KERALA TOP NEWS

മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ ഭക്ഷണത്തിനും താമസത്തിനും ചെലവാക്കിയത് 43. 14 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശനത്തിനായി ചെലവാക്കിയത് 43.14 ലക്ഷം. ലണ്ടനിലെ നഗരയാത്രകൾക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമുൾപ്പെടെയാണ് ഈ തുക ചെലവാക്കിയതെന്നാണ് വിവരാവകാശം വഴി ലഭിച്ച രേഖയിൽ പറയുന്നത്. ലണ്ടൻ ഹൈക്കമ്മീഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി എസ് ധനരാജൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ രണ്ട് മുതൽ പന്ത്രണ്ട് വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്. വിമാനയാത്ര ഒഴികെയാണ് 43.14 ലക്ഷം ചെലവായത്. ഹോട്ടൽ താമസത്തിനായി 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ തുക ചെലവാക്കിയത്. പിന്നീട് സംസ്ഥാന സർക്കാരിൽ നിന്ന് ഈ തുക ലണ്ടൻ ഹൈക്കമ്മീഷൻ കൈപ്പറ്റി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, വീണാ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി, ഓപീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമൻ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ വി എം സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്.

വിദേശ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കുന്നതിനും സംസ്ഥാനത്തിന് ഉപകാരപ്രദമായ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനും മറ്റുമായി മന്ത്രിമാരുടെ സംഘത്തോടൊപ്പം വിദേശത്തേയ്ക്ക് പോയ മുഖ്യമന്ത്രി കുടുംബത്തെ ഒപ്പം കൂട്ടിയത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്തുനേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം കേന്ദ്രസർക്കാരിനെ മുൻകൂട്ടി അറിയിച്ചില്ലെന്നും ജനങ്ങൾ പ്രാണഭയത്തിൽ നിൽക്കുമ്‌ബോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിമാരുടെ വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണെന്നും അല്ലാതെ ഉല്ലാസത്തിന് വേണ്ടിയല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ന്യായീകരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *