പ്രേംനസീറിനെ ഇങ്ങനെ അപമാനിക്കണോ?

ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ ന്യായീകരണം വിചിത്രം, ലജ്ജാകരം,
സത്യനൊപ്പം പ്രേംനസീറിന്റെ രണ്ട് ഫോട്ടോ തിരുകിക്കയറ്റിയാൽ മാറില്ല ഈ കളങ്കം
ജിജു മലയിൻകീഴ്
തിരുവനന്തപുരം: മലയാള സിനിമയെ ലോകോത്തര ശ്രദ്ധയിലേക്ക് എത്തിച്ച അഭിനേതാവായിരുന്ന പ്രേംനസീറിന് ചലച്ചിത്ര അക്കാദമി
അർഹിക്കുന്ന തരത്തിലുള്ള ആദരവ് നൽകിയില്ലെന്ന് മാത്രമല്ല, അപമാനിക്കുക കൂടിയാണ് ചെയ്തതെന്ന് ഐഎഫ്എഫ്‌കെ വേദിയിലെത്തിയ സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
അക്കാദമിയുടെ ചെലവിൽ നടത്തുന്ന ഐ.എഫ്.എഫ്.കെ.യുടെ പ്രധാന വേദിയിൽ പ്രത്യേകമായി ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചതിൽ പ്രേംനസീറിനെ അവഗണിച്ചതിനെക്കുറിച്ച് ട്രൂത്ത് ലൈവ് പത്രത്തിൽ പ്രേംനസീർ സുഹൃദ് വേദിയുടെ പ്രതിഷേധം പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് അക്കാദമിക്കാർ സത്യൻ സ്മൃതി എന്ന ഫോട്ടോ പ്രദർശനത്തിൽ സത്യനൊപ്പം നിൽക്കുന്ന പ്രേംനസീറിന്റെ രണ്ട് ചിത്രങ്ങൾ കൂട്ടിച്ചേർത്ത് കൂടുതൽ അപഹാസ്യരായി.


മാത്രവുമല്ല, പ്രേംനസീറിനോട് അനാദരവ് കാട്ടിയിട്ടില്ല എന്ന് തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിന്റെ പ്രതിനിധിയോട് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞതായ വാർത്തയും വന്നു. അക്കാദമിയുടെ പ്രീതി ലഭിക്കാനും മൺമറഞ്ഞുപോയ ചില മഹാനടൻമാരെ ഇത്തരം ചടങ്ങുകളിൽ നിന്നും ഒഴിവാക്കുവാനും ചിലർ നടത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

അക്കാദമിയുടെ ഇത്തരം തരം താഴ്ന്ന പ്രവർത്തനങ്ങൾ ഇത്തരം മേളകളുടെ അന്തസ് തന്നെ നഷ്ടപ്പെടുത്തുമെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ട്രൂത്ത് ലൈവിനോട് പറഞ്ഞു.
ധാരാളം സിനിമാ പ്രേമികൾ എത്തുന്ന ഈ വേദിയിൽ പ്രേംനസീറിന്റെ ഓർമ്മകൾ വിവരിക്കുന്ന രീതിയിൽ ചലച്ചിത്ര അക്കാദമിക്ക് ഫോട്ടോ പ്രദർശനം ഒരുക്കാമായിരുന്നു. അത് നടപ്പിലാക്കിയില്ല. അതിലാണ് പ്രേംനസീർ സുഹൃത് സമിതി പ്രതിഷേധിച്ചത്. സത്യനോടൊപ്പം നിൽക്കുന്ന പ്രേം നസീറിന്റെ രണ്ട് മൂന്ന് ചിത്രങ്ങൾ സത്യൻ സ്മൃതി പ്രദർശനത്തിൽ കൂട്ടിച്ചേർത്താൽ ഈ കളങ്കം മാറ്റാനാവില്ല. അക്കാദമി കൂടുതൽ അപഹാസ്യരായി മാറുകയാണ് ചെയ്തത്.
പ്രേം നസീറിനോടുള്ള ചലച്ചിത്ര അക്കാദമിയുടെ അനാദരവ് എവിടെ നോക്കിയാലും കാണുവാൻ സാധിക്കും. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന അക്കാദമിയുടെ ഓഫീസ് ആസ്ഥാനം ഇതിനൊരു ഉദാഹരണം മാത്രം. അവിടെ അർഹിക്കുന്ന എന്ത് പ്രാധാന്യമാണ് പ്രേം നസീറിന് നൽകിയിട്ടുള്ളതെന്ന് തെക്കൻ സ്റ്റാർ ബാദുഷ ചോദിച്ചു.

പ്രേംനസീർ വിട പറഞ്ഞ് 30 വർഷമായപ്പോഴാണ് അദ്ദേഹത്തിന്റെ ജൻമനാട്ടിൽ സ്മാരകം നിർമ്മിക്കുവാൻ സ്ഥലം എം.എൽ.എ. കൂടിയായ വി.ശശി മുന്നോട്ട് വന്നത്. അതിനു വേണ്ടി പ്രേംനസീർ സുഹൃത് സമിതി മുറവിളി കൂട്ടുകയായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഒരു സ്മാരകം പ്രേംനസീറിന്റെ പേരിൽ ജൻമനാട്ടിൽ വേണമെന്ന് ആഗ്രഹിച്ച സ്ഥലം എം.എൽ.എ. തന്റെ ഫണ്ടിൽ നിന്നും അതിനായി വലിയൊരു തുകയും നീക്കിവെച്ചു. എം.എൽ.എ.യുടെ നീണ്ട കത്തിടപാടുകളിലൂടെയും നിവേദനങ്ങളെയും തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സ്ഥലവും അനുവദിച്ചു. അന്ന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചിരുന്ന വി.ശശി ഒരു കമ്മിറ്റി രൂപീകരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങുവാൻ ആഗ്രഹിച്ചപ്പോഴാണ് സർക്കാർ ആ ദൗത്യം ചലച്ചിത്ര അക്കാദമിക്ക് കൈമാറിയത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞുവെങ്കിലും ചലച്ചിത്ര അക്കാദമിയുടെ മെല്ലെ പോക്ക് നയം മൂലം ഇപ്പോഴും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്.. നസീറിനോടുള്ള ഈ അനാദരവിനെതിരെ ഏതെങ്കിലുമൊരു വിഭാഗമല്ല പ്രതിഷേധിച്ചത്. എത്രയോ പ്രതിഭകളാണ് ഈ അവഗണനക്കെതിരെ പ്രതിഷേധിച്ചത്. അതൊന്നും അക്കാദമി കണ്ടില്ലെന്ന് നടിക്കരുത്. ആരൊക്കെ ഏത് രീതിയിൽ അവഗണിച്ചാലും പ്രേംനസീർ എന്ന അതുല്യ പ്രതിഭയെ വിസ്മരിക്കാൻ മലയാളികൾക്കാവില്ല. എന്നും അവരുടെ മനസുകളിൽ പ്രേംനസീർ എന്ന മനുഷ്യ സ്‌നേഹി ഉണ്ടാകും.തെക്കൻ സ്റ്റാർ ബാദുഷ പറഞ്ഞു.