KERALA Second Banner SPORTS TOP NEWS

42ാമത് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പ്:
ജോസ് മാവേലി സംസ്ഥാന ചാമ്പ്യൻ

തിരുവനന്തപുരം: ജോസ് മാവേലി വീണ്ടും സംസ്ഥാന ചാമ്പ്യൻ. ഞായറാഴ്ച തിരുവനപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ച് നടന്ന 42ാമത് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 70+ വിഭാഗത്തിലാണ് ജോസ് മാവേലി ചാമ്പ്യനായത്. 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കിയാണ് അദ്ദേഹം ചാമ്പ്യൻപട്ടം നേടിയത്. ഇതോടെ 2023 മാർച്ചിൽ ബാഗ്ളൂരിൽവച്ച് നടക്കുന്ന നാഷണൽ മീറ്റിൽ കേരളത്തിനുവേണ്ടി മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ്. വെറ്ററൻ അത്ലറ്റിക് ഫെഡറേഷനാണ് ചാമ്പൻഷിപ്പ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജോസ് മാവേലി


കഴിഞ്ഞ ജൂലൈയിൽ ഡൽഹിയിൽവച്ച് നടന്ന ഖേലോ മാസ്റ്റേഴ്സ് മീറ്റിൽ 70+ വിഭാഗത്തിൽ നാല് മെഡലുകൾ നേടി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യൻ പട്ടം നിലനിർത്തിയിരുന്നു.
2021 നവംബറിൽ മഹാരാഷ്ട്രയിലെ നാസിക്ക് മീനത്തായി താക്കറെ സ്റ്റേഡിയത്തിൽവച്ച് നടന്ന നാഷണൽ വെറ്ററൻസ് സ്പോട്സ് ആന്റ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമടക്കം 4 മെഡലുകൾ നേടി ദേശീയ ചാമ്പനായിരുന്നു.
2019-ൽ ഗോവയിൽവച്ചു നടന്ന യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടിയും 2011-ൽ ചണ്ഡീഗഢിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയും ഇതിനുമുമ്പു മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.
2004-ൽ തായ്ലന്റിൽവച്ച് നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവി നേടിയിട്ടുണ്ട്. 2006-ൽ ബംഗളുരുവിൽവച്ച് നടന്ന ഏഷ്യൻമീറ്റിൽ 100 മീറ്ററിൽ സിൽവറും 2010 ൽ മലേഷ്യയിൽവച്ച് നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലവും നേടി അന്തർദേശീയ തലത്തിലും ഭരതത്തിനഭിമാനമായിട്ടുണ്ട്.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996 ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ൽ കുട്ടികളിലെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്പോട്സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 2022 ലെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടംനേടി കേരളത്തിനഭിമാനമായി മാറിയ ബിബിൻ അജയൻ അടക്കം നിരവധി കുട്ടികൾ വിവിധ കായിക വിഭാഗങ്ങളിൽ ജില്ലാ- സംസ്ഥാന തലത്തിൽ മികവു പുലർത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *