KERALA Second Banner TOP NEWS

മുസ്ലീം സംഘടനകൾ കണ്ണുരുട്ടി; കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു; ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസർമാർക്ക് നിർദേശം

തിരുവനന്തപുരം: പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു. പ്രതിജ്ഞക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസർമാർക്ക് സർക്കാർ നിർദേശം നൽകി.


കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പബയിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന പരിപാടികളിൽ ലിംഗസമത്വ പ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം. പ്രതിജ്ഞയ്ക്ക് എതിരെ കഴിഞ്ഞദിവസം സുന്നി നേതാവ് നാസർ ഫൈസി കൂടാത്തായി രംഗത്തുവന്നിരുന്നു. ഖുർ ആൻ വിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്ന് ഫൈസി ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് നാസർ ഫൈസി കൂടത്തായി.


‘ഖുർആൻ പറയുന്നത്: ‘ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്'(അന്നിസാഅ്: 11) സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭർത്താവിന്റെയും മകന്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്. എന്നാൽ പിതാവിന്റെ സ്വത്തിൽ അവർക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ല.സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്.


ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായിമതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യു’- നാസർ ഫൈസി കുറിപ്പിൽ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *