KOZHIKODE

അവശനിലയിലായ നായക്ക് രക്ഷകനായി നഗരസഭ ചെയർമാൻ

മുക്കം: അവശനിലയിൽ തെരുവിൽ ഉപേക്ഷിച്ച പട്ടിക്കുഞ്ഞിന് രക്ഷകനായി മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു. മുക്കം – മാമ്പറ്റ ബൈപ്പാസിൽ അവശനിലയിൽ അജ്ഞാതർ ഉപേക്ഷിച്ച പട്ടിക്കുഞ്ഞിനെയാണ് നഗരസഭാ ചെയർമാൻ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കഴുത്തിൽ കയർ കുടുങ്ങി രക്തം വാർന്ന് അവശനിലയിൽ റോഡരികിൽ കിടക്കുന്ന പട്ടിക്കുഞ്ഞിനെ നാട്ടുകാരാണ് ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാർ, തൊട്ടടുത്ത താമസക്കാരനായ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബുവിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ചെയർമാൻ
ഉടനെ സ്ഥലത്തെത്തുകയും ചെയ്തു പട്ടിക്കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങിക്കിടക്കുന്ന കയർ നാട്ടുകാരുടെ സഹായത്തോടെ അറുത്തു മാറ്റുകയും ചെയ്തു. തുടർന്ന്, നഗരസഭയിൽ നിന്നും വാഹനമെത്തിച്ച് പട്ടിക്കുഞ്ഞിനെ മുക്കം മൃഗാശുപത്രിയിൽ
എത്തിക്കുകയുമായിരുന്നു. ഡേക്ടർ നടത്തിയ പരിശോധനയിൽ പട്ടിക്കുഞ്ഞിന് മറ്റു ജീവികളുടെ കടിയേറ്റ് ഗുരുതര പരിക്ക് കണ്ടെത്തുകയും മുറിവുകൾ ശുചീകരിച്ച് മരുന്നുവെച്ച് ചികിത്സ നൽകുകയും ചെയ്തു. പട്ടിക്കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ ആളുകൾ ഉണ്ടെങ്കിൽ അവരെ ഏൽപ്പിക്കുകയും അല്ലാത്തപക്ഷം അനിമൽ റെസ്‌ക്യൂ ടീമിന് പട്ടിക്കുഞ്ഞിനെ കൈമാറുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
ലൈസൻസ് എടുത്തും പ്രതിരോധ നടപടികൾ സ്വീകരിച്ചും നായകളെ വീടുകളിൽ വളർത്തിയാൽ തെരുവുനായ ശല്യം കുറയുമെന്നും
വീടുകളിൽ വളർത്തുന്ന നായകളെ അസുഖമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *