CRIME STORY Main Banner TOP NEWS

വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം തടവും പിഴയും, ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ജീവപര്യന്ത്യം തടവും പിഴയും കോടതി വിധിച്ചു. ജീവിതാവസാനം വരെ പ്രതികൾ ശിക്ഷ അനുഭവിക്കണം.
വിവിധ വകുപ്പുകൾ ചേർത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (എ) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികൾ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗൽ സർവീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നൽകേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടർ മോഹൻരാജ് പ്രതികരിച്ചു.

ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് ലാത്വിയൻ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റിൽ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാൽ കുറ്റബോധമില്ലെന്നും കുടുംബങ്ങൾ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ അറിയിച്ചു.

ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണ്. എന്നാൽ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

ജീവിക്കാൻ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയിൽ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു.

രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. 376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോൾ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. ഒരു മാസത്തിനുശേഷം വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളോട് കോടതി ചോദിച്ചിരുന്നു. ഞങ്ങൾക്ക് ജീവിക്കണമെന്ന് പറഞ്ഞ പ്രതികൾ കുറ്റബോധമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പറഞ്ഞു. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിദേശ വനിത കേരളത്തിൽ ആക്രമിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷേ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു ലാത്വിയൻ യുവതിയായ ലിഗ. പോത്തൻകോട് നിന്ന് 2018 മാർച്ച് 14 ന് ഇവരെ കാണാതായി. 35 ദിവസത്തിന് ശേഷം ജീർണിച്ച മൃതദേഹം കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയതിന് അന്വേഷണ സംഘത്തെ ഇന്ന് ഡിജിപി ആദരിക്കുന്നുണ്ട്.

കേസിൽ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.

കൊല്ലപ്പെട്ട സ്ത്രീ 2018 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്ത് വന്നത്. 2018 മാർച്ച് 14 നാണ് ഇവരെ കാണാതായത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം ഏപ്രിൽ 20 ന് മൃതദേഹം കിട്ടി. സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി നടത്തിയ നീണ്ട പോരാട്ടമാണ് ഫലം കണ്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *