പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടത്?; പെൺകുട്ടികൾക്കു സമയ നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ ഹൈക്കോടതി

കൊച്ചി: ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരിൽ പെൺകുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം.
രാത്രി ഒൻപതരയ്ക്കു ശേഷം പെൺകുട്ടികൾക്കു മാത്രം പുറത്തിറങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെൺകുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു.

പ്രായപൂർത്തിയായ പൗരൻമാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചുകൂടെയെന്ന്, മെഡിക്കൽ കോളജ് വിഷയത്തിലെ ഹർജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾ ക്യാമ്ബസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്ബസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു.
മെഡിക്കൽ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവർത്തിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലൈബ്രറി അതുവരെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നായിരുന്നു വിദ്യാർഥിനികളുടെ നിലപാട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ സമയനിയന്ത്രണം ഇല്ല. തുടർന്ന് വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തു. ആൺ പെൺ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങൾ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിർദേശം. തുടർന്നാണ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്.