കെ.കെ. രമ സ്പീക്കർ കസേരയിലിരുന്നാൽ പിണറായി എങ്ങനെ അഭിസംബോധന ചെയ്യും?

തിരുവനന്തപുരം: എന്തൊരു നല്ല നടക്കാത്ത സ്വപ്‌നമെന്ന് വിചാരിച്ച് ചിരിച്ച് തള്ളേണ്ട… ഈ നിയമസഭാ സമ്മേളനത്തിലെ സ്പീക്കർ പാനലിൽ കെ.കെ.രമയേയും ഉൾപ്പെടുത്തി. സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തിൽത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കാനുള്ള ചുമതല ഈ പാനലിലെ അംഗങ്ങൾക്കായിരിക്കും.

പാനൽ ചെയർമാൻ എന്നാണ് ഇത്തരത്തിൽ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത് സ്പീക്കർ എ എൻ ഷംസീറാണ്. സ്പീക്കറുടെ നിർദേശം അനുസരിച്ച് പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമ എന്നിവരുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തിൽ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികൾ നാമനിർദേശം ചെയ്തിരുന്നത്.
സീനിയോറിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കർ തെരഞ്ഞെടുത്തത്. അങ്ങനേയാണ് ഉമാ തോമസിനെ മാറ്റിനിറുത്തി കെ.കെ.രമയെ ഷംസീർ ഈ പാനലിൽ ഉൾപ്പെടുത്തിയത്.

സാധാരണഗതിയിൽ മൂന്ന് പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്. ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയിൽ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതൽ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ കേവലം 32 വനിതകൾക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.ആർഎംപി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.