നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമൻ ഏറെ ശ്രദ്ധേയനായത്. ഇരുന്നൂറിലധികം ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങളിൽ അഭിനയിച്ചു. രാജസേനൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമൻ. ദില്ലിവാല രാജകുമാരൻ, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാമോഹിനി, കല്യാണരാമൻ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.


