സേവ് കരിപ്പൂർ: മലബാർ ഡെവലപ്‌മെന്റ് ഫോറം സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പ്രതിഷേധമിരമ്പി

വിമാനത്താവള വികസനം തടസ്സപ്പെടുന്നത് കോഴിക്കോടിന്റെ പുരോഗതിയെ ബാധിക്കുമെന്ന് മേയർ ബീന ഫിലിപ്പ്
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം തടസ്സപ്പെടുന്നത് ജില്ലയുടെ പുരോഗതിയെ ബാധിക്കുമെന്ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സേവ് കരിപൂർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
കരയുടെ വികസനത്തിന് പരിമിതിയുണ്ട്. കടൽമാർഗവും ആകാശമാർഗവും ആശ്രയിക്കുമ്പോൾ വിമാനത്താവളത്തിന്റെ പുരോഗതി അനിവാര്യമാണ്. കരിപ്പൂർ പരിസരത്തേയ്ക്ക് റോഡെല്ലാം മനോഹരമാക്കിയപ്പോൾ ഹോട്ടലുകൾ പൂട്ടി കിടക്കുകയാണ്. കൂടുതൽ സർവീസുകൾ ഉണ്ടെങ്കിൽ മാത്രമേ പരിസരപ്രദേശങ്ങളിലും പുരോഗതി ഉണ്ടാകുകയുള്ളൂ. റൺവേ വികസനത്തിന്റെ പ്രശ്‌ന പരിഹാരത്തോടൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്ന അധികൃതരുടെ സമീപനം മെച്ചപ്പെടുത്താനും കൂടി ഇടപെടണമെന്ന് മേയർ പറഞ്ഞു.
കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച പരിപാടിയിൽ മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീർ അധ്യക്ഷത വഹിച്ചു.
സാമൂതിരി രാജ പ്രതിനിധി ടി ആർ രാമവർമ്മ, ഡോ.കെ മൊയ്തു, ഷെവലിയർ സി ഇ ചാക്കുണ്ണി, സി എൻ അബ്ദുൽ മജീദ്, റാഫി പി ദേവസി, എ പി അബ്ദുല്ല കുട്ടി, കെ.വി.ഇസ്ഹാഖ്, സാലിഹ് ബറാമി, നസീർ ഹസൻ, ഹാഷിം ഷിഹാബ് തങ്ങൾ, എം എ ഷഹനാസ്, ആദം ഓജി, ഡോ. മുഹമ്മദ് അലി, ജോയ് ജോസഫ്, എം സി ജോൺസൺ, ജനറൽ സെക്രട്ടറി ഖയിസ് അഹമ്മദ്, ആർ ജയന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കോർഡിനേറ്റർ സി.എൻ അബ്ദുൾ മജീദ് സ്വാഗതം പറഞ്ഞു. ട്രഷറർ സി എച്ച് നാസർ ഹസൻ നന്ദിയും പറഞ്ഞു.
മലബാർ ഡവലപ്പ്‌മെന്റ് കൗൺസിൽ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേർസ് ആന്റ് ഇൻഡസ്ട്രി, മലബാർ ഇന്റർ നാഷണൽ എയർപോർട്ട് കമ്മിറ്റി , കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ, ബിസിനസ് ക്ലബ്, കാലിക്കറ്റ് ബഹറിൻ പ്രവാസി അസോസിയേഷൻ, ഗുജറാത്തി സമാജം, എൻ ആർ ഐ കൊയിലാണ്ടി, ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു സത്യഗ്രഹസമരം.



റൺവെ ചുരുക്കില്ലെന്ന് അതോറിറ്റി ചെയർമാൻ; ചുരുക്കുമെന്ന് മന്ത്രി
കാലിക്കറ്റ് എയർപോർട്ടിന്റെ റിസ വർദ്ധിപ്പിക്കുമ്പോൾ റൺവെ കുറയുമെന്നും അതിനാൽ വലിയ വിമാനങ്ങൾ ഇറങ്ങാനായി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടില്ലെങ്കിൽ റൺവെ 2,540 മീറ്റർ ആയി ചുരുങ്ങുമെന്നും എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് ഉത്തരമായി സിവിൽ ഏവിയേഷൻ സഹമന്ത്രി റിട്ടയേർഡ് ജനറൽ ഡോ. വി.കെ. സിംഗ് ലോക് സഭയിൽ അറിയിച്ചു. സംസ്ഥാന സർക്കാറിനോട് 2022 – 2023 സാമ്പത്തിക വർഷം അവസാനിക്കുനതിന് മുമ്പ് സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ നടപടി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതായത് 2023 മാർച്ച് 31 നകം പ്രസ്തുത സ്ഥലം ഏറ്റെടുക്കൽ സാദ്ധ്യമാക്കിയില്ലെങ്കിൽ വലിയ വിമാനങ്ങൾ ഒരിക്കലും ഇവിടെ ഇറങ്ങില്ലെന്ന് അർത്ഥം.
നവമ്പർ 29 ന് ഇറങ്ങിയ വാർത്തകൾ പ്രകാരം റൺവെ വെട്ടിച്ചുരുക്കാതെ വികസനത്തിന് സാധ്യമായെതെല്ലാം ചെയ്യുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനിക്ക് ഉറപ്പ് ന്ൽകിയിരുന്നു.
ചുരുക്കത്തിൽ, ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ സ്ഥലം ഏറ്റെടുക്കാൻ സാധിച്ചില്ലെങ്കിൽ കരിപ്പൂരിന്റെ വികസനം ഏറെക്കുറെ അസാധ്യമാവും!