കാണികൾക്ക് പുതുമയുടെ കൗതുകമായ് വീണ്ടും കമണ്ഡലുമരം കായ്ച്ചു

ദീപേഷ്, മൂവാറ്റുപുഴ
മൂവാറ്റുപുഴ : കാണികളിൽ പുതുമയുടെ കൗതുക കാഴ്ചയായി കൂത്താട്ടുകുളം വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ കമണ്ഡലു മരം വീണ്ടും കായ്ച്ചു.
സ്‌കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ ഔഷധസസ്യ ഉദ്യാനത്തിലാണ് കമണ്ഡലു മരം വീണ്ടും ഫലമേകിയത്.

2017 ലാണ് ഈ സ്‌കൂളിലെ സസ്യ ഉദ്യാനത്തിൽ ആദ്യം കമണ്ഡലു മരം നട്ടത്.
2020ൽ ആദ്യമായി ഫലം തന്നെങ്കിലും പിന്നീട് രണ്ടു വർഷ ഇടവേളകൾക്കുശേഷമാണ് വീണ്ടും കായ്ച്ചതെന്നത് ഒരു പ്രത്യേകത തന്നെ ആണ്.
മൂപ്പെത്തി പാകമായ കമണ്ഡലുകായ്കളുടെ പുറംതോടിന് നല്ല ബലവും കട്ടിയുള്ളതിനാൽ നിലത്തുവീണാൽ പോലും ഇവ പൊട്ടില്ല. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനാണ് കമണ്ഡലുകായ്കൾ സാധാരണഗതിയിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.
പുരാതനകാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതാണ് കമണ്ഡലുകായ്‌കൊണ്ടുള്ള പാത്രങ്ങൾ. ഋഷിമാർ ഉപയോഗിച്ചിരുന്ന കമണ്ഡലു എന്ന പാത്രം ഈ കായ്?കളുടെ തന്നെ പുറംതോട് ഉപയോഗിച്ചുള്ളതായിരുന്നു വെന്നത് എടുത്തുപറയേണ്ടതാണ്. സന്യാസിമാർ ഉൾപ്പെടെയുള്ളവർ പഴയ കാലത്ത് ഭിക്ഷ സ്വീകരിക്കാനായി കമണ്ഡലു പാത്രം ഉപയോഗിച്ചിരുന്നു. കട്ടിയുള്ള പുറംതോടുള്ള കമണ്ഡലു കായ്കളുടെ അകക്കാമ്പ് നീക്കം ചെയ്തശേഷം വശങ്ങളിൽ തുളച്ച് വള്ളിയിട്ടാണ് ഇവർ കൊണ്ടു നടന്നിരുന്നത്.
കമണ്ഡലുവിൽ നിറച്ച വെള്ളത്തിന് പ്രത്യേക ഔഷധ ഗുണമുള്ളതിനാൽ ഇത് കുടിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പ് താനേ കുറയുമെന്നും പറയപ്പെടുന്നുണ്ട്. ആയുർ വേദത്തിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ഒരു ഔഷധം തന്നെയാണ് കമണ്ഡലു. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കമണ്ഡലു കായ്കളുടെ അകക്കാമ്പ് പുറത്തെടുത്ത് ആളുകൾ വെള്ളത്തിലിട്ട് ഇപ്പോഴും തിളപ്പിച്ചുകുടിക്കുന്ന ശീലമുണ്ട്.
25 മുതൽ 40 അടിവരെ ഉയരത്തിൽ കമണ്ഡലുമരത്തിന് വളർച്ച ഉണ്ട്. കേരളത്തിൽ പലരും കൗതുകത്തിനായി ഈ മരം നട്ടുപരിപാലിക്കുന്നുണ്ട്.
സ്‌കൂൾ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നര ഏക്കറോളം സ്ഥലത്ത് 100 കണക്കിന് ഔഷധ ഫല സസ്യങ്ങളോടൊപ്പമാണ് കമണ്ഡലുവും വളർന്നു നിൽക്കുന്നത്. അധ്യാപകരായ വി.എൻ ഗോപകുമാർ, ബിജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ 35 ഓളം വിദ്യാർത്ഥികളും കൂടി ചേർന്നാണ് പരിസ്ഥിതി ക്ലബ്ബിന്റെ ചുമതലകൾ വഹിക്കുന്നത്.
