മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി

30 വർഷം മുമ്പ് ഇതേ ദിവസമായിരുന്നു മോനിഷ യാത്രയായത്… മലയാളസിനിമയിലെ നൊമ്പരത്തിപ്പൂവായി മാറിയ പ്രിയ നടി അനശ്വരമാക്കിയ ഗാനരംഗങ്ങൾ ഓർത്തെടുക്കകയാണ് സതീഷ് വിശാഖപട്ടണം പാട്ടോർമ്മകളിലൂടെ….


മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി
മലബാറിന്റെ സാംസ്‌ക്കാരിക കളിത്തൊട്ടിലായ കോഴിക്കോട് നഗരത്തിലെ ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടി നടക്കുന്നു. പ്രശസ്ത സാഹിത്യകാരനായ എം .ടി. വാസുദേവൻ നായരായിരുന്നു ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചെന്നു മാത്രമല്ല എം.ടി. യുടെ ഭാര്യ കലാമണ്ഡലം സരസ്വതി അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായിക ഈ പെൺകുട്ടി ആയാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം കൂടി പറയുകയുണ്ടായി. അങ്ങനെയാണ് ഹരിഹരൻ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങൾ ‘ എന്ന ചിത്രത്തിലെ നായികയായി ‘മോനിഷ ‘ എന്ന പതിനഞ്ചുകാരി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്…….

‘നഖക്ഷതങ്ങൾ ‘ മലയാള ചലച്ചിത്ര വേദിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നു മാത്രമല്ല 1987-ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരം ഈ കൊച്ചു പെൺകുട്ടിക്ക് നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിലായി മോനിഷയുടെ സ്ഥാനം.
പക്ഷേ വിധിയുടെ കരാള ഹസ്തങ്ങൾ ആ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു…
1992 ഡിസംബർ 5ാം തീയതി ജി.എസ്. വിജയന്റെ ‘ചെപ്പടിവിദ്യ ‘എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ച മോനിഷയുടെ കാർ ചേർത്തലയിൽ വെച്ച് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് കേരളത്തിന്റെ പൊന്നോമനയായി മാറിയ ഈ കൊച്ചു കലാകാരി മരണത്തിന്റെ ഗുഹാമുഖങ്ങളിൽ ഞെരിഞ്ഞമർന്നു..
നഖക്ഷതങ്ങൾ മോനിഷയ്ക്കു മാത്രമല്ല കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയ്ക്കും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു… ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…’എന്ന മനോഹര ഗാനത്തിന്റെ മാസ്മരികത മോനിഷയുടെ മുഖശ്രീയിലൂടെ അഭ്രപാളികളിൽ മിന്നിമറഞ്ഞപ്പോൾ അത് കേരളക്കരയെ മുഴുവൻ കൃഷ്ണ ഭക്തിയിലാറാടിപ്പിക്കുകയുണ്ടായി … മലയാളികൾക്ക് മറക്കാനാവാത്ത ബോംബെ രവി സംഗീതം കൊടുത്ത ഈ ചിത്രത്തിലെ ‘നീരാടുവാൻ നിളയിൽ നീരാടുവാൻ … എന്ന ഗാനത്തിലും മോനിഷ പ്രത്യക്ഷപ്പെടുന്നുണ്ട്..


മോഹൻലാൽ നായകനായി അഭിനയിച്ച കമലദളത്തിലെ
‘ആനന്ദനടനം ആടിനാൻ ………
‘ പ്രേമോദാരനായി അണയൂ നാഥാ ….
ഋതുഭേദത്തിലെ
‘ഋതു സംക്രമ പക്ഷി പാടി ….’ എന്നീ ഗാനങ്ങളൊക്കെ ഇടക്കിടെ ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ മലയാള സിനിമയുടെ
നൊമ്പരത്തിപ്പൂവായി മാറിയ മോനിഷയുടെ ഗ്രാമീണ നൈർമ്മല്യം നിറഞ്ഞ മുഖം ഹൃദയ വേദനയോടെയാണെങ്കിലും കേരളം ഓർക്കാതിരിക്കില്ല.

ഇന്ന് ഡിസംബർ 5 …
വിധിയുടെ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഒരു യഥാർത്ഥ കലാകാരിയായിരുന്ന മോനിഷയുടെ ഓർമ്മദിനം … പ്രണാമം…..
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )


