെ ബൈക്കുകൾ നിർത്തിയിടാറുണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. നഗരസഭ ഓഫീസ്സിലേക്ക് പോകുന്ന വഴി മാത്രമാണ് ബൈക്കുകൾ ഇല്ലാത്തത്. ഇരുപതിലേറെ ബൈക്കുകളാണ് നിരനിരയായി നിർത്തിയിടുന്നത്. നേരത്തെ ഈ ഭാഗം ഒഴിഞ്ഞ് കിടക്കുന്നതിനാൽ യാത്രക്കാർക്ക് യാത്ര ചെയ്യാൻ ലക്ഷ്യമിട്ട ബസ്സുകളിലേക്ക് സുഖമായി കടന്ന് പോകാമായിരുന്നു. മഴ പെയ്താലും ബസ്റ്റാന്റിൽ ഒരുക്കിയ ഇരിപ്പിടം ലക്ഷ്യമിട്ട് യാത്രക്കാർ വരുന്നത് പോലും ഇപ്പോൾ ദുരിതമാക്കിയിരിക്കയാണന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി.
സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ള നിരവധി യാത്രക്കാർ നിറഞ്ഞ ബസ്റ്റാൻഡിൽ ബൈക്കുകൾ നിരയായി നിർത്തിയിടുന്നത് ഒഴിവാക്കി യാത്ര സൗകര്യം സുഖകരമാക്കാൻ മറ്റെതെങ്കിലും ഭാഗത്ത് ബൈക്കുകൾ നിർത്തിയിടാൻ അധികൃതർ സൗകര്യമൊരുക്കണമെന്ന് യാത്രക്കാരുടെ ആവശ്യം.