CRIME STORY

പീഡന കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ലഹരി-സെക്‌സ് മാഫിയ സംഘത്തിലെ കണ്ണി, ഫോണിൽ തെളിവുകൾ ഏറെ

മലയിൻകീഴ്: പതിനാറുകാരിയെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ ലഹരി-സെക്‌സ് മാഫിയ സംഘമെന്ന് പൊലീസ്.സ്ത്രീകളെ ലഹരിക്കടിമകളായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പിടിയിലായ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവായ ജിനേഷിനെ കൂടാതെ ചില യുവജന നേതാക്കൾ കൂടി ഈ സംഘത്തിലുണ്ടെന്നാണ് നിഗമനം. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാൾക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്.


ജിനേഷിന്റെ ഫോണിൽനിന്നും ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്‌സ് സംഘങ്ങളിലേക്കുള്ള അന്വേഷണത്തിനു പൊലീസിനെ സഹായിച്ചത്. വിവിധ സ്ഥലങ്ങളിലുള്ള 30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവർ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നു. മലയിൻകീഴിലെ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രായപൂർത്തിയാകാത്ത പ്രതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്.
ഇപ്പോൾ പിടിയിലായ ആറുപേരെക്കൂടാതെ നിരവധി പേരിലേക്ക് ഈ നമ്പബർ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് മറ്റുള്ളവർക്ക് കൈമാറാനും ഭീഷണിപ്പെടുത്താനുമാണെന്ന് പൊലീസ് പറയുന്നു. ഇതേരീതിയിൽ കൂടുതൽ സ്ത്രീകളെയും പെൺകുട്ടികളെയും ലഹരി നൽകി അടിമയാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് സംശയം.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നിരവധി പെൺകുട്ടികളെ സെക്സ് റാക്കറ്റിന്റെ വലയിലാക്കിയ ഒരു പ്രമുഖനും പൊലീസിന്റെ പട്ടികയിലുണ്ട്. ഇയാൾ മലയിൻകീഴിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ അവശ നിലയിലാണ്. നിരന്തരമായ പീഡനം പെൺകുട്ടിയെ ശാരീരികമായും മാനസികമായും ബാധിച്ചിരിക്കുകയാണ്. ഇതുകൊണ്ടാണോ മറ്റൊരാളോടൊപ്പം രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽപേർ കണ്ണികളാകുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് ആവശ്യം.
ലഹരി സെക്സ് റാക്കറ്റിലേക്ക് വിരൽചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാൻ ഒരു സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരും മാത്രം മതിയാകില്ല. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇടപെടലുകളും സൈബർ വിഭാഗത്തിന്റെ പ്രത്യേക സഹായവും അനിവാര്യമാണ്. നിലവിൽ കേസിന്റെ അന്വേഷണ ച്ചുമതല മലയിൻകീഴ് സി.ഐ.ക്ക് മാത്രമാണ്. കാട്ടാക്കട ഡിവൈ.എസ്.പി. അവധിയിലാണ്. നെടുമങ്ങാട് ഡിവൈ.എസി.പി.ക്കാണ് ചുമതല. മലയിൻകീഴ് പോലീസിനുമാത്രം അന്വേഷണച്ചുമതല തുടർന്നാൽ പ്രമുഖരായ പ്രതികളടക്കം രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കീഴിൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമെ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ പൂർത്തികരിക്കാൻ കഴിയൂയെന്നാണ് പറയുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *