SPORTS TOP NEWS

ഇംഗ്ലണ്ട് ക്വാർട്ടറിൽ, എതിരാളികൾ ഫ്രാൻസ്

ദോഹ: ഖത്തർ ഫിഫാ ഫുട്‌ബോൾ ലോകകപ്പിൽ സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ജോർദാൻ ഹെൻഡേഴ്‌സൺ, ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നിൽ പകച്ചുപോയ ആഫ്രിക്കൻ രാജാക്കൻമാർക്ക് ഇതോടെ ഖത്തറിൽ നിന്ന് കണ്ണീർ മടക്കമായി. ക്വാർട്ടറിൽ ഫ്രാൻസാണ് ഇംഗ്ലണ്ടിന് എതിരാളികൾ.


4-3-3 ശൈലിയിൽ ബുക്കായോ സാക്ക, ഹാരി കെയ്ൻ, ഫിൽ ഫോഡൻ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. ജോർദാൻ ഹെൻഡേഴ്‌സൺ, ഡെക്ലൈൻ റൈസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവർ മധ്യനിരയിലും കെയ്ൽ വോക്കർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയ്ർ, ലൂക്ക് ഷോ എന്നിവർ പ്രതിരോധത്തിലുമെത്തി. ജോർദൻ പിക്‌ഫോർഡായിരുന്നു ഗോളി. വെയ്ൽസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളടിച്ച മാർക്കസ് റാഷ്‌ഫോഡിൻറെ സ്ഥാനം പകരക്കാരുടെ നിരയിലായിരുന്നു. ഒപ്പം ജാക്ക് ഗ്രീലിഷും മേസൻ മൗണ്ടും ബഞ്ചിലുണ്ടായിരുന്നു.
മറുവശത്ത് അലിയോ സിസ്സെ സെനഗലിനെ 4-2-3-1 ഫോർമേഷനിൽ കളത്തിലിറക്കിയപ്പോൾ ബുലേ ദിയയായിരുന്നു സ്‌ട്രൈക്കർ. ഇസ്‌മൈല സാർ, ഇലിമാൻ ദ്യായെ, ക്രേപിൻ ദ്യാത്ത എന്നിവരായിരുന്നു തൊട്ടുപിന്നിൽ. നോപാലീസ് മെൻഡി, പാതേ സിസ്സ് എന്നിവർ മധ്യനിരയിലും പ്രതിരോധത്തിലുമായി സഹായിക്കാൻ പാകത്തിനെത്തി. ഇസ്മായിൽ ജോക്കബ്‌സ്, അബ്ദു ദിയാലു, കലീദു കുലിബാലി, യൂസുഫ് സബലി എന്നിവർ പ്രതിരോധക്കോട്ട കാക്കാനിറങ്ങിയപ്പോൾ എഡ്വർഡ് മെൻഡിയായിരുന്നു ഗോൾബാറിന് കാവൽക്കാരൻ.
ഇംഗ്ലണ്ടിൻറെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഇരു പാർശ്വത്തിൽ നിന്നുമുള്ള ക്രോസുകൾ ഗോൾ പോസ്റ്റിലേക്ക് തട്ടിയിടാൻ തുടക്കത്തിൽ ഇംഗ്ലീഷ് സ്‌ട്രൈക്കർമാർക്കായില്ല. കൗണ്ടർ അറ്റാക്കുകളിലായിരുന്നു സെനഗലിൻറെ ശ്രദ്ധ. 31-ാം മിനുറ്റിൽ അപകടം പിടിച്ചൊരു മുന്നേറ്റം പിക്‌ഫോർഡ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന് തുണയായി. 38-ാം മിനുറ്റിൽ വീണ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ഉണർന്ന് കളിക്കാൻ തുടങ്ങിയത്. അതുവരെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു. ബെല്ലിംഗ്ഹാമിൻറെ അസിസ്റ്റിൽ ജോർദാൻ ഹെൻഡേഴ്‌സനാണ് ഇംഗ്ലണ്ടിനായി ആദ്യം വല കുലുക്കിയത്. ഇഞ്ചുറിടൈമിൽ(45+3) ഫോഡൻറെ അസിസ്റ്റിൽ ഹാരി കെയ്ൻ ടീമിൻറെ ലീഡ് രണ്ടാക്കിയുയർത്തി.
രണ്ടാംപകുതിയും ഇംഗ്ലണ്ടിൻറെ സ്വന്തമായിരുന്നു. 57-ാം മിനുറ്റിൽ ഫോഡൻറെ നീക്കത്തിനൊടുവിൽ ബുക്കായോ സാക്കയുടെ ഫിനിഷിംഗിന് മുന്നിൽ മെൻഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് ഗോൾ വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സെനഗലിന് സ്വപ്‌നം കാണാൻ പോലും കഴിയുന്നതായിരുന്നില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *