KERALA Main Banner TOP NEWS

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ; യാഗശാലയായി ക്ഷേത്രപരിസരം

ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തി പൊങ്കാല നിവേദ്യമർപ്പിച്ച ഭക്തജനങ്ങളാൽ ചക്കുളത്തുകാവ് ക്ഷേത്രവും പരിസരവും യാഗശാലയായി മാറി.


രാവിലെ മുതൽ ദേവീസ്തുതികളാൽ മുഖരിതമായിരുന്നു ചക്കുളത്തുകാവ് ക്ഷേത്രവും സമീപ പരിസരങ്ങളും. പൊങ്കാല ചടങ്ങുകൾക്ക് മുന്നോടിയായുള്ള വിളിച്ചു ചൊല്ലി പ്രാർത്ഥനയിൽ ഭക്തർ മനസർപ്പിച്ച് ദേവിയെ വിളിച്ചു. ചലച്ചിത്ര താരം ഗോകുൽ സുരേഷ് പൊങ്കാല ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശിമാരും മേൽശാന്തിമാരും ചേർന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. അനുഷ്ഠാനങ്ങളോടെ കാപ്പുകെട്ടി 50-ലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങൾ എഴുന്നളളിച്ച് ഓരോ മൺകലങ്ങളുടെയും അടുത്തെത്തി ദേവീ സാന്നിദ്ധ്യം അറിയിച്ചത്.


ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്ററോളം നീളത്തിൽ വരെ പൊങ്കാലയർപ്പിക്കാനെത്തിയവരുടെ നിര നീണ്ടു. ക്ഷേത്രത്തിൽ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം – തിരുവല്ല, വള്ളംകുളം – കറ്റോട്, ചെന്നിത്തല – പൊടിയാടി, വീയപുരം, പച്ച – എടത്വാ, മുട്ടാർ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലർപ്പണം നീണ്ടു. അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തർ ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ ഭക്തർ പൊങ്കാലയിടാനെത്തിയിരുന്നു.
ഭക്തരുടെ സൗകര്യർത്ഥം സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസ് നടത്തിയിരുന്നു. ഭക്തരെ സഹായിക്കാനായി വിവിധ ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തിച്ചിരുന്നു. എടത്വ ഇൻസ്പെക്ടർ കെ. എൽ. മഹേഷിന്റെ നേതൃത്വത്തിൽ എണ്ണൂറോളം പൊലീസുകാരും ആയിരത്തോളം ക്ഷേത്ര വൊളന്റിയർമാരും ഭക്തരുടെ സേവനത്തിനായുണ്ടായിരുന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലുക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെല്ലാം ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *